|    Sep 22 Sat, 2018 8:14 pm
FLASH NEWS

മടവീഴ്ച വ്യാപകം : കുട്ടനാട്ടില്‍ ഇന്നലെ മാത്രം 400 ഏക്കറിലെ കൃഷി നശിച്ചു

Published : 30th June 2017 | Posted By: fsq

 

ഹരിപ്പാട്:മഴ വെള്ളപ്പാച്ചിലില്‍ കുട്ടനാച്ചില്‍ വ്യാപക മടവീഴ്ച.ഇന്നലെ മാത്രം രണ്ടു പാടശേഖരങ്ങളിലായി 400 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു.ആലപ്പുഴപത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന വീയപുരം എരതോട് പാലത്തിനു കിഴക്കുവശം നിരണം കൃഷിഭവന്‍ പരിധിയിലെ 300 ഏക്കര്‍ വിസ്തൃതിയുള്ള എരതോട് ചെമ്പ് പാടശേഖരത്തിലും, പള്ളിപ്പാട് കൃഷിഭവന്‍ പരിധിയില്‍വരുന്ന 115 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വെട്ടിക്കല്‍ പാടശേഖരത്തിലുമാണ് ഇന്നലെ മടവീണത്്.എരതോട്‌ചെമ്പ് പാടശേഖരത്തില്‍ കൃഷിയിറക്കി ഏകദേശം 30 ദിവസം പിന്നിടുമ്പോഴാണ് കൃഷിനാശം. പാടശേഖരത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ ചെറുവാഹനങ്ങള്‍ വരെ സഞ്ചരിക്കുന്ന റോഡിനു സമാനമായ 5 മീറ്ററോളം വീതിയുള്ള പുറംബണ്ട് രാത്രിയിലെ ശക്തമായ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോവുകയായിരുന്നു. ബണ്ടില്‍ നിന്നിരുന്ന തെങ്ങും ചെറുമരങ്ങളും മടവീഴ്ചയില്‍ കടപുഴകി. ഇതുവഴി കടന്നുപോയിരുന്ന വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനും മട വീഴ്ചയില്‍ ഒലിച്ചുപോയി. കൃഷിനാശത്തിലൂടെ  ഏക്കറിന് 8,000ത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒഴുകിപ്പോയ സ്ഥലത്ത് സമാനമായ ബണ്ട് തന്നെ കെട്ടാതെ മടയുറപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഇതിന് ലക്ഷങ്ങള്‍ ചിലവുവരുമെന്നും കര്‍ഷകര്‍ പറയുന്നു.എരതോട് നിവാസികള്‍ പാണ്ടങ്കരി വഴി എടത്വായിലേക്ക് പോകുന്ന വഴിയായിരുന്നു ഇപ്പോള്‍ മടവീഴ്ചയിലൂടെ നഷ്ടമായ പുറംബണ്ട്.വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു  ആളുകള്‍ പ്രതിദിനം സഞ്ചരിക്കുന്ന വഴിയായിരുന്നു ഇത്.അധികൃതര്‍ കനിഞ്ഞെങ്കില്‍ മാത്രമേ ഈ വഴി പുനസ്ഥാപിക്കാനും കഴിയുകയുള്ളൂ എന്ന അവസ്ഥയാണ്. ബണ്ട് പുനസ്ഥാപിച്ച് പാടശേഖരം സംരക്ഷിക്കുന്നതിനും  നഷ്ടപ്പെട്ടുപോയ യാത്രാ മാര്‍ഗം പുനസ്ഥാപിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും പാടശേഖര ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജൂലൈ 20 ന് വിളവെടുപ്പ് നടത്താനിരിക്കെയാണ് വെട്ടിക്കല്‍  പാടത്ത് കൃഷി നാശം സംഭവിച്ചത്. വെള്ളത്തിന്റെ വരവ് ശക്തമായപ്പോള്‍തന്നെ താഴ്ന്ന പ്രദേശങ്ങളിലൂടെ വെള്ളം കരകവിഞ്ഞു പാടത്തേക്ക് കയറാന്‍ തുടങ്ങിയിരുന്നു. പ്രതിസന്ധി മനസ്സിലാക്കിയ കര്‍ഷകരും പാടശേഖര സമിതിയും ചേര്‍ന്ന് ദുര്‍ബല മേഖലകളില്‍ കുറ്റികള്‍ നാട്ടിമണല്‍ ചാക്കുകള്‍ അടുക്കി സംരക്ഷണത്തിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ മോട്ടര്‍തറ കവിഞ്ഞ് വെള്ളം പാടത്തേക്ക് കയറുകയായിരുന്നു. ഇവിടെ പമ്പിങ് നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്. വൈദ്യുതി പ്രതിസന്ധിയും കൃഷിനാശത്തിന്റെ ആക്കംകൂട്ടുന്നു. 73 കര്‍ഷകരുള്ള പാടശേഖരത്തില്‍ ഏക്കറിനു 23,000 രൂപ വരെ ഇതിനകം ചെലവഴിച്ചു കഴിഞ്ഞതായി പാടശേഖരസമിതി സെക്രട്ടറി പ്രസന്നന്‍ പറഞ്ഞു. ഏഴു പതിറ്റോണ്ടോളം രണ്ടാംകൃഷി ഇറക്കാതിരുന്ന പാടത്ത് ആദ്യമായാണ് ഈക്കുറി രണ്ടാംകൃഷിയിറക്കിയതെന്നും പ്രസന്നന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചെറുതനയിലെ കോരിക്കുഴി, മടയനാരി പാടശേഖരങ്ങളില്‍ മടവീണു കൃഷി നശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss