|    Jan 17 Tue, 2017 3:33 am
FLASH NEWS

മടക്കരയിലെ മല്‍സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പായി

Published : 7th October 2016 | Posted By: Abbasali tf

ചെറുവത്തൂര്‍: മടക്കര തുറമുഖം കേന്ദ്രീകരിച്ച് മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന യന്ത്രവല്‍കൃത തോണിയിലെ തൊഴിലാളികളും ബോട്ടുകളിലെ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം പതിവാകുന്ന സാഹചര്യത്തില്‍ കോസ്റ്റല്‍ പോലിസിന്റെ ഇടപെടല്‍ മൂലം പ്രശ്‌നം ഒഴിവാകുന്നു. അശാസ്ത്രീയ മല്‍സ്യബന്ധനത്തിന്റെ പേരില്‍ ഏഴിമലയ്ക്കടുത്ത് കടലില്‍ വച്ച് യന്ത്രവത്കൃത തോണിയിലെ തൊഴിലാളികള്‍ ബോട്ടുകളിലെ തൊഴിലാളികളെ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മടക്കര തുറമുഖത്തുണ്ടായ സംഘര്‍ഷാന്തരീക്ഷം ലഘുകരിക്കുന്നതിനാണ് ഇന്നലെ രാവിലെ കാസര്‍കോട് തീരദേശ പോലിസ് സിഐ പി കെ സുധാകരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്. രണ്ട് ബോട്ടുകളിലായി ഘടിപ്പിക്കുന്ന ഡബിള്‍ നെറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തം മല്‍സ്യസമ്പത്തിനെ നശിപ്പിക്കുന്നു, ഇത്തരം വലകള്‍ കുഞ്ഞുമീനുകളെ കൂടി കോരിയെടുക്കുന്നതിനാല്‍ കടുത്ത വംശനാശഭീഷണിയാണ് നേരിടുന്നതെന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടലില്‍ വച്ച് ബോട്ടുടമകളെ യന്ത്രവല്‍കൃത തൊഴിലാളികള്‍ മര്‍ദ്ദിക്കുന്നുവെന്നും ഇത്തരം സംഘര്‍ഷം ഭയന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങേണ്ട സാഹചര്യമാണെന്നും ബോട്ടുടമകളും പറഞ്ഞു. മടക്കര തുറമുഖം കേന്ദ്രീകരിച്ച് 300ഓളം ബോട്ടുകളാണ് മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നത്. കടലില്‍ വച്ചുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്നുംഅശാസ്ത്രീയമായ മല്‍സ്യബന്ധനം അനുവദിക്കില്ലെന്നും അക്രമസംഭവങ്ങളിലേര്‍പ്പെടുകയോ അശാസ്ത്രീയമായ മല്‍സ്യബന്ധനം നടത്തുകയോ ചെയ്താല്‍ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുന്നതടക്കമുള്ള നടപടികള്‍ ഫിഷറീസ് വകുപ്പ് കൈക്കൊള്ളുമെന്നും സിഐ പി കെ സുധാകരന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക