|    Oct 16 Tue, 2018 1:52 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭയില്‍ ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ പദ്ധതി സ്ഥാപിക്കുന്നു

Published : 21st September 2017 | Posted By: fsq

 

മട്ടന്നൂര്‍: വൈദ്യുതി തടസ്സവും പ്രസരണ-വിതരണ നഷ്ടവും കുറയ്ക്കുന്നതിനായി മട്ടന്നൂര്‍ നഗരസഭയില്‍ ഭൂമിക്കടിയിലൂടെ വൈദ്യുതിലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നാലരക്കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ മട്ടന്നൂര്‍ നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വൈദ്യുതിമുടക്കം ഒഴിവാക്കുന്നതിനാണിത്. ആദ്യഘട്ടത്തില്‍ മട്ടന്നൂര്‍ ടൗണിലാണ് ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുക. ചാവശ്ശേരി, പഴശി സബ് സ്‌റ്റേഷനുകളില്‍ നിന്നായിരിക്കും വിതരണം. പഴശ്ശി സബ് സ്‌റ്റേഷനില്‍നിന്ന് ഇടവേലിക്കല്‍, ഇല്ലംമൂല വഴി മട്ടന്നൂര്‍ ടൗണ്‍ വരെയുള്ള മൂന്നുകിലോ മീറ്റര്‍ വരെ കേബിള്‍ സ്ഥാപിക്കാന്‍ ഒരുകോടി 30 ലക്ഷത്തി 60,000 രൂപയും, ചാവശ്ശേരി സബ് സ്‌റ്റേഷന്‍ മുതല്‍ മട്ടന്നൂര്‍ ടൗണ്‍ വരെയുള്ള 5.400 കിലോമീറ്ററില്‍ കേബിള്‍ സ്ഥാപിക്കാന്‍ ഒരുകോടി 50 ലക്ഷത്തി 30,000 രൂപയും, പഴശി സബ് സ്‌റ്റേഷന്‍ മുതല്‍ ശിവപുരം വരെയുള്ള ആറു കിലോമീറ്ററില്‍ ഒരുകോടി 60 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എപിഡിആര്‍ ഫണ്ടുപയോഗിച്ച് മൂന്നു പദ്ധതികളായാണു പ്രവൃത്തി നടത്താന്‍ കെഎസ്ഇബി ടെന്‍ഡര്‍ നല്‍കിയത്. നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഓരോ ലൈനിലും പത്തില്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കും. വൈദ്യുതിയുടെ മെയിന്‍ ലൈനാണ് ഭൂമിക്കടിയിലെ കേബിളുകള്‍ വഴി വലിക്കുക. ഓരോ സ്ഥലത്തും സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോമര്‍ വഴി വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി നല്‍കും. പഴശി സബ് സ്‌റ്റേഷനില്‍നിന്ന് മട്ടന്നൂര്‍, ശിവപുരം ഭാഗങ്ങളിലേക്ക് കേബിള്‍ ഭൂമിക്കടിയിലെ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഒന്നര കിലോമീറ്ററോളം നീളത്തില്‍ പ്രവൃത്തി നടത്തിയതിനാല്‍ ഈ മാസം അവസാനത്തോടെ രണ്ടു പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാണ് കരാറുകാരന് കെഎസ്ഇബി നല്‍കിയ നിര്‍ദേശം. കെഎസ്ടിപിക്ക് കീഴിലുള്ള മട്ടന്നൂര്‍-ഇരിട്ടി റോഡിന്റെ നവീകരണം നടക്കുന്നതിനാല്‍ ഇവിടെ കേബിളിടാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടില്ല. റോഡ് നിര്‍മാണം പൂര്‍ത്തിയായതിനു ശേഷമായിരിക്കും ചാവശ്ശേരി സബ് സ്‌റ്റേഷനില്‍നിന്ന് മട്ടന്നൂരിലേക്കു കേബിളിടുന്ന പ്രവൃത്തി ആരംഭിക്കുക. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നഗരസഭയില്‍ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss