|    Dec 10 Mon, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസ് മൂന്നിനു ഹൈക്കോടതി പരിഗണിക്കും

Published : 1st December 2018 | Posted By: kasim kzm

കാസര്‍കോട്: മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ നിന്ന് മുസ്്‌ലിംലീഗിലെ പി ബി അബ്ദു ര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയി ല്‍ ഫയല്‍ ചെയ്ത കേസിന്റ വിചാരണ മൂന്നിന് ഹൈക്കോടതിയില്‍ നടക്കും.
എംഎല്‍എ മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിനായി മകന്‍ ശഫീഖ് റസാഖ് കക്ഷിചേര്‍ന്നിട്ടുണ്ട്. എംഎല്‍എ മരിച്ച വിവരം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി ഒക്ടോബര്‍ 26നു നിര്‍ദ്ദേശിച്ചിരുന്നു. കേസി ല്‍ 67 പേര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ സമന്‍സ് അയക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നാലു തവണ സമന്‍സ് അയച്ചിട്ടും സാക്ഷികളാരും ഹാജരായിട്ടില്ല. സാക്ഷികളില്‍ ഭൂരിഭാഗവും വിദേശത്താണ്. ഇവര്‍ക്ക് തിരിച്ചുവരാനുള്ള വിമാന ടിക്കറ്റിന്റെ ചാര്‍ജ് ഹരജിക്കാരനായ കെ സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവച്ചിട്ടില്ല. ഒക്ടോബര്‍ 26നു പരിഗണിച്ച കേസില്‍ രണ്ടുദിവസം കൂടി അവസരം വേണമെന്ന വാദി ഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ഒക്ടോബര്‍ 31ലേക്ക് മാറ്റിയിരുന്നു. കേസുമായി മുന്നോട്ട് പോകണമോ എന്നാ ണ് കോടതി ആരാഞ്ഞിരുന്നത്. കേസുമായി മുന്നോട്ടുപോവുന്നുവെന്ന് വാദിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ഇതേത്തുടര്‍ന്നാണ് കേസ് ഈ മാസം മൂന്നിലേക്ക് മാറ്റിയത്. വേഗം വിചാരണ പൂര്‍ത്തിയാക്കി കേസില്‍ ജനുവരിയോടെ വിധിപറയുമെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രവാസികളുടെയും പരേതാത്മാക്കളുടെയും കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ അഡ്വ. രാംകുമാര്‍ മുഖേനയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
കേസ് ദീര്‍ഘമായി നീട്ടിക്കൊണ്ടുപോവുന്നത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം കേസ് വിസ്താരം കേള്‍ക്കുന്ന ജസ്റ്റിസ് അടുത്തമാസം റിട്ടയര്‍ ചെയ്യും. ഇതിന് മുമ്പ് കേസില്‍ വിധിപറയണം. കേസ് പിന്‍വലിച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ ഹരജിക്കാരന്‍ തയ്യാറാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss