|    Nov 15 Thu, 2018 6:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്പി ബി അബ്ദുര്‍റസാഖിന്റെ മകനടക്കം നാലുപേര്‍ കക്ഷിചേരുന്നു

Published : 7th November 2018 | Posted By: kasim kzm

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ നിന്നു മുസ്‌ലിംലീഗിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിചാരണ അടുത്തമാസം മൂന്നിന് നടക്കും. എംഎല്‍എ മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിനായി മകന്‍ ശഫീഖ് റസാഖ്, മുസ്്‌ലിംലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി, മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ടു ലീഗ് നേതാക്കള്‍ എന്നിവര്‍ കക്ഷിചേരും. ഇതിനുള്ള സത്യവാങ് മൂ ലം 12ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. എംഎല്‍എ മരിച്ച വിവരം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ 26ന് നിര്‍ദേശിച്ചിരുന്നു. എംഎല്‍എയുടെ അഭാവത്തില്‍ മകനാണ് കേസ് നടത്തുന്നത്. ഇതിനാണ് മകന്‍ ശഫീഖ് റസാഖ് കക്ഷിചേരുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ഒഴിവാക്കാന്‍ കേസ് പെട്ടെന്ന് തീര്‍പ്പാക്കി ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ഹാരിസ് ചൂരി അടക്കം മൂന്നുപേര്‍ കക്ഷിചേരുന്നത്.
കേസില്‍ 65 പേര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ സമന്‍സ് അയക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നാലുതവണ സമന്‍സ് അയച്ചിട്ടും സാക്ഷികളാരും ഹാജരായിട്ടില്ല. സാക്ഷികളില്‍ ഭൂരിഭാഗവും വിദേശത്താണ്. ഇവര്‍ക്ക് തിരിച്ചുവരാനുള്ള വിമാന ടിക്കറ്റിന്റെ ചാര്‍ജ് ഹരജിക്കാരനായ കെ സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവച്ചിട്ടില്ല. കഴിഞ്ഞ 26ന് പരിഗണിച്ച കേസില്‍ രണ്ടു ദിവസം കൂടി അവസരം വേണമെന്ന വാദിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് കഴിഞ്ഞ 31ന് കോടതി പരിഗണിച്ചിരുന്നു. കേസുമായി മുന്നോട്ട് പോവണമോ എന്നായിരുന്നു കോടതി ആരാഞ്ഞിരുന്നത്. കേസുമായി മുന്നോട്ട് പോവുന്നുവെന്നു വാദിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ഇതേത്തുടര്‍ന്നാണ് കേസ് അടുത്തമാസം മൂന്നിലേക്ക് മാറ്റിയത്. വേഗം വിചാരണ പൂര്‍ത്തിയാക്കി കേസില്‍ ജനുവരിയോടെ വിധിപറയുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രവാസികളുടെയും പരേതാത്മാക്കളുടെയും കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ അഡ്വ. രാംകുമാര്‍ മുഖേനയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മണ്ഡലത്തിലെ 291 വോട്ടര്‍മാരേ വിസ്തരിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതില്‍ 91 പേരെ നേരത്തേ കോടതി വിസ്തരിച്ചു. ആറ് പരേതാത്മാക്കളുടെ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചിരുന്നു. ഇതില്‍ ഷിറിയയിലെ മൊയ്തീന്‍ കുഞ്ഞി, ഉപ്പളയിലെ ഹസയ്‌നാര്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി.
ഉപ്പള മുളിഞ്ചയിലെ എ അഹ്മദ്, പൈവളിഗെയിലെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മരണപ്പെട്ടിരുന്നു. ഇതിന്റെ രേഖകള്‍ ബന്ധുക്കള്‍ കോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍, പ്രവാസികളുടെ കള്ളവോട്ടുകള്‍ ചെയ്തുവെന്ന ഹരജിക്കാരന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതാനും മാസം മുമ്പു നടന്ന സിറ്റിങില്‍ മഞ്ചേശ്വരം മണ്ഡലത്തിന്റെ ഒമ്പതു വോട്ടര്‍മാര്‍ക്ക് പോലിസ് സംരക്ഷണത്തോടുകൂടി ആമീന്‍ സമന്‍സ് നല്‍കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസിന്റെ സഹായത്തോടെ കോടതിയിലെ ആമീന്‍ സമന്‍സുമായി മഞ്ചേശ്വരം കാടിയാറിലെ സിദ്ദീഖ്, ബങ്കര മഞ്ചേശ്വരത്തെ മുസ്തഫ, സുലൈമാന്‍, ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ നിസാം, രാമത്ത് മജലിലെ മുഹമ്മദ് നിയാസ്, സിദ്ദീഖ്, മുസ്തഫ എന്നിവര്‍ക്ക് സമന്‍സ് നല്‍കാന്‍ എത്തിയിരുന്നുവെങ്കിലും ഇവര്‍ സ്ഥലത്തില്ലാത്തതിനാല്‍ സമന്‍സ് കൈപ്പറ്റിയിട്ടില്ല. ഇവര്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 19, 20 ബൂത്തുകളിലെ വോട്ടര്‍മാരായിരുന്നു. കേസ് ദീര്‍ഘമായി നീട്ടിക്കൊണ്ടുപോവുന്നത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് മുസ്്‌ലിംലീഗ് നേതാക്കള്‍ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss