|    Aug 17 Thu, 2017 9:08 pm
FLASH NEWS

മട്ടന്നൂരിന്റെ ജനവിധി ഇന്നറിയാം

Published : 10th August 2017 | Posted By: fsq

 

മട്ടന്നൂര്‍: നഗരസഭാ രൂപീകരണ ശേഷം അഞ്ചാമത് ഭരണസമിതിയിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തിന് മണിക്കൂറുകള്‍ മാത്രം. പോളിങ് ആരെ തുണക്കുമെന്നറിയാതെ കൂട്ടിയും കിഴിച്ചും വോട്ടെണ്ണലിനായി അക്ഷമയോടെ കാക്കുകയാണ് മുന്നണികളും പാര്‍ട്ടികളും. ഇന്നു രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫല സൂചനകള്‍ 10.30ഓടെ ലഭിച്ചുതുടങ്ങും. അന്തിമഫലം ഉച്ചയോടെ അറിയാനാവും. സുഗമവും സുരക്ഷിതവുമായ വോട്ടണ്ണല്‍ നടപടിക്രമങ്ങള്‍ക്കായി കനത്ത പോലിസ് കാവലിലാണ് വോട്ടണ്ണല്‍ കേന്ദ്രവും പരിസരവും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിലും പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനകീയ വിഷയങ്ങള്‍ സ്വീകരിക്കപ്പെട്ടതിന്റെ മിക്ക വാര്‍ഡുകളിലും പോളിങ് ഉയരാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മികച്ച പോളിങ് മുന്നണി നേതൃത്വങ്ങള്‍ക്ക് ശുഭപ്രതീക്ഷയോടൊപ്പം ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. തങ്ങളുടെ ഓരോ വോട്ടും  പെട്ടിയിലെത്തിക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. ആകെയുള്ള 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. എല്‍ഡിഎഫ്-35, യുഡിഎഫ്-35, ബിജെപി 32, എസ്ഡിപിഐ-8 ജനപക്ഷം-1 കക്ഷിരഹിത-1 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. 36330 വോട്ടര്‍മാരില്‍ 30122 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മൊത്തം 82.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 34ാം വാര്‍ഡായ മേറ്റടിയിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്-93.44. 31ാം വാര്‍ഡായ മിനി നഗറില്‍ കുറഞ്ഞ പോളിങും രേഖപ്പെടുത്തി-70.76 ശതമാനം. മികച്ച വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയാധിപത്യം ആവര്‍ത്തിക്കാനാവുന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നും അവര്‍ പറയുന്നു. 1997, 2002, 2007 തിരഞ്ഞെടുപ്പുകളില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ക്കപ്പുറം പോളിങ് ശതമാനം ഉയര്‍ന്നതിലുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മികച്ച മുന്നേറ്റം കാഴ്ചവച്ച 2012ലെ പ്രകടനം ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ് അവരുടെ വാദം. ശക്തമായ ത്രികോണ മല്‍സരം നടന്ന വാര്‍ഡുകളില്‍ പ്രതീക്ഷിച്ചതുപോലെ പോളിങ് ഉയര്‍ന്നിട്ടുണ്ട്. അവസാനനിമിഷം അപ്രതീക്ഷിത പോരാട്ടം നടന്ന പല വാര്‍ഡുകളിലും പോളിങ് ശതമാനം കുതിച്ചുയര്‍ന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ വിജയം തടയാന്‍ ഇരുമുന്നണികളും ക്രോസ് വോട്ടിങ് നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. മല്‍സരിച്ച വാര്‍ഡുകളില്‍ മികച്ച വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് എസ്ഡിപിഐയുടെ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക