|    Jun 25 Sun, 2017 2:11 pm
FLASH NEWS

മടന്തമണ്ണിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവ്

Published : 10th July 2016 | Posted By: SMR

പത്തനംതിട്ട: റാന്നി താലൂക്കിലെ അത്തിക്കയം വില്ലേജിലെ മടന്തമണ്‍ തെക്കേത്തൊട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് സപ്തംബര്‍ 27നു മുമ്പ് പട്ടയം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായി.
കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന സിറ്റിങിലാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. 1945 മുതല്‍ തെക്കേത്തൊട്ടിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കര്‍ഷകര്‍ക്കു വിവിധ കാരണങ്ങള്‍ പറഞ്ഞ് പട്ടയം നിഷേധിക്കുന്നതു സംബന്ധിച്ചു കമ്മീഷനില്‍ നല്‍കിയിരുന്ന പരാതിയില്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ഉത്തരവു നല്‍കിയത്. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷന്‍ വിലയിരുത്തി.
പൊതുപ്രവര്‍ത്തകനായ അനില്‍ അത്തിക്കയം അഡ്വ.വി ആര്‍ ഹരി മുഖേന നല്‍കിയ പരാതിയിലാണ് ഉത്തരവ്. കൈവശകര്‍ഷകര്‍ക്കു പട്ടയം നല്‍കാന്‍ നടപടിയുണ്ടാകണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ അടുത്ത സിറ്റിങില്‍ ഹാജരായി നടപടികള്‍ വിശദീകരിക്കണമെന്നും കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ റവന്യൂ സെക്രട്ടറിയില്‍ നിന്നുള്ള മറുപടി ലഭിച്ചില്ലെന്ന് ജില്ലാ കലക്ടറുടെ പ്രതിനിധി കമ്മീഷനെ അറിയിച്ചു. ഇനി കാലതാമസം വേണ്ടെന്നും സപ്തംബര്‍ 27നകം പട്ടയം നല്‍കി കമ്മീഷനെ അറിയിക്കണമെന്നും ചെയര്‍മാന്‍ ജസ്റ്റീസ് ജെ ബി കോശി നിര്‍ദേശിക്കുകയായിരുന്നു. 32 ഹെക്ടര്‍ സ്ഥലത്ത് 117 കുടുംബങ്ങളാണ് പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നത്.
1977 ജനുവരി ഒന്നിനു മുമ്പ് സ്ഥിരതാമസമാക്കിയവര്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവുള്ളതാണ്. ഇതു ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും തെക്കേത്തൊട്ടി നിവാസികളെ അവഗണിക്കുകയായിരുന്നു.
വനം, റവന്യു സംയുക്ത പരിശോധന നടത്തുകയും താമസക്കാര്‍ പട്ടയത്തിന് അര്‍ഹരാണെന്നു റവന്യു വകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക