|    Oct 20 Fri, 2017 2:41 pm
FLASH NEWS

മട്ടന്നൂരിലെ പരാജയം : അന്വേഷണത്തിന് യുഡിഎഫ് തീരുമാനം

Published : 12th August 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തില്‍ അന്വേഷണം നടത്താന്‍ യുഡിഎഫ് തീരുമാനം. മുന്നണിയില്‍ ചര്‍ച്ച നടത്തി വാര്‍ഡുകളിലും പ്രവര്‍ത്തകര്‍ക്കിടയിലും അന്വേഷണം നടത്താനാണ് നീക്കം. സിറ്റിങ് സീറ്റും ശക്തികേന്ദ്രങ്ങളുമായ കളറോഡ്, മേറ്റടി, ഏളന്നൂര്‍, ആണിക്കരി, ഉത്തിയൂര്‍, നാലാങ്കേരി, കോളാരി വാര്‍ഡുകള്‍ ഇക്കുറി യുഡിഎഫിനെ കൈവിട്ടിരുന്നു. മുസ്്‌ലിം ലീഗിന്റെ കോട്ട തകര്‍ത്താണ് കളറോഡും നാലാങ്കേരിയും എല്‍ഡിഎഫ് പിടിച്ചെടുത്തത്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുന്ന വാര്‍ഡുകളാണിവ. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വാര്‍ഡുകളിലും മുസ്്‌ലിം ലീഗിന് നഷ്ടപ്പെട്ട വാര്‍ഡുകളിലും വെവ്വേറെയാണ് അന്വേഷണം നടത്തുക. വോട്ടുചോര്‍ച്ചയും പരിശോധിക്കും. അതേസമയം, വാര്‍ഡ് പുനക്രമീകരണമാണ് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് യുഡിഎഫ് ആരോപണം. നഗരസഭാ രൂപീകരണത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 1997ലും 2002ലും ഏഴു സീറ്റുകള്‍ വീതവും 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആറു സീറ്റും യുഡിഎഫിന് ലഭിച്ചപ്പോള്‍ 2012ല്‍ 14 സീറ്റുകളാണ് കിട്ടിയത്. ഇപ്പോള്‍ ലഭിച്ച സീറ്റുകളുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞു. സിഎംപി സിറ്റിങ് സീറ്റായ ആണിക്കരി വാര്‍ഡ് ലീഗ് സിഎംപിക്ക് വിട്ടുകൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിക്ക് (സിപി ജോണ്‍ വിഭാഗം) കോണ്‍ഗ്രസ് ആണിക്കരി വാര്‍ഡ് വിട്ടുകൊടുത്തെങ്കിലും ലീഗ് ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയുണ്ടായി. സീറ്റ് പ്രശ്‌നം ജില്ലാ-സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും അവസാന നിമിഷം പത്രിക പിന്‍വലിക്കുകയായിരുന്നു. ഈ പ്രശ്‌നവും തോല്‍വിക്ക്് കാരണമായോയെന്നും പരിശോധിക്കും. ഇതിന് പുറമെ നാലാങ്കേരി വാര്‍ഡും നഷ്ടപ്പെട്ടത് ലീഗിന് തിരിച്ചടിയായി. സീറ്റ് ലഭിക്കാത്തതിനാല്‍ നാലാങ്കേരി വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ വി എന്‍ മുഹമ്മദ് റിബല്‍ സ്ഥാനാര്‍ഥിയായി നിന്നതും ചര്‍ച്ചയായിരുന്നു. പിന്നീട് മുഹമ്മദ് പത്രിക പിന്‍വലിക്കുകയും ചെയ്തു. ഭരണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥസ്വാധീനം ഉപയോഗിച്ച് നടത്തിയ വാര്‍ഡ് വിഭജനവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ബിജെപിയുടെയും വര്‍ഗീയപ്രചാരണവും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം ദാമോദരന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക