|    Aug 17 Thu, 2017 5:14 am
FLASH NEWS

മട്ടന്നൂര്‍ ജനത ഇന്ന് വിധിയെഴുതും

Published : 8th August 2017 | Posted By: fsq

 

മട്ടന്നൂര്‍: നഗരസഭയില്‍ അടുത്ത അഞ്ചുവര്‍ഷം തങ്ങളുടെ പ്രതിനിധികള്‍ ആരാവണമെന്ന് മട്ടന്നൂര്‍ ജനത ഇന്ന് വിധിയെഴുതും. മൂന്നാഴ്ച നീണ്ട വാശിയേറിയ പ്രചാരണത്തിനു ശേഷം 3700 വോട്ടര്‍മാരാണ് നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയെ നിര്‍ണയിക്കാന്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് പോളിങ്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പോളിങ് സാമഗ്രികളെല്ലാം ഇന്നലെ വൈകീട്ടോടെ ബൂത്തുകളിലെത്തി. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം. സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഇക്കുറി വിപുലമായ നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസും ആവിഷ്‌കരിച്ചിട്ടുള്ളത്.  മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ഒരുവാര്‍ഡില്‍ ഒന്ന് എന്ന നിലയില്‍ 35 ബൂത്തുകളാണ് ഉള്ളത്. ഇതിനുപുറമെ ബൂത്തുകള്‍ക്കു വെളിയില്‍ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തി. 27 ബൂത്തുകള്‍ പ്രശ്‌നസാധ്യതയുള്ളതായാണ് പോലിസ് റിപോര്‍ട്ട്. ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ചുറ്റുമതിലില്ലാത്ത ബൂത്തുകളില്‍ ആവശ്യമായ ബാരിക്കേഡുകളും ഒരുക്കി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍, ഇരിട്ടി, ഉളിക്കല്‍, ഇരിക്കൂര്‍, പേരാവൂര്‍, ആറളം, കരിക്കോട്ടക്കരി സ്‌റ്റേഷനുകളിലെ സിഐമാരും എസ്‌ഐമാരും ഉള്‍പ്പെടെയുള്ള വിപുലമായ സംഘമാണ് ക്രമസമാധാന പാലനത്തിനായി രംഗത്തുള്ളത്. ഇവര്‍ക്കു കീഴില്‍ 300 പോലിസുകാരും. വോട്ട് ചെയ്യാനെത്തുന്ന എല്ലാ കന്നിവോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ വൃക്ഷത്തൈ വിതരണം ചെയ്യും. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10നു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍. ഉച്ചയോടെ മുഴുവന്‍ ഫലവും ലഭ്യമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക