|    Jul 24 Mon, 2017 10:22 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി ചര്‍ച്ച സജീവം

Published : 14th July 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ മുന്നണികള്‍ ആരംഭിച്ചിരുന്നു. സിപിഎം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ യോഗവും ചേര്‍ന്നതിനുശേഷമായിരിക്കും എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ത്ത് സീറ്റുകള്‍ ചര്‍ച്ച ചെയ്യുക. യുഡിഎഫിലും ചര്‍ച്ച നടന്നുവരികയാണ്. ഇതിനുപുറമെ ബിജെപിയും എസ്ഡിപിഐയും മല്‍സര രംഗത്തുണ്ടാവും. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ 35 വാര്‍ഡുകളിലാണ്് തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 34 വാര്‍ഡുകളില്‍ 20 എല്‍ഡിഎഫിനും 14 യുഡിഎഫിനുമാണ് ലഭിച്ചത്. യുഡിഎഫിനോടൊപ്പമുണ്ടായിരുന്ന സിഎംപി അരവിന്ദാക്ഷ വിഭാഗം സിഎംപി എല്‍ഡിഎഫിലേക്ക് വന്നതോടെ സീറ്റ് 21 ആയി. ആഗസ്ത് എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക 14 മുതലാണ് സ്വീകരിക്കുക. ഇതിനു മുന്നോടിയായി സീറ്റ് ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതിനാണ് യോഗങ്ങള്‍ ആരംഭിച്ചത്. നഗരസഭയിലെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം ജനമുന്നേറ്റ യാത്ര നടത്തിയിരുന്നു. ഇതിനിടെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രചാരണ ജാഥ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജാഥ ഒഴിവാക്കുകയായിരുന്നു. ഏറെ വാശിയേറിയ നഗരസഭാ തിരഞ്ഞെടുപ്പിന് ഇരു മുന്നണികളിലേയും സംസ്ഥാന, ജില്ലാ നേതാക്കളായിരിക്കും ചുക്കാന്‍ പിടിക്കുക. എല്‍ഡിഎഫിനു വേണ്ടി മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരും പ്രചാരണത്തിന് മട്ടന്നൂരിലെത്തും. യുഡിഎഫിലും പ്രമുഖരെത്തും. 21 ഓടെയാണ് മല്‍സര രംഗത്തുള്ളവരുടെ ചിത്രങ്ങള്‍ വ്യക്തമാവുകയുള്ളൂ. എല്‍ഡിഎഫിന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നത് പുതുമുഖങ്ങളായിരിക്കും. വരുംദിവസങ്ങളില്‍ മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും. കേരളം ഒന്നാകെ ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാവും മട്ടന്നൂരിലേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക