|    Oct 16 Tue, 2018 1:08 pm
FLASH NEWS

മട്ടന്നൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published : 20th September 2017 | Posted By: fsq

 

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള സ്വപ്‌നപദ്ധതികള്‍ പുരോമിക്കവെ മട്ടന്നൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദിനേന വാഹനങ്ങളുടെ നീണ്ട നിരയാണ് മട്ടന്നൂരിലും പരിസരപ്രദേശത്തും കണ്ടുവരുന്നത്. റോഡിന് ഇരുവശവും വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നതാണ് പ്രധാന പ്രതിസന്ധി. വാഹനങ്ങള്‍ക്ക് ശരിയാംവണ്ണം സഞ്ചരിക്കാന്‍ കഴിയാത്ത മട്ടന്നൂര്‍ നഗരത്തില്‍ കെട്ടിടങ്ങള്‍ കൊണ്ട് നിറയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബസ്സ്റ്റാന്റ് പരിസരത്തു മാത്രം ആറോളം ബഹുനില കെട്ടിടങ്ങളാണ് നിര്‍മാണം തുടങ്ങിയത്. നഗരസഭയുടെ വലിയ ഷോപ്പിങ് മാളിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. പഴയ ടാക്‌സി സ്റ്റാന്റ് മാറ്റിയാണ് ഇവിടെ കെട്ടിടം പണിതത്. പകരം സ്റ്റാന്റ് അനുവദിക്കാതെ ബസ് സ്റ്റാന്റ് പരിസരത്താണ് ടാക്‌സികളുടെയും പാര്‍ക്കിങ്. ബസ്സ്റ്റാന്റ് പരിസരത്തെ പഴകിയ കെട്ടിടം അപകടഭീഷണിയിലാണ്. ഈ കെട്ടിടം പൊളിച്ചുനീക്കുമെന്നു നഗരസഭ നേരത്തെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമില്ല. ഇവിടുത്തെ കച്ചവടക്കാരെ ന്യായമായ രീതിയില്‍ പുനരധിവസിപ്പിക്കാനും നഗരസഭ തയ്യാറായിട്ടില്ല. ഇരുപതോളം കച്ചവടക്കാര്‍ക്ക് അര്‍ഹമായ പുനരധിവാസം നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമില്ല. ഏതാനും പേര്‍ നഗരസഭയുടെ ഒഴിവുള്ള മുറികള്‍ എടുക്കാന്‍ നിര്‍ബന്ധിതരായി.കുറച്ചുപേര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. നഗരസഭയുടേത് മാത്രമല്ല, തൊട്ടടുത്തായി ഉയരുന്ന അഞ്ചോളം കെട്ടിടങ്ങളുടെയും പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. നഗരസഭ പഴം-പച്ചക്കറി മാര്‍ക്കറ്റിനായി നീക്കിവച്ച സ്ഥലത്തിനടുത്തായി നൂറോളം മുറികളുള്ള ബഹുനില കെട്ടിടമാണ് പണിയുന്നത്. ഇവിടെ യൊക്കെ തന്നെയും ഗതാഗതപ്രശ്‌നമാണ് പ്രധാന വെല്ലുവിളി. വാഹന പാര്‍ക്കിങ് വിഷയം കീറാമുട്ടിയാവാനാണ് സാധ്യത. വിസ്തൃതി കുറഞ്ഞ ബസ്സ്റ്റാന്റും പാര്‍ക്കിങ് സൗകര്യമില്ലാത്ത ഓട്ടോ സ്റ്റാന്റും. ഇതിനു പുറമെയാണ് കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും. എല്ലാം കൂടിയാവുമ്പോള്‍ വീര്‍പ്പുമുട്ടുകയാണ് നഗരം.  പുതുതായി ചുമതലയേറ്റ നഗരസഭാ ഭരണസമിതി ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss