|    Nov 21 Wed, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാന ഘട്ടത്തില്‍

Published : 12th August 2018 | Posted By: kasim kzm

മഞ്ചേശ്വരം: നിയമസഭാ മണ്ഡലത്തില്‍ നിന്നു യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്തു, പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസ് അവസാന ഘട്ടത്തിലേക്ക്. ഹരജിക്കാരന്റെ ആവശ്യത്തെ തുടര്‍ന്ന് സ്പീഡ് പോസ്റ്റ് സമന്‍സ് അയച്ച 65 പേരെ ഈ മാസം 16, 17, തിയ്യതികളില്‍ ഹൈക്കോടതി വിസ്തരിക്കും.
കഴിഞ്ഞ മാസം 11ന് നടന്ന സിറ്റിങില്‍ സാക്ഷികളായി 69 പേര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്ന വാദിഭാഗം അഭിഭാഷകന്റെ അപേക്ഷയിലാണ് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍, വാദിഭാഗം ന ല്‍കിയ സാക്ഷിപ്പട്ടിക പുനപ്പരിശോധിക്കണമെന്ന എംഎല്‍എയുടെ അഭിഭാഷകന്റെ അപേക്ഷയെ തുടര്‍ന്ന് ലിസ്റ്റ് പുനപ്പരിശോധിച്ചപ്പോള്‍ നേരത്തേ ഹാജരായ രണ്ടുപേരുടെയും മരണപ്പെട്ട രണ്ടുപേരുടെയും ലിസ്റ്റാണ് സമര്‍പ്പിച്ചതെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്ന് കോടതി നാലുപേരെ ഒഴിവാക്കി. 65 പേര്‍ക്ക് ഈ മാസം 16, 17 തിയ്യതികളില്‍ ഹാജരാവാന്‍ ഹൈക്കോടതി സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കുകയായിരുന്നു. മരിച്ചവരും വിദേശത്തും ഉള്‍പ്പെടെയുള്ള 291 പേരുടെ കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്നാരോപിച്ചായിരുന്നു 2016 ജൂലൈ 25ന് കെ സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, പരേതാത്മാക്കള്‍ എന്നാരോപിച്ചു കോടതിയില്‍ ലിസ്റ്റ് നല്‍കിയ ആറുപേരില്‍ രണ്ടുപേര്‍ നേരിട്ട് ഹാജരായി. മറ്റു രണ്ടുപേര്‍ തിരഞ്ഞെടുപ്പിനു മുമ്പേ മരിച്ചിരുന്നു. ഇതിന്റെ രേഖകള്‍ ബന്ധുക്കള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇപ്പോള്‍ സ്പീഡ് പോസ്റ്റ് സമന്‍സ് അയച്ചവരില്‍ ഭൂരിഭാഗവും വിദേശത്തും സംസ്ഥാനത്തിന് പുറത്തും ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാവാനുള്ള വിമാന ടിക്കറ്റിനുള്ള ചെലവ് ഹരജിക്കാരന്‍ കെട്ടിവയ്‌ക്കേണ്ടതാണ്. എന്നാല്‍, ഇതുണ്ടായിട്ടില്ലെന്നാണ് സൂചന. 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് വിജയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss