|    Jan 19 Thu, 2017 8:48 pm
FLASH NEWS

മടക്കയാത്രാക്കൂലി കാരുണ്യപ്രവൃത്തികള്‍ക്കായി നീക്കിവച്ച് യുവ ഓട്ടോ ഡ്രൈവര്‍

Published : 7th October 2016 | Posted By: Abbasali tf

ചാലക്കുടി: മടക്കയാത്രക്കൂലി കാരുണ്യപ്രവൃത്തികള്‍ക്കായി നീക്കിവച്ച് യുവ ഓട്ടോഡ്രൈവര്‍ മാതൃകയാവുന്നു. പോട്ട ചിറയത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ മകന്‍ അജയ്‌മോനാണ് ഓട്ടോതൊഴിലാളികള്‍ക്കും നാടിനും അഭിമാനമാകുന്നത്. അജയ്‌മോന്റെ ഓട്ടോറിക്ഷയില്‍ കാരുണ്യപ്രവര്‍ത്തികള്‍ക്കായുള്ള പണം സ്വരൂപിക്കാന്‍ പ്രത്യേക ബോക്‌സ് ഘടിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസത്തെ വരുമാനത്തിന്റെ നിശ്ചിത തുകയും അതിന് പുറമെ മടക്കയാത്രയില്‍ ലഭിക്കുന്ന മുഴുവന്‍ പണവും ഈ ഓട്ടോ ഡ്രൈവര്‍ ഇതില്‍ നിക്ഷേപിക്കും. മാസവസാനം ഈ പണം എണ്ണിതിട്ടപ്പെടുത്തി അര്‍ഹിക്കുന്നവര്‍ക്ക് വീട്ടിലെത്തിച്ച് കൊടു ക്കും. ആറ് മാസമായി അജയ് ഈ പുണ്യപ്രവര്‍ത്തികള്‍ക്ക് മുടക്കം വരുത്താതെ നടത്തിവരികയാണ്. ആര്‍ഭാട ജീവിതത്തില്‍ നിന്നും ഒരു വിഹിതമല്ല അജയ് മാറ്റിവയ്ക്കുന്നത്. വയസ്സായ പിതാവും ഭാര്യയും കുട്ടിയും അടങ്ങുന്ന കുടംബത്തിന്റെ വരുമാനത്തില്‍ നിന്നും വലിയൊരു പങ്കാണ് അര്‍ഹിക്കുന്നവര്‍ക്കായി നല്‍കുന്നത്.  പ്രതിമാസം ശരാശരി അയ്യായിരത്തോളം രൂപ സ്വരൂപിക്കാന്‍ കഴിയുന്നുണ്ടെന്ന് അജയ് പറയുന്നു. പ്രാരബ്ധങ്ങളുടെ നടുവില്‍ ജീവിക്കുന്ന ഈ ഓട്ടോ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ കാരുണ്യ ബോക്‌സ് തുറന്ന് പണം കടമെടുക്കാതിരിക്കാനായി അജയ് കാരുണ്യ ബോക്‌സിന്റെ താക്കോല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരണ നല്‍കിയ സി ട്രീസ പോളിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. എല്ലാ മാസവസാനവും ഓട്ടോയുമായി സിസ്റ്ററുടെ അടുത്തെത്തി പെട്ടി തുറന്ന് പണം എണ്ണിതിട്ടപ്പെടുത്തും. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനയായ സാരഥിയില്‍ അംഗമായതിനെ തുടര്‍ന്നാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ അജയിന് ആവേശമായത്. സംഘടന നല്‍കുന്ന പ്ലാസ്റ്റിക് ബോക്‌സില്‍ പ്രതിദിനം പത്ത് രൂപ നിക്ഷേപിച്ച് മാസവസാനം കാരുണ്യപ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ മുന്നൂറ് രൂപ കൊടുത്താല്‍ എന്ത് ഉപകാരമാണുണ്ടാവുക എന്ന ചിന്തയാണ് അജയിനെ കാരുണ്യബോക്‌സ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. സംഘടനിലെ മറ്റംഗങ്ങള്‍ പ്രതിമാസം മുന്നൂറ് രൂപ സ്വരൂപിക്കുമ്പോള്‍ അജയ് അയ്യായിരം രൂപയാണ് നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക