|    Nov 18 Sun, 2018 10:06 pm
FLASH NEWS

മഞ്ചേശ്വരത്ത് ഭൂരിഭാഗം സ്‌കൂളുകളിലും മലയാളമില്ല

Published : 2nd August 2018 | Posted By: kasim kzm

കാസര്‍കോട്: മലയാള ഭാഷ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ 2017ല്‍ ഇറക്കിയ ഭരണഭാഷാ ഉത്തരവ് മഞ്ചേശ്വരം താലൂക്കില്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. കന്നഡ ഭാഷാന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി വസിക്കുന്ന മേഖലകളില്‍ കന്നഡ ഭാഷാ പഠിക്കുന്നവര്‍ക്ക് തടസ്സമില്ലാതെ ഒരു പീരിയഡെങ്കിലും മലയാള മാതൃഭാഷ പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്.
മലയാളം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി എസ്‌സിഇആര്‍ടി ഇറക്കിയ നമ്മുടെ മലയാളം പാഠ പുസ്തകം ഏറ്റെടുക്കാന്‍ പോലും ഹെഡ്മാസ്റ്റര്‍മാര്‍ തയ്യാറാകുന്നില്ലെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ 40 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 15 ഇടത്ത് മാത്രമാണ് ഇപ്പോള്‍ മലയാളം പഠിപ്പിക്കുന്നത്. താലൂക്കിലെ 45 എയ്ഡഡ് സകുളുകളില്‍ മൂന്നിടത്ത് മാത്രമാണ് മലയാള പഠന സംവിധാനം ഉള്ളത്.
അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ എസ്‌സിഇആര്‍ടിയുടെ കൈപ്പുസ്തകമായ “നമ്മുടെ മലയാളം “ ഇനിയും വാങ്ങാന്‍ അധികൃതര്‍ തയ്യായിട്ടില്ല. വോര്‍ക്കാടി പഞ്ചായത്തിലെ 14 സ്‌കൂളുകളില്‍ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളില്‍ മാത്രമാണ് മലയാളം പഠിക്കാന്‍ സംവിധാനമുള്ളത്. മീഞ്ച പഞ്ചായത്തിലെ 14 സ്‌കൂളുകളില്‍ കടമ്പാര്‍ ഹൈസ്‌കൂളില്‍ മാത്രമാണ് മലയാളം പഠിപ്പിക്കുന്നത്.
ദ്വിഭാഷ വിദ്യാലയങ്ങളില്‍ കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍ പെട്ടവരേ മാത്രമാണ് ഹെഡ്മാമാസ്റ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. ദ്വിഭാഷ വിദ്യാലയങ്ങളില്‍ ഹെഡ്മാമാസ്റ്റര്‍ നിയമനത്തില്‍ 1:1 റേഷ്യോ പാലിക്കണമെന്നാണ് ഭരണഭാഷാ വികസന സമിതിയുടെ ആവശ്യം.
സംസ്‌കൃതം, അറബി, ഉര്‍ദു തുടങ്ങിയ ഭാഷകള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഉള്ളത് പോലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതലായി വസിക്കുന്ന മേഖലയിലുള്ള വിദ്യാലയങ്ങളില്‍ മലയാള പ0നത്തിന് അധ്യാപകരെ നിയമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരം താലൂക്കിലെ വിദ്യാലയങ്ങളില്‍ മലയാളം പഠിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള മലയാള ഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ നാലിന് ഉപ്പള നയാബസാറിലുള്ള മഞ്ചേശ്വരം എഇഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എം കെ അലി മാസ്റ്റര്‍, എസ് വിനായകന്‍, ആര്‍ രമണന്‍ മാസ്റ്റര്‍, അബ്ബാസ് ഓണന്ത, അലി എ ഖാദര്‍, നാസര്‍ കോരിക്കാര്‍, ഗോള്‍ഡന്‍ റഹ്മാന്‍, എം എം കുഞ്ഞി സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss