|    Aug 21 Mon, 2017 9:31 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന് ലൈവ് വെബ്കാസ്റ്റിങ്

Published : 2nd August 2017 | Posted By: fsq

 

മട്ടന്നൂര്‍: നഗരസഭയിലേയ്ക്ക് 8ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു പോളിങ് ദിവസം നഗരസഭയിലെ 35 ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലൈവ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള മോക് പോള്‍ മുതല്‍ വോട്ടെടുപ്പ് അവസാനിച്ച് ഇവിഎം സീല്‍ ചെയ്യുന്നതുവരെയുള്ള വിവരങ്ങളാവും വെബ്കാസ്റ്റിങിലൂടെ ലഭിക്കുക. വോട്ടറെ തിരിച്ചറിയാനുള്ള പരിശോധന, മഷി പുരട്ടല്‍, പോളിങ് ഏജന്റുമാരുടെ പ്രവര്‍ത്തനം, ബൂത്തിനുള്ളില്‍ നടക്കുന്ന മറ്റ് സംഭവങ്ങള്‍ എന്നിവയാകും കാമറ പകര്‍ത്തുക. വോട്ടിങിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കില്ല. കൂടാതെ 35 ബൂത്തുകളിലും വീഡിയോ കവറേജ് നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളിലെ വോട്ടര്‍മാരുടെ നിര, സുരക്ഷ ജീവനക്കാരുടെയും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍, പരിസരത്തെ മറ്റ് സംഭവങ്ങള്‍ എന്നിവയാവും വീഡിയോ റെക്കോര്‍ഡ് ചെയ്യക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കുറ്റവും അഴിമതിയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145 മുതല്‍ 155 വരെയും 159, 161, 162 എന്നി വകുപ്പുകള്‍ പ്രകാരവും ആരെങ്കിലും തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പോലിസ് അധികാരികളെ അറിയിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണെന്നും നിര്‍ദേശിച്ചു. അതിനിടെ, തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായ പി ബാലകിരണിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വരണാധികാരികള്‍, പോലിസ്, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് വൈകീട്ട് 5നു മട്ടന്നൂര്‍ നമരസഭാ ഹാളില്‍ ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക