|    Sep 18 Tue, 2018 7:29 pm
FLASH NEWS

മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിയിലെ സമകാലീന തെക്കന്‍ കളരിയുടെ പരമാചാര്യന്‍

Published : 7th February 2018 | Posted By: kasim kzm

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: ഇന്നലെ അന്തരിച്ച പത്മഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിയിലെ സമകാലീന തെക്കന്‍ കളരിയുടെ പരമാചാര്യന്‍. ചെങ്ങന്നൂര്‍ രാമന്‍പിള്ള, മാങ്കുളം വിഷ്ണുനമ്പൂതിരി തുടങ്ങിയ മഹാനടന്മാര്‍ക്കു ശേഷം കഥകളിയുടെ തെക്കന്‍ സമ്പ്രദായത്തിന്റെ സവിശേഷവ്യക്തിത്വവും സൗന്ദര്യവും ഉയര്‍ത്തിപ്പിടിച്ച നടനാണ് മടവൂര്‍ വാസുദേവന്‍ നായര്‍. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ നായകവേഷങ്ങളുടെ ആവിഷ്‌കാരഭംഗികളുടെ പിന്‍ഗാമിയായി കഥകളിയാസ്വാദകര്‍ വാസുദേവന്‍ നായരെയാണ് വിലയിരുത്തുന്നത്. അദ്ദേഹം തെക്കന്‍ കളരിസമ്പ്രദായത്തിന്റെ അവതരണചാരുതകള്‍ കാത്തുസൂക്ഷിക്കുകയും അനന്തര തലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കരോട്ട് വീട്ടില്‍ രാമചന്ദ്രക്കുറുപ്പിനും കല്യാണിയമ്മയ്ക്കും ആറുപുത്രന്മാരും ഒരു പുത്രിയും ജനിച്ചതില്‍ മൂന്നാമത്തെ പുത്രനായാണ് മടവൂര്‍ വാസുദേവന്‍ നായരുടെ ജനനം. മൂത്ത ജ്യേഷ്ഠന്‍ സംസ്‌കൃതഭാഷയിലും കര്‍ണ്ണാടകസംഗീതത്തിലും നിപുണനായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് മടവൂരിന് ശാസ്ത്രീയകലകളിലുള്ള താല്‍പ്പര്യം ജനിയ്ക്കുന്നത്. ആ താല്‍പ്പര്യത്തിന്റെ സാക്ഷാത്കാരമായിരുന്നു കൊല്ലവര്‍ഷം 1117 മിഥുനത്തില്‍ മടവൂര്‍ പരമേശ്വരന്‍ പിള്ളയുടെ ശിഷ്യനായി കച്ച കെട്ടി ആരംഭിച്ച വാസുദേവന്‍ നായരുടെ കഥകളി അഭ്യസന പ്രാരംഭം. പഠനമാരംഭിച്ച് ആറാം മാസത്തില്‍ തന്നെ ഉത്തരാസ്വയംവരത്തില്‍ ഭാനുമതിയും തുടര്‍ന്ന് ഉത്തരനും ആയി മടവൂര്‍ വാസുദേവന്‍ നായരുടെ അരങ്ങേറ്റം കഴിഞ്ഞു. പരമേശ്വരന്‍ പിള്ളയുടെ ശിക്ഷണത്തില്‍, അദ്ദേഹത്തിന്റെ കളിയോഗത്തില്‍ തുടര്‍ന്നുള്ള മൂന്നുവര്‍ഷം കൂടി വാസുദേവന്‍ നായര്‍ തുടര്‍ന്നു. മണ്ണന്തറ ക്ഷേത്രത്തില്‍ വെച്ച് കഥകളിയിലെ മഹാനടനും അചാര്യനുമായിരുന്ന ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ കൂട ഭാനുമതീവേഷം അണിയാന്‍ ഭാഗ്യമുണ്ടായി. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ എന്ന  ആചാര്യനുകീഴില്‍ ഈ സമയത്ത് അല്‍പ്പകാലം അഭ്യസനം ഉണ്ടായിട്ടുണ്ട്. ഇത്തിക്കര വെച്ചുണ്ടായ ആ അഭ്യസനത്തില്‍ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, അര്‍ക്കനൂര്‍ കൃഷ്ണപ്പിള്ള, ആറ്റിങ്ങല്‍ കൃഷ്ണപ്പിള്ള എന്നീ മഹാരഥന്മാരെ പരിചയപ്പെടാന്‍ വാസുദേവന്‍ നായര്‍ക്ക് അവസരം ലഭിച്ചു. പണിമൂല ക്ഷേത്രത്തില്‍ ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ താല്‍പ്പര്യപ്രകാരം ഒരിക്കല്‍ വാസുദേവന്‍ നായര്‍ രംഭാപ്രവേശത്തിലെ രംഭയുടെ വേഷം അണിയുകയുണ്ടായി. ചെങ്ങന്നൂരിന്റെ പ്രത്യേകപ്രീതിയ്ക്കു പ്രാത്രമായത് ആ  അരങ്ങിലൂടെയാണ്. പിന്നീട് തുവയൂരില്‍ ചെങ്ങന്നൂര്‍ രാമന്‍പിള്ള കഥകളിക്കറി തുടങ്ങിയപ്പോള്‍ വാസുദേവന്‍ നായരെ വിളിച്ചുകൊണ്ടു വരികയും പുത്രനിര്‍വേശമായ വാല്‍സല്യത്തോടെ സ്വഗൃഹത്തില്‍ കൊണ്ടുപോയി താമസിപ്പിച്ച് പഠിപ്പി്ക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ രാമന്‍പിള്ള എന്ന മഹാശയന്റെ ഗേഹത്തില്‍ ഗുരുകുലസമ്പ്രദായമനുസരിച്ചുനടന്ന, പന്ത്രണ്ടുവര്‍ഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയുടെ പ്രകാശനത്തിന് ധാതുവീര്യം പകര്‍ന്നത്. തിരുവനന്തപുരം കൊട്ടാരം കളിയോഗത്തില്‍ ചെങ്ങന്നൂര്‍ ആശാന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ കൃഷ്ണപിള്ളയുടെയും തുറവൂര്‍ മാധവന്‍ പിള്ളയുടെയും കൂടെ വേഷം കെട്ടി തുടക്കം. ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍ ആശാനെ ചെങ്ങന്നൂര്‍ ആശാനോടൊപ്പം പോയിക്കണ്ട്, മരണശയ്യയിലായിരുന്ന അദ്ദേഹത്തില്‍ നിന്നും അനുഗ്രഹം വാങ്ങിയത് മടവൂര്‍ വാസുദേവന്‍ നായരുടെ മറക്കാനാവാത്ത അനുഭവമാണ്.1967 മുതല്‍ 1977 വരെ പത്തുവര്‍ഷക്കാലം കലാമണ്ഡലത്തിലെ തെക്കന്‍ കളരിയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978 കൊല്ലം ജില്ലയില്‍ പാരിപ്പള്ളി്ക്കടുത്ത് തെക്കന്‍ കളരിയ്ക്കായി ഒരു കഥകളികേന്ദ്രം എം കെ കെ നായരുടെ പ്രത്യേക താല്പര്യത്തില്‍ ആരംഭിച്ചു. ‘കലാഭാരതി കഥകളി വിദ്യാലയം’ എന്ന പ്രസ്തുത കഥകളികേന്ദ്രത്തിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ മടവൂര്‍ വാസുദേവന്‍ നായരായിരുന്നു. കര്‍ണാടകസംഗീതത്തില്‍ വ്യുല്‍പ്പന്നനായ മടവൂര്‍ വാസുദേവന്‍ നായര്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ കഥകളിപ്പദങ്ങള്‍ പാടിയിട്ടുണ്ട്.ബാണയുദ്ധത്തിലെ ബാണന്‍, തെക്കന്‍ രാജസൂയത്തിലെ ജരാസന്ധന്‍ (കത്തി), ഉത്തരാസ്വയംവരം ദുര്യോധനന്‍, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാന്‍, രംഭാപ്രവേശം രാവണന്‍, ദുര്യോധനവധത്തിലെ ദുര്യോധനന്‍. ആദ്യ കാലത്ത് സ്ത്രീവേഷങ്ങളില്‍ പ്രസിദ്ധനായിരുന്നു. ബാണയുദ്ധത്തിലെ അനിരുദ്ധന്‍, സന്താനഗോപാലത്തിലെ അര്‍ജ്ജന്നന്‍, പട്ടാഭിഷേകത്തിലെ ഭരതന്‍, ശങ്കരവിജയത്തിലെ ബാലശങ്കരന്‍ എന്നിവ മികച്ച വേഷങ്ങളായി കെ പി എസ് മേനോന്‍ എടുത്തുപറയുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ പത്മഭൂഷണ്‍, കേരളകലാമണ്ഡലം അവാര്‍ഡ്, തുളസീവനം അവാര്‍ഡ്, സംഗീതനാടക അക്കാദമി അവാര്‍ഡ്, കേന്ദ്രഗവര്‍മെന്റ് ഫെലോഷിപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ‘രംഗകുലപതി’ അവാര്‍ഡ്, കലാദര്‍പ്പണ അവാര്‍ഡ്, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്‌കാരിക സമിതി അവാര്‍ഡ്, 1997ല്‍ കേരള ഗവര്‍ണര്‍ സുഖ്‌ദേവ് സിങ് കാംങ്ങില്‍ നിന്നും വീരശൃംഗല എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss