|    Aug 22 Tue, 2017 12:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഇന്ന്

Published : 8th August 2017 | Posted By: fsq

 

മട്ടന്നൂര്‍: സംസ്ഥാനത്തുതന്നെ രാഷ്ട്രീയശ്രദ്ധാകേന്ദ്രമായ മട്ടന്നൂര്‍ നഗരസഭയില്‍ ഇന്നു തിരഞ്ഞെടുപ്പ്. ആകെയുള്ള 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. അമ്പതിനായിരത്തോളം വോട്ടര്‍മാര്‍ ഇലക്ട്രോണിക് യന്ത്രത്തിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കും. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ബൂത്തുകള്‍ക്ക് വെളിയില്‍ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തി. 27 പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഉണ്ടെന്നാണ് പോലിസ് റിപോര്‍ട്ട്. ഇവിടങ്ങളില്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിങ്. 10നു രാവിലെ എട്ടിന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എണ്ണല്‍ ആരംഭിക്കും. ഇടക്കാലത്ത് നിലവില്‍വന്നതിനാല്‍ മട്ടന്നൂര്‍ നഗരസഭയില്‍ മറ്റു നഗരസഭകളോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാറില്ല. ഇവിടുത്തെ ഭരണസമിതിയുടെ കാലാവധി തദ്ദേശസ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്ത് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷമാണു അവസാനിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന് ആധിപത്യമുള്ള നഗരസഭകളില്‍ ഒന്നാണ് മട്ടന്നൂര്‍. 1990ല്‍ കേരളത്തിലെ ഏതാനും പഞ്ചായത്തുകളെ നഗരസഭയായി ഉയര്‍ത്തിയപ്പോള്‍ മട്ടന്നൂരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, 1991ല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിനെ പഞ്ചായത്താക്കി തരംതാഴ്ത്തി. ഇതിനെതിരേ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തുകയും സര്‍ക്കാര്‍ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. 1997ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ മട്ടന്നൂരിന്റെ നഗരസഭാപദവി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കി. 1997 ആഗസ്തിലായിരുന്നു പ്രഥമ തിരഞ്ഞെടുപ്പ്. അന്നുണ്ടായിരുന്ന 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 22ഉം യുഡിഎഫ് ആറു സീറ്റും നേടി. സിപിഎം നേതാവ് കെ ടി ചന്ദ്രനായിരുന്നു പ്രഥമ ചെയര്‍മാന്‍. 2002ല്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 7 സീറ്റുകള്‍ നേടി. 2007ല്‍ 31 വാര്‍ഡുകളായപ്പോള്‍ എല്‍ഡിഎഫ് 25, യുഡിഎഫ് 6 എന്നിങ്ങനെയാണു സീറ്റുകളുടെ എണ്ണം. ചെയര്‍മാന്‍ സ്ഥാനത്ത് കെ ടി ചന്ദ്രന്‍ തുടര്‍ന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷം സിപിഎമ്മിലെ സീനാ ഇസ്മായില്‍ നഗരസഭാ അധ്യക്ഷയായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാര്‍ഡുകളുടെ എണ്ണം 34 ആയി വര്‍ധിച്ചു. എല്‍ഡിഎഫ് 20, യുഡിഎഫ് 13, സിഎംപി (ഇടത്) 1 എന്നിങ്ങനെയാണ് കക്ഷിനില. മന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരനാണ് നിലവിലെ ചെയര്‍മാന്‍. സപ്തംബര്‍ 10 വരെയാണ് ഈ ഭരണസമിതിയുടെ കാലാവധി. ഇത്തവണ ഒരു വാര്‍ഡ് വര്‍ധിച്ച് 35 ആയി. 18 സീറ്റ് വനിതാ സംവരണവും ഒന്ന് പട്ടികജാതി സംവരണവും. നഗരസഭാ അധ്യക്ഷസ്ഥാനവും ഇക്കുറി വനിതാ സംവരണം തന്നെ. എല്‍ഡിഎഫ് 35, യുഡിഎഫ് 35, ബിജെപി 32, എസ്ഡിപിഐ 8 ജനപക്ഷം 1 സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് കക്ഷിതിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം. ആധിപത്യം തുടരുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍, അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. മല്‍സരിക്കുന്ന വാര്‍ഡുകളില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാവുമെന്നാണ് എസ്ഡിപിഐയുടെ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക