|    Sep 23 Sat, 2017 5:52 am
FLASH NEWS

മട്ടന്നൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്

Published : 7th August 2017 | Posted By: fsq

 

മട്ടന്നൂര്‍: മൂന്നാഴ്ചയോളം നടന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ മട്ടന്നൂര്‍ നഗസഭയിലെ വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. 35 വാര്‍ഡുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ അമ്പതിനായിരത്തോളം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിങ്. നിലവില്‍ എല്‍ഡിഎഫാണ് മട്ടന്നൂര്‍ നഗരസഭയുടെ ഭരണം കൈയാളുന്നത്. സപ്തംബര്‍ 10 വരെയാണ് ഭരണസമിതിയുടെ കാലാവധി. ഇത്തവണ ഒരു വാര്‍ഡ് വര്‍ധിച്ച് 35 ആയിട്ടുണ്ട്. 18 സീറ്റുകള്‍ വനിതാ സംവരണവും ഒന്ന് പട്ടികജാതി സംവരണവുമാണ്. നഗരസഭാ അധ്യക്ഷസ്ഥാനവും ഇക്കുറി വനിതാ സംവരണം തന്നെ. 112 സ്ഥാനാര്‍ഥികളാണ് നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. എല്‍ഡിഎഫ്-35, യുഡിഎഫ്-35, ബിജെപി-32, എസ്ഡിപിഐ-8, ജനപക്ഷം-1, കക്ഷിരഹിത-1 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫില്‍ സിപിഎം-28, സിപിഐ, സിഎംപി, എന്‍സിപി, ഐഎന്‍എല്‍, ജനതാദള്‍ (എസ്) ഒന്നുവീതവും ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥികളായി രണ്ടു പേരുമാണുള്ളത്. മട്ടന്നൂര്‍ ടൗണ്‍, ആണിക്കരി വാര്‍ഡുകളിലാണ് സ്വതന്ത്രസ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. സിപിഐ കരേറ്റയിലും സിഎംപി പൊറോറയിലും ഐഎന്‍എല്‍ നാലാങ്കേരിയിലും എന്‍സിപി മട്ടന്നൂരിലും ജനതാദള്‍ എസ് മരുതായിയിലും മല്‍സരിക്കുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസ്-25, മുസ്‌ലിം ലീഗ്-8, ആര്‍എസ്പി-1, ജെഡിയു-1 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. കളറോഡ്, പാലോട്ടുപള്ളി, നാലാങ്കേരി, ആണിക്കരി, മുണ്ടയോട്, പഴശ്ശി, മിനിനഗര്‍, ബേരം എന്നിവിടങ്ങളില്‍ ലീഗും ഉരുവച്ചാലില്‍ ജെഡിയുവും മലയ്ക്കുതാഴെയില്‍ ആര്‍എസ്പിയും മല്‍സരിക്കുന്നു. എസ്ഡിപിഐ കോളാരി, നാലാങ്കേരി, മുണ്ടയോട്, പാലോട്ടുപള്ളി, പെരിഞ്ചേരി, മട്ടന്നൂര്‍, കീച്ചേരി, പഴശ്ശി എന്നിവിടങ്ങളില്‍ ജനവിധി തേടും. പഴശ്ശി, പാലോട്ടുപള്ളി, ബേരം എന്നിവ ഒഴികെ മറ്റെല്ലാ വാര്‍ഡിലും ബിജെപി മല്‍സരിക്കുന്നു. പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥി മട്ടന്നൂര്‍ വാര്‍ഡില്‍ രംഗത്തിറങ്ങും. ഒന്നാം വാര്‍ഡായ മണ്ണൂരിലാണ് കക്ഷിരഹിത സ്ഥാനാര്‍ഥിയുള്ളത്. യുഡിഎഫില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച സിഎംപിക്ക് ഇത്തവണ സീറ്റ് നല്‍കാത്തതിനാല്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. മുന്നണി ബന്ധമില്ലാത്ത സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ആരുമില്ല. 35 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താ ന്‍ എല്ലായിടത്തും വെബ്കാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 10നു രാവിലെ എട്ടിന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രണ്ടുമണിക്കൂറിനകം മുഴുവന്‍ ഫലവും അറിയാനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക