|    Jan 18 Wed, 2017 12:45 am
FLASH NEWS
Home   >  Life  >  Women  >  

മഞ്ജുവാര്യരുടെ പച്ചക്കറി കൃഷിയും വജ്രവ്യാപാരവും

Published : 4th September 2015 | Posted By: admin

manju

 

കേരളത്തില്‍ ടെറസ് പച്ചക്കറി കൃഷിയെന്ന ആശയം ആദ്യമായി കണ്ടുപിടിച്ചത് നടി മഞ്ജുവാര്യരാണോയെന്നാണ് ചില കുടുംബശ്രീ പ്രവര്‍ത്തകരുടെ ചോദ്യം. വീട്ടമ്മമാരുടെ ടെറസ് പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കാനായി നടി മഞ്ജുവാര്യരെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാനുള്ള സാമൂഹിക ക്ഷേമവകുപ്പിന്റെ തീരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അസ്വാരസ്യമുണ്ടാക്കിയതും വാര്‍ത്തയായിരുന്നു.

മഞ്ജുവാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലെ കഥാപാത്രം ടെറസ് പച്ചക്കറി കൃഷി നടത്തുന്നതില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി മുനീര്‍ അവരെ ടെറസ് പച്ചക്കറിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

ഇത് കേരളത്തില്‍ ആദ്യമായി ചെയ്തത് മഞ്ജുവാര്യരല്ല. ധാരാളം കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ കൃഷി ചെയ്ത് ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്. അതൊന്നും ഒരു മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. മാത്രമല്ല അവര്‍ക്കൊന്നും ഒരു പ്രോല്‍സാഹനമോ സഹായങ്ങളോ ലഭിച്ചിട്ടുമില്ല. എന്നാല്‍, സിനിമയില്‍ പച്ചക്കറി നട്ടപ്പോള്‍ മാത്രമാണ് സാമൂഹികക്ഷേമ വകുപ്പ് ടെറസ് പച്ചക്കറിയെ കുറിച്ച് അറിയുന്നത്. പ്രശസ്തി മാത്രം ലക്ഷ്യം വച്ച് നടിയെ ബ്രാന്‍ഡ് അംബാസഡറാക്കിയതിന് പിന്നിലെ താല്‍പ്പര്യം കുടുംബശ്രീയില്‍ തന്നെ പലര്‍ക്കും അത്ര പിടിച്ചിട്ടില്ലായിരുന്നു.

ടെറസ് പച്ചക്കറി അടക്കമുള്ള ജൈവകൃഷികള്‍ സംസ്ഥാനത്ത് പലരീതിയിലും പലയിടത്തും പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. സ്‌കൂളുകളില്‍ പോലും ഇന്ന് സജീവമായി പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുകയും കുട്ടികളെ കൊണ്ട് കൃഷി ചെയ്യിപ്പിച്ച് വിളവെടുക്കുകയും ചെയ്യുന്നുണ്ട്. കുടുംബശ്രീയിലെ തന്നെ അംഗങ്ങളായിട്ടുള്ള പല സ്ത്രീകളും നല്ലൊരു വരുമാനമാര്‍ഗമായി കണ്ട് പച്ചക്കറി കൃഷി കാലങ്ങളായി ചെയ്തുപോരുന്നുണ്ട്.

ഇതില്‍ പലതിനെയും കുറിച്ച് പത്രവാര്‍ത്തകളും വന്നിട്ടുമുണ്ട്. എന്നാല്‍, നമ്മുടെ സാമൂഹികക്ഷേമ വകുപ്പ് ഇത്രയും കാലം ഇതൊന്നും കണ്ടിരുന്നില്ല. ഹൗ ഓള്‍ഡ് ആര്‍ യു കണ്ടപ്പോള്‍ മാത്രമാണ് കേരളത്തില്‍ ഇങ്ങനെയും ഒരു സാധ്യതയുണ്ടെന്ന് വകുപ്പ്തലത്തില്‍ മനസ്സിലായത്.

അതിനാലാവണം പെട്ടെന്ന് തന്നെ നടിയെ അംബാസഡറാക്കാനുള്ള പ്രഖ്യാപനമുണ്ടായത്. കൊച്ചിയില്‍ സ്ത്രീകള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിരത്തിലിറക്കിയ ഷി ടാക്‌സിയുടെ ഉദ്ഘാടന വേളയില്‍ തന്നെ മന്ത്രി, സിനിമയെ കുറിച്ച് സൂചിപ്പിക്കുകയും സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയും ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. ഷി ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജുവിനെ തിരഞ്ഞെടുത്തതില്‍ ആരും എതിര്‍പ്പ് പറയാനിടയില്ല.

എന്നാല്‍, കാലങ്ങളായി നാട്ടിന്‍പുറത്തും നഗരത്തിലും സ്ത്രീകള്‍ സ്വയം അധ്വാനിച്ച് ജൈവകൃഷിയും മറ്റും ചെയ്ത് വിജയം കൈവരിച്ചതിന് ശേഷം പെട്ടെന്നൊരു ദിവസം ഒരു സിനിമയുടെ പേരില്‍ സാമൂഹിക ക്ഷേമ വകുപ്പിനുണ്ടായ ബോധോദയത്തെയാണ് പലരും ചോദ്യം ചെയ്യുന്നത്. സിനിമാതാരത്തെ ബ്രാന്‍ഡ് അംബാസഡറാക്കിയതിലുപരി ഈ രംഗത്ത് സജീവമായി ഇടപെടേണ്ട ആളുകള്‍ക്ക് ഇത്തരം പ്രഖ്യാപനങ്ങളിലുള്ള ആത്മാര്‍ഥത എത്രത്തോളമുണ്ടെന്നതാണ് പ്രതിഷേധമുയര്‍ത്തുന്നവരുടെ ചോദ്യം. ആവേശത്തിലുള്ള പ്രഖ്യാപനം കഴിഞ്ഞ് മാസം രണ്ടു കഴിഞ്ഞിട്ടും ഇതുവരെയും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നത് ഈ ആത്മാര്‍ഥതയില്ലായ്മയുടെ ലക്ഷണമാണ്.

പച്ചക്കറി കൃഷി മാത്രമല്ല, കേരളത്തിലെ താഴ്ന്ന തട്ടിലുള്ള ഭൂരിഭാഗം കുടുംബങ്ങളും ഇന്ന് അല്ലലില്ലാതെ ജീവിക്കുന്നതും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതും കുടുംബശ്രീ പോലുള്ള സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെയാണ്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പു വരെ അന്നന്നത്തെ കൂലിവേല കഴിഞ്ഞ് മൂക്കറ്റം മദ്യപിച്ചുവരുന്ന ഭര്‍ത്താവിന്റെ മുന്നിലിരുന്ന് കരഞ്ഞ്തീര്‍ത്ത് നേരം വെളുപ്പിക്കലായിരുന്നു ഭൂരിഭാഗം ഗ്രാമീണ കുടുംബങ്ങളുടേയും വിധി. എന്നാല്‍, ഇന്നതു മാറി.

സോപ്പും കറിപ്പൊടികളും അരിപ്പൊടിയും തുടങ്ങി നിത്യോപയോഗസാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് കൂട്ടായോ ഒറ്റയ്‌ക്കോ വീടുവീടാന്തരം കയറിയിറങ്ങി വിറ്റഴിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്ന കേരളത്തിലെ വനിതകള്‍ ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്. മലയാളികള്‍ എന്നും ആദരിക്കുന്ന താരമാണ് മഞ്ജുവാര്യര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, കുടുംബശ്രീയുടെ പച്ചക്കറി കൃഷിക്ക് ബ്രാന്‍ഡ് അംബാസഡറായ ഈ നടി തന്നെയാണ് പ്രമുഖ ജ്വല്ലേഴ്‌സിന്റെ വജ്രാഭരണ വില്‍പ്പനയ്ക്കുവേണ്ടി ബ്രാന്‍ഡ് അംബാസഡറാവുന്നതും. ഇതു തമ്മിലുള്ള ഒരു ചേര്‍ച്ചയില്ലായ്മ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും തോന്നിയെങ്കില്‍ അവരെ കുറ്റംപറയാനാവില്ലല്ലോ.

സിനിമാതാരങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ പദ്ധതികളിലെ പ്രമോട്ടര്‍മാരായി എത്തുന്നത്. സിനിമകളെയോ താരങ്ങളെയോ യഥാര്‍ഥ ജീവിതത്തില്‍ അനുകരിക്കാന്‍ ഒരു വ്യക്തിയും ഇഷ്ടപ്പെടുന്നില്ലെന്നത് വേറൊരു വസ്തുത. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക്  സ്വര്‍ണക്കച്ചവടവും പച്ചക്കറിക്കച്ചവടവും ഒരേ സമയം ചെയ്യാനാവും. പക്ഷേ,  പ്രായോഗികതലത്തില്‍ ഇത്തരം മേഖലയില്‍ അധ്വാനിക്കുന്നവരെ എങ്ങനെ സഹായിക്കാനാവുമെന്നാണ് ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കള്‍ ആലോചിക്കേണ്ടത്.manjumanju

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 118 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക