|    Oct 17 Wed, 2018 8:11 pm
FLASH NEWS

മട്ടാഞ്ചേരി രക്തസാക്ഷിത്വ ദിനാചരണം : പോര്‍വിളികളുമായി സിപിഐ-സിപിഎം റാലി;പരസ്പര വിമര്‍ശനവുമായി പാര്‍ട്ടി നേതാക്കള്‍

Published : 16th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: മട്ടാഞ്ചേരി വെടിവയ്പ്പുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വ ദിനാചരണ റാലിയും സമ്മേളനവും സിപിഐയും സിപിഎമ്മും തമ്മിലുള്ള പോര്‍വിളിയായി. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് ഇരു പാര്‍ട്ടികളും പ്രകടനം നടത്തി ഒരേ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.പുതിയ റോഡില്‍ നിന്നാരംഭിച്ച സിപിഎം പ്രകടനം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ഗവഞ്ചകരായ ചില പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കിയപ്പോള്‍ അത്തരം തുരപ്പന്‍ പണി കാണിച്ചവരെ പുണര്‍ന്ന സിപിഐയുടെ നിലപാടിനോട് സിപിഎമ്മിന് യോജിക്കാനാവില്ല. മുപ്പത് ആളുകളെ കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാന്‍ നോക്കണ്ടന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. എം എന്‍ താച്ചോ, സാന്റോ ഗോപാലന്‍, ടി എം മുഹമ്മദ് തുടങ്ങിയ സിപിഎം നേതാക്കളാണ് സമരത്തില്‍ പങ്കെടുത്തത്.അതേസമയം സിപിഐ നടത്തിയ   സമ്മേളനത്തില്‍ സിപിഎമ്മിനെ കടുത്ത ഭാഷയിലാണ് വിമശിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ഇടതുപക്ഷ മുന്നണി യോഗത്തില്‍ സിപിഐ പ്രതിനിധിയെ തള്ളിക്കളഞ്ഞ് തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തത് സി പിഎമ്മാണ്. സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞു പോവുന്നവരെ വര്‍ഗീയ പാര്‍ട്ടികളിലേക്ക് വിടാതെ ഇടതുപക്ഷത്തില്‍ അവരെ ഉറപ്പിച്ച് നിര്‍ത്തുന്നത് സി പിഐയാണ്. അതില്‍ സിപിഎമ്മിന് അസഹിഷ്ണുത തോന്നേണ്ട കാര്യമില്ലെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ടി കെ ഷബീബ് പറഞ്ഞു.         ചരിത്രത്തിലാദ്യമായി സിപിഐയും  സിപിഎമ്മും വെവ്വേറെ റാലിയാണ് ഇത്തവണ സംഘടിപ്പിച്ചത്. മട്ടാഞ്ചേരി പുതിയ റോഡില്‍ നിന്നാരംഭിച്ച സിപിഐയുടെ റാലി ടി കെ എ ഷബീബ്, എം ഉമ്മര്‍, സക്കറിയ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയപ്പോള്‍ ഈരവേലിയില്‍ നിന്നാരംഭിച്ച സിപിഎമ്മിന്റെ റാലി എംഎല്‍എമാരായ കെ ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എം റിയാദ്, ബി ഹംസ നേതൃത്വം നല്‍കി. വൈകീട്ട് സിപിഐ ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷമായ മുദ്രാവാക്യം വിളികളുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിലും സിപിഎമ്മിനെ രൂക്ഷമായ ഭാഷയിലാണ് സിപിഐ വിമര്‍ശിച്ചത്. സിപിഐക്ക് ആദര്‍ശമാണ് വലുതെന്നും സ്ഥാനമാനമല്ലന്നും മണ്ഡലം സെക്രട്ടറി ടി കെ ഷബീബ് തുറന്നടിച്ചു. ഞങ്ങളുടെ വ്യക്തിത്വം അടിയറവ് വച്ചിട്ടുള്ള ഇടത് ഐക്യം വേണ്ട. സിപിഎം വിട്ടവര്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നാണോ സിപിഎം പറയുന്നതെന്നും ടി കെ ഷബീബ് പറഞ്ഞു. പൊതുസമ്മേളനം ദേശീയ സമിതിയംഗം സി എന്‍ ചന്ദ്രന്‍ ഉദ്്ഘാടനം ചെയ്തു. സക്കറിയ ഫര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. കെ എന്‍ ഗോപി, ടി സി സന്‍ജിത്ത്, കെ കെ ഭാസ്‌ക്കരന്‍, എം ഉമ്മര്‍, എം ഡി ആന്റണി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss