|    Oct 18 Thu, 2018 3:57 am
FLASH NEWS

മഞ്ജുവാര്യരുടെ നൃത്തച്ചുവടുകളോടെ ലാവണ്യത്തിന് ഇന്ന് സമാപനം

Published : 6th September 2017 | Posted By: fsq

 

കൊച്ചി: ഓണസന്ധ്യകള്‍ക്ക് കലയുടെ ചാരുതയും നിറച്ചാര്‍ത്തുമേകിയ ലാവണ്യം 2017 ന്റെ നഗരവേദികളിലെ പരിപാടികള്‍ ഇന്നു സമാപിക്കും. സമാപന ദിവസമായ ഇന്ന് വൈകീട്ട് 5.30ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സോപാന സംഗീതജ്ഞനായ ഞരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. തുടര്‍ന്നു 7.30 ന് സിനിമാതാരവും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയോടെ പ്രധാനവേദിയിലെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും. മറൈന്‍ ഡ്രൈവിലെ വേദിയില്‍ വൈകീട്ട് ഏഴിന് പ്രദീപ് ബാബു അവതരിപ്പിക്കുന്ന പിബി ജങ്്ഷന്‍ മ്യൂസിക് ബാന്റും നടക്കും. നഗരത്തിനു പുറത്തുള്ള വേദികളില്‍ 10 ന് കെഎസ് പ്രസാദും സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡ് പെരുമ്പാവൂര്‍ സുഭാഷ് പാര്‍ക്കില്‍ നടക്കും. സപ്തംബര്‍ ഒന്നു മുതലാരംഭിച്ച ലാവണ്യം നാടന്‍, അനുഷ്ഠാന കലാരൂപങ്ങളുടെയും ചടുലവേഗത്തിന്റെ പുതിയ താളങ്ങളുടെയും വൈവിധ്യം നിറഞ്ഞ കലാപ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഓണസ്മരണകളുടെ മധുരവും സന്തോഷവും നിറഞ്ഞ കലാവിഷ്‌ക്കാരങ്ങള്‍ ആസ്വദിക്കാന്‍ നിറഞ്ഞ സദസാണ് എല്ലാ വേദികളിലുമെത്തിയത്. ആദ്യദിനത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാപ്രകടനങ്ങളും തുടര്‍ന്നുള്ള ദിവസത്തെ ഭിന്നശേഷിക്കാരുടെ ഗാനമേളയും ഇന്ത്യന്‍ ഗ്രാമങ്ങളിലെ തനത് നൃത്തച്ചുവടുകള്‍ അവതരിപ്പിച്ച ഗ്രാമോത്സവവും ആഘോഷരാവുകള്‍ക്ക് മാറ്റുകൂട്ടി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മറൈഡ്രൈവ്, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെറായി, മുനമ്പം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ഭൂതത്താന്‍കെട്ട്, കുട്ടമ്പുഴ എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലാണ് കലാസന്ധ്യകള്‍ക്ക് വേദിയൊരുങ്ങിത്.നാടന്‍പാട്ടുകള്‍, തെയ്യം, സൂഫി നൃത്തം, ഗസല്‍ സന്ധ്യ, ഗാനമേള, കോമഡി മെഗാഷോ, കഥാപ്രസംഗം, മഞ്ജുവാര്യര്‍ നയിക്കുന്ന നൃത്തസന്ധ്യ, ഫ്യൂഷന്‍ ബാന്‍ഡ്, വടംവലി മത്സരം, കോല്‍ക്കളി, ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് ഇത്തവണ നടന്നത്. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ലാവണ്യം സംഘടിപ്പിച്ചത്. ലാവണ്യത്തിന്റെ തുടക്കം മുതല്‍ നഗരവീഥികള്‍ ദീപാലങ്കാര പ്രഭയില്‍ മുങ്ങിനിന്നു. ഗാന്ധി സ്മാരകത്തിനു മുന്നിലെ ദീപാലങ്കാരങ്ങളും ആകര്‍ഷകമായി.  ഇന്നലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ അവതരിപ്പിച്ച വേലകളി പുതുമയുള്ള അനുഭവമായി. വിംഗ്‌സ് ഓഫ് ഫയര്‍ അവതരിപ്പിച്ച രാധാമാധവം ക്ലാസിക്കല്‍ ഡാന്‍സ്&  ഫ്യൂഷനും മറൈന്‍ ഡ്രൈവിലെ വേദിയില്‍ വോയ്‌സ് ഓഫ് ഇന്ത്യയുടെ മ്യൂസിക് പ്രോഗ്രാവും നടന്നു. പള്ളുരുത്തി വെളി ശ്രീനാരായണ ഗുരു നഗറില്‍ കോല്‍ക്കളി, പാഷാണം ഷാജിയും സംഘവും നയിക്കുന്ന മെഗാഷോ, ചെറായി ബീച്ചില്‍ മിന്നലെ ഗാനമേള, പിറവം ബസ് സ്റ്റാന്റ്് മൈതാനത്ത് ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്‌കൂളില്‍ മനോജ്് ഗിന്നസ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവയും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss