|    Jan 22 Sun, 2017 5:05 am
FLASH NEWS

മഡ്ക്ക ചൂതാട്ടം: ലോട്ടറി റഗുലേഷന്‍ ആക്ട് പ്രകാരം കേസ്

Published : 25th August 2016 | Posted By: SMR

കാസര്‍കോട്: മഡ്ക്ക ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലിസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇനി മഡ്ക്ക ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നവരെ പിടികുടിയാല്‍ കേരള ലോട്ടറി റഗുലേഷന്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, മുള്ളേരിയ, ബദിയടുക്ക, പെര്‍ള, ബോവിക്കാനം, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട് ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര്‍ ലോട്ടറിക്ക് സമാനമായ രൂപത്തില്‍ മഡ്ക്ക എന്ന ചൂതാട്ടം നടക്കുന്നത്.
നൂറിന് താഴെയുള്ള നമ്പറില്‍ പണം നിക്ഷേപിക്കുകയാണ് പതിവ്. പത്ത് രൂപയ്ക്ക് 700 രൂപവരെ മഡ്ക്ക അടിക്കും. അതുകൊണ്ട് തന്നെ കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ നിരവധി ആളുകള്‍ മഡ്ക്ക കളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. നേരത്തെ മഡ്ക്ക കേന്ദ്രങ്ങളില്‍ പോലിസ് റെയ്ഡ് നടത്തിയാല്‍ പണം പിടിച്ചെടുത്ത് പിടികൂടിയവരെ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയായിരുന്നു പതിവ്. ഇനി മുതല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
സൗത്ത് കനറ ജില്ലയിലെ മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിലും മഡ്ക്ക എന്ന ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ട്. നിത്യേന മൂന്ന് കളികളാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. 00 മുതല്‍ 99 വരെയുള്ള ഏതെങ്കിലും നമ്പറിന് പണം നിക്ഷേപിച്ചാല്‍ നറുക്കെടുപ്പില്‍ വന്നാല്‍ ഇവര്‍ക്ക് പത്ത് രൂപയ്ക്ക് 700 രൂപ ലഭിക്കും. ഒരേ നമ്പറില്‍ ഒന്നില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലും ഇവര്‍ക്കും 700 രൂപ ലഭിക്കും. കാസര്‍കോട്ടെ ചില ലോട്ടറി സ്റ്റാളുകളും പെട്ടിക്കടകളും കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര്‍ ചൂതാട്ടം നടക്കുന്നത്.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നേരിട്ടാണ് കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളില്‍ ചൂതാട്ടം നടത്തുന്നത്. അജ്ഞാത കേന്ദ്രത്തില്‍ വച്ചാണ് ഇതിന്റെ നറുക്കെടുപ്പ്. നറുക്കെടുപ്പ് നടന്നയുടന്‍ ഫോണിലൂടെ നമ്പര്‍ നല്‍കുകയാണ് പതിവ്. ഇതിനുസരിച്ച് മഡ്ക്ക അടിച്ചവര്‍ പെട്ടിക്കടകളിലും ലോട്ടറി കടകളിലും എത്തി പണം സ്വീകരിക്കുന്നു.  ചില പോലിസ് ഉദ്യോഗസ്ഥരും ഈ സംഘത്തിന് ഒത്താശചെയ്യുന്നതായി നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.
കാസര്‍കോട് നഗരത്തില്‍ ബദല്‍ റിസര്‍വ് ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് ഇതിന്റെ മുഖ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട്, കുമ്പള എന്നിവിടങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ലോട്ടറി റഗുലേഷന്‍ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും അടുക്കത്ത്ബയല്‍ ഗുഡെടെമ്പിള്‍ റോഡിലെ കെ ആര്‍ ഗണേഷ് (43), ബദിയടുക്ക കടുപ്പംകുഴിയിലെ കെ മുഹമ്മദ് കുഞ്ഞി (35), കുഞ്ചത്തുരിലെ അരുണ്‍ (34), മൊഗ്രാല്‍പുത്തുര്‍ പഞ്ചത്ത് കുന്നിലെ മുഹമ്മദ് നവാസ് (29), ബീരന്ത് ബയലിലെ വസന്ത (35), അശ്വനി നഗറിലെ ജീവന്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്നും 22,820 രുപയും മുന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
കുമ്പളയില്‍ നിന്നും കോയിപ്പാടി കടപ്പുറത്തെ നാരായണന്‍ (38), നായിക്കാപ്പിലെ ജഗന്നാഥ (35), ജയകിരണ്‍ (39), കോയിപ്പാടി കടപ്പുറത്തെ ശ്രീധരന്‍ (39), കുമ്പളയിലെ ജഗന്നാഥന്‍ (35) എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക