|    Jan 25 Wed, 2017 3:10 am
FLASH NEWS

മഞ്ഞപ്പട മിന്നി, അര്‍ജന്റീന മങ്ങി

Published : 13th October 2016 | Posted By: SMR

ആംസ്റ്റര്‍ഡാം/ടോര്‍ഷാന്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ടൈറ്റിന്റെ ശിക്ഷണത്തിലിറങ്ങിയ ബ്രസീല്‍ പട വിജയമാഘോഷിച്ചത്. ഗബ്രിയേല്‍ ജീസസ്, വിങ്കര്‍ വില്യന്‍ എന്നിവരാണ് ടീമിന് വേണ്ടി വലകുലുക്കിയത്.
എന്നാല്‍ കരുത്തരായ അര്‍ജന്റീന സ്വന്തം നാട്ടില്‍ പരാഗ്വേയോട് നാണം കെട്ട തോല്‍വി എറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാഗ്വേക്ക് മുന്നില്‍ അര്‍ജന്റൈന്‍ നിര വീണത്. ഡെര്‍ലിസ് ഗോന്‍സാലസിന്റെ ഗോളാണ് പരാഗ്വേയെ വിജയമണിയിച്ചത്.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഇല്ലാതെയാണ്  ബ്രസീല്‍ വെനസ്വേലയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. നെയ്മര്‍ക്ക് പകരം ടീമിലിടം ലഭിച്ച വില്യന്‍ നെയ്മറിന്റെ കുറവറിയിക്കാതെ മികച്ച പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ചു. കളി തുടങ്ങി എട്ടാം മിനിറ്റ് ആയപ്പോഴേക്കും കരുത്തു തെളിയിച്ച് ബ്രസീല്‍ ആദ്യം വലകുലുക്കി വെനസ്വേലയ്ക്ക് ഷോക്ക് നല്‍കി.
സ്‌ട്രൈക്കര്‍ ജീസസ് ആണ് ടീമിന് ഗോള്‍ സമ്മാനിച്ചത്. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഗോല്‍നേട്ടത്തോടെ ആത്മവിശ്വാസം ലഭിച്ച മഞ്ഞപ്പടയാളികള്‍ വെനസ്വേലന്‍ ഗോള്‍മുഖത്ത് അക്രമണം അഴിച്ചുവിട്ടു. നേരിയ വിത്യാസത്തില്‍ ഗോളുകള്‍ അകന്നു നിന്നെങ്കിലും ഒന്നാം പകുതിയില്‍ വ്യക്തമായ മുന്‍തൂക്കത്തോടെയായിരുന്നു ബ്രസീല്‍ പിരിഞ്ഞത്.
രണ്ടാ പകുതിയിലും മികച്ച പ്രകടനമാണ് ടൈറ്റിന്റെ കീഴില്‍ കളിക്കുന്ന ബ്രസീല്‍ കാഴ്ചവെച്ചത്. പ്രതിരോധത്തിലേക്കൊതുങ്ങാതെ ഗോളിനായി വീണ്ടും വീണ്ടും താരങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ കളിയുടെ 55ാം മിനിറ്റില്‍ നെയ്മറിന് പകരക്കാരനായി ഇറങ്ങിയ വില്യന്‍ വലകുലുക്കി ടീമിന്റെ ലീഡുയര്‍ത്തി.
രണ്ടു ഗോളുകള്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാന്‍ വെനസ്വേലയെ അനുവദിക്കാതെ ബ്രസീലിയന്‍ പ്രതിരോധനിര കോട്ട കാത്തപ്പോള്‍ വെനസ്വേലയ്ക്ക് മുട്ടു മടക്കാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു. സീസണിലെ സൗത്ത് ആഫ്രിക്കന്‍ ഗ്രൂപ്പിലെ 10 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വെനസ്വേലക്കെതിരെയുള്ള ജയത്തോടെ ബ്രസീല്‍ തലപ്പത്തെത്തി.
മെസിയുടെ അഭാവത്തില്‍ പരാഗ്വേയെ നേരിടാനിറങ്ങിയ അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് കളി പിഴച്ചു. തുടക്കം മുതലേ മികച്ച പ്രകടനം പുറത്തെടുത്ത പരാഗ്വേയ്ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനെ അര്‍ജന്റീനയ്ക്കായുള്ളൂ. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ലക്ഷ്യം കണ്ടെത്തിയ പരാഗ്വേയ്ക്ക് മുന്നില്‍ ഓടി തളര്‍ന്നതല്ലാതെ ലക്ഷ്യം കാണാന്‍ അര്‍ജന്റീനയ്ക്കായില്ല. സൂപ്പര്‍ താരം മെസിയുടെ അഭാവം ടീമില്‍ നിറഞ്ഞ് നിന്നിരുന്നു.
മധ്യ നിരയില്‍നിന്ന് ലഭിക്കുന്ന പാസുകളെ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ മെസിയില്ലാത്ത മുന്നേറ്റ നിരയ്ക്കായില്ല. പ്രതിരോധ നിരയിലെ പരിചയസമ്പന്നനായ പാബ്ലോ സാംബള്‍ട്ടയുടെ അഭാവവും ടീമിന് തിരിച്ചടിയായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തോല്‍വിയോടെ അഞ്ചാം സ്ഥാനത്തേക്ക് അര്‍ജന്റീന പിന്തള്ളപ്പെട്ടു.
ഓസ്‌കാര്‍ ടാബറസിന്റ പരിശീലനത്തിന് കീഴില്‍ കളത്തിലിറങ്ങിയ ഉറുഗ്വോക്ക് ജോസ് പെക്കര്‍മാന്‍ നയിക്കുന്ന കൊളംബിയക്ക് മുന്നില്‍ 2-2 സമനില വഴങ്ങേണ്ടി വന്നു. കളിയുടെ 16ാം മിനിറ്റില്‍ ആബേല്‍ അഗ്വിലറിലൂടെ ഗോള്‍ നേടി കൊളംബിയ ഉറുഗ്വോയെ ഞെട്ടിച്ചു എന്നാല്‍ 27ാം മിനിറ്റില്‍ ഗോള്‍മടക്കി ഉറുഗ്വേ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ റോഡ്രിഗസ് ടീമിന് സമനില ഗോള്‍ സമ്മാനിച്ചു.
രണ്ടാം പകുതിയിലെ 73ാം മിനിറ്റില്‍ ബാഴ്‌സലോണയുടെ സ്്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് നേടിയ ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തിയെങ്കിലും കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ 84ാം മിനിറ്റല്‍ യേറി മിനയിലൂടെ കൊളംബിയ സമനില ഗോള്‍ കണ്ടെത്തി മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചു.
ചിലി പെറു മല്‍സരത്തില്‍ 2-1 ന് പെറുവിനെ തകര്‍ത്ത് കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലി വിജയമാഘോഷിച്ചു. ആര്‍ട്യൂറോ വീഡല്‍ 10ാം മിനിറ്റിലും 85ാം മിനിറ്റിലുമായി നേടിയ ഇരട്ടഗോളാണ് ടീമിന് മിന്നും ജയം നല്‍കിയത്. പെറുവിന് വേണ്ടി എഡിസന്‍ ഫ്‌ളോറസാണ് ഗോള നേടിയത്.
മറ്റു മല്‍സരങ്ങളില്‍ ചെക്ക് റിപ്ലബ്ലിക് അസര്‍ബൈജാന്‍ മല്‍സരം സമനിലയില്‍ അവസാനിച്ചു. ലോകകപ്പ് ചാംപ്യന്‍മാരായ ജര്‍മനി നോര്‍ത്തേന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. നോര്‍വേ സാന്‍മറീനോ മല്‍സരത്തില്‍ നോര്‍വ 4-1 ന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. പോളണ്ട് 2-1 ന് അര്‍മേനിയയേയും തകര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക