|    Sep 25 Tue, 2018 1:21 am
FLASH NEWS

മടക്കര -ചെറുകുന്നുതറ ബസ്സുകള്‍ മേല്‍പ്പാലം വഴിയാക്കും

Published : 30th May 2017 | Posted By: fsq

 

കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി സംസ്ഥാന പാത നിര്‍മാണം നടക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ ടി വി രാജേഷ് എംഎല്‍എ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനമായി. ഗതാഗത നിയന്ത്രണം കാരണം ഏറെ പ്രയാസമനുഭവിക്കുന്ന മടക്കര, ചെറുകുന്ന് തറ ഭാഗത്തേക്ക് ജൂണ്‍ ഒന്നുമുതല്‍ ബസ് ഗതാഗതം പുനരാരംഭിക്കാനാണ് തീരുമാനം. ഇതനുസരിച്ച് മടക്കര, ഇല്ലിപ്പുറം-കച്ചേരിത്തറ-ചെറുകുന്ന് തറ ബസ്സുകള്‍ പുതുതായി നിര്‍മിച്ച പാപ്പിനിശ്ശേരി മേല്‍പ്പാലം വഴി പോവും. ഇതിന്റെ പരീക്ഷണ ഓട്ടം നാളെ നടക്കും.ഇതുവഴിയുള്ള റോഡിന്റെ ഒരു വശത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ നിലവില്‍ പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലം വഴി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോവുന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ബസ് ഗതാഗതം ഇല്ലാത്തത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് നിയന്ത്രണ വിധേയമായി മടക്കര-ചെറുകുന്ന് തറ ഭാഗത്തേക്ക് ഇതുവഴിയുള്ള ബസ് ഗതാഗതം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്.    ഒരു സമയത്ത് ഒരു ഭാഗത്തേക്ക് മാത്രം വാഹനം കടത്തിവിട്ടാണ് ഇത് സാധ്യമാക്കുക. ഇതിനായി പോലിസ് ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ഇതുകാരണം വളപട്ടണം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് വരാത്തരീതിയില്‍ ആവശ്യമായ ക്രമീകരണം നടത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം താവം പബ്ലിക് ലൈബ്രറി റോഡ് വണ്‍വേ ആക്കാനും യോഗം തീരുമാനിച്ചു. താവം റെയില്‍വേ ഗേറ്റ് റോഡില്‍ പോലിസിനെ നിയോഗിച്ച് ഗതാഗത തടസ്സം ഒഴിവാക്കും.നാലുവര്‍ഷം മുമ്പ് ആരംഭിച്ച പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നിര്‍മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന് ടി വി രാജേഷ് എംഎല്‍എ കുറ്റപ്പെടുത്തി. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പണി പൂര്‍ത്തിയാവുന്ന കൃത്യമായ തിയ്യതിയും ഒരോ രണ്ടാഴ്ച കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തിപുരോഗതിയും വ്യക്തമാക്കുന്ന പട്ടിക കെഎസ്ടിപി, കരാറുകാര്‍ തുടങ്ങിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പുവച്ച് ജൂണ്‍ ഒന്നിന് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ആസിഫ് കെ യൂസുഫ്, എഡിഎം ഇ മുഹമ്മദ് യൂസുഫ്, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്സന്‍ കുഞ്ഞി, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി റീന, കെ എം ഷാജി എംഎല്‍എയുടെ പ്രതിനിധി, കെഎസ്ടിപി, പോലിസ്, ആര്‍ടിഒ, ദേശീയപാത ഉദ്യോഗസ്ഥര്‍, കരാരുകാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss