|    Mar 22 Thu, 2018 11:54 am
Home   >  Editpage  >  Article  >  

മട്ടന്നൂരില്‍ ദലിത് യുവതിക്ക് സംഭവിച്ചത്

Published : 13th August 2017 | Posted By: fsq

അംബിക

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലമല്ല അതിനു കാരണം. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിപ്രവര്‍ത്തക കൂടിയായ ദലിത് യുവതിയെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും മന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവുമായ കെ ഭാസ്‌കരന്‍ പോളിങ് ബൂത്തിനു പുറത്തുവച്ച് മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു എന്നാണു വാര്‍ത്ത. മട്ടന്നൂരിലെ പെരിഞ്ചീരി ബൂത്തിലെ സിപിഎമ്മിന്റെ ബൂത്ത് ഏജന്റ് ആയിരുന്ന ഷീല രാജനാണ് പാര്‍ട്ടി നേതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവാണ് ഭര്‍ത്താവ്  കെ പി രാജന്‍.  പോളിങ് ബൂത്തില്‍നിന്ന് പുറത്തുപോയ യുവതി തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. എന്നാല്‍, പോലിസില്‍ പരാതി നല്‍കാനുള്ള ശ്രമത്തില്‍നിന്ന് യുവതിയെ പാര്‍ട്ടി നേതൃത്വം വിലക്കി. അവര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നല്‍കി. എന്നാല്‍, പാര്‍ട്ടിനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. പകരം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ ഭീഷണി ഉയര്‍ത്താനാണ് കണ്ണൂരിലെ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. ഇതുസംബന്ധിച്ച് ഒരു വാര്‍ത്താചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ സിപിഎം മട്ടന്നൂര്‍ ഏരിയാ സെക്രട്ടറി ചന്ദ്രബാബു മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ യുവതി പറഞ്ഞ പരാതി വേണ്ടത്ര ഗൗരവത്തില്‍ എടുക്കാത്തതിന്റെ സങ്കടംകൊണ്ട് അവര്‍ പൊട്ടിക്കരയുകയും പോളിങ് ബൂത്തില്‍ നിന്ന് പോവുകയും ചെയ്‌തെന്നു പറഞ്ഞു. ഭംഗ്യന്തരേണ എന്താണു സംഭവിച്ചത് എന്ന് ഏരിയാ സെക്രട്ടറി സമ്മതിക്കുകയായിരുന്നു.എന്തായാലും തന്നെ പാര്‍ട്ടി നേതാവ് അവഹേളിച്ചെന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞെന്നും തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയെന്നുമെല്ലാം ഈ പ്രശ്‌നത്തില്‍ പരാതിയില്ല എന്നു പറയുന്ന (പാര്‍ട്ടിയുടെ സമ്മര്‍ദത്താല്‍ പറയേണ്ടിവന്ന) ഷീല രാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ പോളിങ് ബൂത്തിലുള്ളവരെല്ലാം കാര്യങ്ങള്‍ക്ക് ദൃക്‌സാക്ഷികളുമാണല്ലോ!എന്തുകൊണ്ട് ഇത്തരത്തിലൊരു പെരുമാറ്റം സിപിഎം നേതാവും ജനപ്രതിനിധിയുമായ ഒരു വ്യക്തിയില്‍നിന്ന് ഉണ്ടാവുന്നു എന്നത് ചര്‍ച്ചചെയ്യേണ്ടതുണ്ട്. പാര്‍ട്ടി നല്‍കുന്ന സുരക്ഷിതത്വബോധവും അധികാരവും എന്തു നെറികേടും ചെയ്യാനുള്ള ധൈര്യം നേതാക്കള്‍ക്ക് പകരുന്നു എന്നതാണ് ഒരു കാര്യം. ആണധികാരവും ജാതിമേല്‍ക്കോയ്മയും ഇവരെയൊക്കെ ഇപ്പോഴും അടക്കിവാഴുന്നു എന്നും ഈ സംഭവം വ്യക്തമാക്കുന്നു.മാധ്യമങ്ങളില്‍ വന്ന ഈ വാര്‍ത്ത ഞാന്‍ എന്റെ സുഹൃത്തുമായി ചര്‍ച്ചചെയ്തപ്പോള്‍ ചിലരുടെ വീട്ടിലെ ശീലം അറിയാതെ പുറത്തുവന്നതാവാം എന്നാണ് സുഹൃത്ത് അഭിപ്രായപ്പെട്ടത്. അതിന് ഉദാഹരണമായി പഴയകാല രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയിലെ ഒരനുഭവം പങ്കുവയ്ക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗമായ ഭാര്യയും പാര്‍ട്ടി മെംബര്‍ മാത്രമായ ഭര്‍ത്താവും മറ്റു രണ്ട് സഖാക്കളുമായി സൗഹൃദസംഭാഷണം നടത്തുന്നതിനിടയില്‍ ഒരു സഖാവ് ചോദിച്ചത്രേ: അല്ല സഖാവേ, നിങ്ങളെ കുട്ട്യേട്ടന്‍ സഖാവ് വീട്ടില്‍ വച്ച് ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടുന്നതിനിടയ്ക്ക് തല്ലാറുണ്ടോ എന്ന്. ഉടന്‍ വന്നു ഭാര്യാ സഖാവിന്റെ മറുപടി: ”കെട്ട്യോനും കെട്ട്യോളുമാവുമ്പോ ദണ്ഡിച്ചെന്നിരിക്കും. അതിലെന്താ തെറ്റ്?” കുടുംബങ്ങള്‍ക്കകത്തുള്ള ജനാധിപത്യബോധമില്ലായ്മ പൊതുയിടങ്ങളിലും പുറത്തുവരുക എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്.മട്ടന്നൂര്‍ സംഭവത്തിലൂടെ പാര്‍ട്ടിയുടെ ദലിത് വിരുദ്ധത ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു. പയ്യന്നൂരിലെ ചിത്രലേഖ എന്ന ദലിത് ഓട്ടോഡ്രൈവര്‍ക്കെതിരായ ആക്രമണങ്ങള്‍, കുട്ടിമാക്കൂലില്‍ ദലിത് സ്ത്രീകളെയും കൊച്ചുകുഞ്ഞിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് തുടങ്ങി സിപിഎമ്മിന്റെ ദലിത്, സ്ത്രീവിരുദ്ധ നിലപാടുകള്‍ കണ്ണൂരില്‍നിന്നുതന്നെ പുറത്തുവന്നിട്ടുണ്ട്. ഫോക്‌ലോര്‍ അക്കാദമിയിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ അപമാനിച്ച പാര്‍ട്ടി ഉന്നതനെതിരേയുള്ള പരാതിയും സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിക്കുകയായിരുന്നു. ഇരകളാക്കപ്പെട്ടവര്‍ പരാതിയില്ലെന്നു പറയുന്നതോടെ കേസുകള്‍ ഇല്ലാതാവുന്ന ഒരവസ്ഥയാണ് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പ്രത്യേകത എന്നുള്ളതും എടുത്തുപറയേണ്ടിയിരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss