|    Aug 18 Fri, 2017 4:54 am
FLASH NEWS

മട്ടന്നൂര്‍ വിധിയെഴുതി; സമാധാനപരം

Published : 9th August 2017 | Posted By: fsq

 

മട്ടന്നൂര്‍: അത്യന്തം വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കൊടുവില്‍ മട്ടന്നൂര്‍ ജനത വിധിയെഴുതി. ജില്ലയിലെ മറ്റു തദ്ദേശ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടര്‍മാരുടെ ക്യൂ നീണ്ടതോടെ പലയിടത്തും വൈകീട്ട് ആറുവരെ പോളിങ് നീണ്ടു. അന്തിമ കണക്ക് ലഭിച്ചപ്പോള്‍ കനത്ത പോളിങാണു രേഖപ്പെടുത്തിയത്-82.91 ശതമാനം. നഗരസഭാ രൂപീകരണ ശേഷം അഞ്ചാമതു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 36330 വോട്ടര്‍മാരില്‍ 30122 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ അയ്യല്ലൂര്‍ സ്‌കൂളിലും ചലച്ചിത്ര സംവിധായകന്‍ സലീം അഹമ്മദ് പാലോട്ടുപള്ളി എല്‍പി സ്‌കൂളിലും കാസര്‍കോട് കേന്ദ്ര സര്‍കലാശാല അസി. പ്രഫസര്‍ ഡോ. ശ്യാം പ്രസാദ് പഴശ്ശി സ്‌കൂളിലും വോട്ട് ചെയ്തു. മല്‍സരരംഗത്തുള്ള 11 കൗണ്‍സിലര്‍മാര്‍, മറ്റു കൗണ്‍സിലര്‍മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവരും രാവിലെതന്നെ വോട്ടു രേഖപ്പെടുത്തി. മണ്ണൂര്‍, കല്ലൂര്‍, കളറോഡ്, ബേരം, കായല്ലൂര്‍, പരിയാരം, അയ്യല്ലൂര്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, നെല്ലൂന്നി, ടൗണ്‍, പാലോട്ടുപള്ളി, മിനി നഗര്‍, ഉത്തിയൂര്‍, മരുതായി എന്നിങ്ങനെ 18 സ്ത്രീ സംവരണവാര്‍ഡുകളിലും പട്ടികജാതി സംവരണ വാര്‍ഡായ ഏളന്നൂരും ഉള്‍പ്പെടെ നഗരസഭയിലെ 35 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ മന്ദഗതിയിലായ പോളിങ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ശക്തിപ്രാപിച്ചു. കാലാവസ്ഥ കൂടി കനിഞ്ഞതോടെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ തന്നെ പ്രത്യക്ഷപ്പെട്ടു. കടുത്ത മല്‍സരം നടന്ന വാര്‍ഡുകളിലും സിപിഎം ശക്തികേന്ദ്രങ്ങളിലും പോളിങ് ശതമാനം ഏറെക്കുറെ കൂടുതലാണ്. ആകെയുള്ള 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. എല്‍ഡിഎഫ്-35, യുഡിഎഫ്-35, ബിജെപി 32, എസ്ഡിപിഐ-8 ജനപക്ഷം-1 കക്ഷിരഹിത-1 എന്നിങ്ങനെയാണ് കക്ഷിതിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം. മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം സജ്ജീകരിച്ചതിനു പുറമെ ബൂത്തുകള്‍ക്ക് വെളിയില്‍ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തിയിരുന്നു. 32 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ നാളെ രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. അന്തിമഫലം ഉച്ചയോടെ അറിയാനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക