|    Dec 17 Sun, 2017 11:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മടവൂര്‍ സി എം സെന്റര്‍ ദഅ്‌വ കോളജ് കാംപസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

Published : 15th July 2017 | Posted By: fsq

 

നരിക്കുനി: മടവൂര്‍ സിഎം സെന്റര്‍ ദഅ്‌വ കോളജ് കാംപസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. വയനാട് മാനന്തവാടി അഞ്ചാംമൈല്‍ കെല്ലൂര്‍ കാരക്കാമല ചിറയില്‍ മമ്മൂട്ടി സഖാഫിയുടെ മകന്‍ അബ്ദുല്‍ മാജിദ് (13) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി കാസര്‍കോട് മൂലടക്കം ശംസുദ്ദീന്‍ (35) നെ  കുന്ദമംഗലം പോലിസ് അറസ്റ്റ് ചയ്തു. വെള്ളിയാഴ്ച  രാവിലെ 7.15നാണ് സംഭവം. കാംപസിലെത്തിയ പ്രതി  പ്രകോപനമില്ലാതെ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.  കുളിക്കാനായി ഇറങ്ങിയ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പ്രതി തുനിഞ്ഞു. ഇതോടെ മാജിദിന്റെ കൂടെയുണ്ടായിരുന്ന കുട്ടി ഓടി രക്ഷപ്പെട്ടെങ്കിലും മാജിദിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വയറില്‍ കുത്തേറ്റ കുട്ടി നിലവിളിച്ച് ഓടിയെങ്കിലും വഴിമധ്യേ കുഴഞ്ഞുവീണു. ഓടിക്കൂടിയവര്‍  വെണ്ണക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയ്ക്കിടെ ഒമ്പതരയോടെ മരണം സംഭവിച്ചു. കുട്ടിയെ കുത്തിയശേഷം മുങ്ങിയ പ്രതിയെ നാട്ടുകാരുടെ നേതൃത്തില്‍ കുന്ദമംഗലത്ത് നിന്ന് പോലിസ് പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി മടവൂരിലെ റോഡരികില്‍ കണ്ടെത്തി. പ്രതി മടവൂരിലും പരിസരത്തുമായി കഴിഞ്ഞ റമദാന്‍ മുതല്‍ കറങ്ങി നടക്കുന്നയാളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് 5ഓടെ മയ്യിത്ത് സിഎം സെന്ററിലെത്തിച്ചു. സിഎം സെന്റര്‍ കാംപസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മയ്യിത്ത് വയനാട്ടിലേക്ക് കൊണ്ട് പോയി. രാത്രി എട്ടരയോടെ അഞ്ചാം മൈല്‍ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സിഎം സെന്റര്‍ ഖുതുബുല്‍ ആലം ദഅ്‌വ കോളജിലെ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നര മാസം മുമ്പാണ് അബ്ദുല്‍ മാജിദ് പഠനം തുടങ്ങിയത്. സിഎം സെന്റര്‍ ഹൈസ്്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. പിതാവ് മമ്മൂട്ടി സഖാഫി മാഹി കല്ലാഞ്ഞി ജുമുഅ മസ്്ജിദില്‍ ഇമാമാണ്. മാതാവ്: റൈഹാനത്ത്. സഹോദരങ്ങള്‍: സാലിഹ്, നാജിയകോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ ജി ജയനാഥ്, ചേവായൂര്‍ സിഐ ബിജു, കുന്ദമംഗലം എസ്‌ഐ രജീഷ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss