|    Apr 29 Sat, 2017 4:51 pm
FLASH NEWS

മഞ്ഞക്കടലില്‍ പെറുവിനെ മുക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും

Published : 16th November 2016 | Posted By: SMR

ലിമ: ബ്രസീല്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഓരോ ആരാധകനും ഇന്ന് കാത്തിരുന്ന ദിവസമാണ്. ഈ വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ എതിരില്ലാത്ത ഒരു ഗോളിന് തങ്ങളെ നാണം കെടുത്തിയ പെറുപ്പടയ്ക്ക് ഗോളുകള്‍ക്കൊണ്ട് കണക്കു തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ബ്രസീലിന്റെ മുന്നിലുള്ളത്. കണക്കുകളെ ബാക്കിവനെക്കാതെ കളിക്കളത്തില്‍തന്നെ മറുപടി നല്‍കുന്ന മഞ്ഞപ്പട നാളെ ഇരമ്പിയടിച്ചാല്‍ പെറുവിന് ചിലപ്പോള്‍ കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വരും. 2018 ലെ റഷ്യന്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മല്‍സരങ്ങളില്‍ വിജയക്കുതിപ്പ് തുടരാന്‍ ബ്രസീല്‍ ഇന്ന് പെറുവിനെ നേരിടുമ്പോള്‍ മല്‍സരം തീപാറുമെന്നുറപ്പ് .
അവസാന അങ്കത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ പരാഗ്വേയെ തോല്‍പ്പിച്ച പോരാട്ട വീര്യത്തോടെയാണ് പെറുവിറങ്ങുന്നത്. താര സമ്പന്നമായ ബ്രസീലിയന്‍ പട മികച്ച ഫോമിലാണെങ്കിലും ഏതു ടീമിനേയും മുക്കാനുള്ള പ്രഹരശേഷിയുള്ള ടീമാണ് പെറു. യോഗ്യതാ റൗണ്ടില്‍ കടക്കണമെങ്കില്‍ 28 പോയിന്റുകള്‍ വേണമെന്നിരിക്കെ പെറുവിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്.
മഞ്ഞപ്പട വിജയിച്ച് മുന്നോട്ട്
തെക്കേ അമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായാണ് മഞ്ഞപ്പടയുടെ യോഗ്യതാ മല്‍സരങ്ങളിലെ കുതിപ്പ്. ആദ്യ മല്‍സരത്തില്‍ എതിരാളി ഉറുഗ്വോയായിരുന്നു. ശക്തരായ ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും 2-2 സമനിലയില്‍ മല്‍സരം അവസാനിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ പരസ്പരം ശക്തി പരീക്ഷിച്ചപ്പോള്‍ ബ്രസീലിനായി ഡഗ്ലസ് കോസ്റ്റയും റെനോറ്റ അഗ്യൂസ്‌റ്റോയും വലകുലുക്കിയപ്പോള്‍ ഉറുഗ്വോയുടെ ഗോളുകള്‍ സൂപ്പര്‍ താരങ്ങളായ എഡിസണ്‍ കവാനിയും ലൂയി സുവാരസും നേടി.
രണ്ടാം മല്‍സരത്തിലും ബ്രസീലിന് സമനിലക്കുരുക്കു വീണു. പരാഗ്വേയുടെ യുവ പോരാളികള്‍ക്ക് മുന്നില്‍ ബ്രസീലിയന്‍ നിരയ്ക്ക് 2-2 സമനില വഴങ്ങേണ്ടി വന്നു. പ്രതിരോധ നിര അമ്പേ പാളിയ മല്‍സരത്തില്‍ തോല്‍വി ഭാഗ്യം കൊണ്ടാണ് ബ്രസീല്‍ ടീം വഴങ്ങാതിരുന്നത്.
ഇക്ക്വഡോറിനെതിരേ ബ്രസീല്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. പഴുതുകളില്ലാതെ ആര്‍ത്തിരമ്പി കളിച്ചുമുന്നേറിയ ബ്രസീല്‍ നിരയ്ക്ക് മുന്നില്‍ 3-0 ന് ഇക്വഡോര്‍ തോല്‍വി സമ്മതിച്ചു. സൂപ്പര്‍ താരങ്ങളായ നെയ്മറും വാള്‍ട്ടര്‍ അയോവിയും ഗബ്രിയേല്‍ ജീസസും ബ്രസീലിനായി വലകുലുക്കി കരുത്തുകാട്ടി.
ആദ്യവസാനം മികച്ച പോരാട്ടങ്ങള്‍ കാഴ്്ചവെച്ചതിനൊടുവിലാണ് ബ്രസീല്‍ കൊളംബിയയ്‌ക്കെതിരേ 2-1 ന്റെ വിജയം നേടിയെടുത്തത്. അടുത്ത മല്‍സരത്തില്‍ താരതമ്യേനെ ദുര്‍ബലരായ ബൊളീവിയയെ 5-0 ന് ബ്രസീല്‍ നാണംെകടുത്തി. നെയ്മറും ഫിലിപ്പ് കോട്ടീഞ്ഞോയും ഫിലിപ്പ് ലൂയിസും ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയുമെല്ലാം ബ്രസീലിനായി വലകുലുക്കി. അടുത്ത മല്‍സരത്തില്‍ വെനസ്വേലയേയും 2-0ന് തകര്‍ത്ത ബ്രസീല്‍ ആവേശകരമായ മല്‍സരത്തില്‍ ചിരവൈരികളായ അര്‍ജന്റീനയേയും മുട്ടുത്തിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റൈന്‍ പടയെ മഞ്ഞപ്പടയാളികള്‍ കെട്ടുകെട്ടിച്ചത്.

അട്ടിമറിക്കാന്‍ തായാറായി പെറുവും
പെറു 2004ന് ശേഷം ഇതുവരെ ലോകകപ്പ് യോഗ്യത നേടാനാകാത്ത ടീമുകളിലൊന്നാണ്. കഴിഞ്ഞ യോഗ്യതാ മല്‍സരങ്ങളിലെല്ലാം തന്നെ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പെറുവിനായിട്ടില്ല. യോഗ്യതാ മല്‍സരത്തില്‍ ആദ്യ എതിരാളികളായ വെനസ്വേലയോട് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 2-2 സമനിലയില്‍ മല്‍സരം അവസാനിച്ചു.  രണ്ടാം പകുതിയില്‍ പൗലോ ഗുറേറയും റൂള്‍ റൂഡിയാസും സമനില ഗോളുകള്‍ നേടി പെറുവിനെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചു.
രണ്ടാം മല്‍സരത്തില്‍ കരുത്തരായ ഉറുഗ്വോയോട് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിന് മുട്ടുമടക്കേണ്ടി വന്നു.
എന്നാല്‍ ബൊളീവയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത പെറുത്താരങ്ങള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്  വിജയിച്ചത്. ജയത്തോടെ കൂടുതല്‍ കരുത്തുകാട്ടിയ പെറു അടുത്ത മല്‍സരത്തില്‍ ഇക്കഡോറിനെ 2-1 ന് തറപറ്റിച്ചു. പെറുവിനായി ക്രിസ്റ്റ്യന്‍ ക്യൂവയും റെനാറ്റോ ടാപ്പിയയും ഗോള്‍വലകുലുക്കിയപ്പോള്‍ യോഗ്യതാമല്‍സരങ്ങളില്‍ തങ്ങളുടെ രണ്ടാം ജയവും പെറു സ്വന്തമാക്കി.
ശക്തരായ അര്‍ജ ന്റൈന്‍ പടയ്‌ക്കെതിരേ  ജയത്തിന് തുല്യമായ പ്രകടനം പുറത്തെടുത്താണ് പെറു 2-2 സമനില നേടിയെടുത്തത്. അടുത്ത മല്‍സരത്തില്‍ കോപ്പ ചാംപ്യന്‍മാരായ ചിലിക്ക് മുന്നില്‍ പെറു വീണു. ശക്തരായ ചിലിയോട് പതിനെട്ടടവും പയറ്റിയെങ്കിലും 2-1 ന്റെ തോല്‍വി പെറുവിനേറ്റുവാങ്ങേണ്ടി വന്നു.  അവസാന മല്‍സരത്തില്‍ ഗോളിലാറാടിയാണ് പെറു വിജയിച്ചത്. പരാഗ്വോയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് പെറു തകര്‍ത്തുകളഞ്ഞത്. 11 മല്‍സരങ്ങളില്‍നിന്ന് നാല് ജയമാണ് യോഗ്യതാ മല്‍സരങ്ങളില്‍ പെറുവിന്റെ സമ്പാദ്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day