|    Dec 14 Fri, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

Published : 1st December 2018 | Posted By: kasim kzm

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്്: പി ബി അബ്ദുര്‍റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നണികള്‍ ഒരുക്കം തുടങ്ങി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം അടുത്ത മെയില്‍ നിയമസഭയിലേക്കും ഉപതിരഞ്ഞെടുപ്പു നടക്കാനാണ് സാധ്യത. യുഡിഎഫില്‍ മുസ്്‌ലിംലീഗിനാണ് സീറ്റ്. അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24ന് മഞ്ചേശ്വരം ഉദ്യാവറില്‍ നിന്ന് ആരംഭിച്ച യൂത്ത്‌ലീഗ് യുവജന യാത്രയ്ക്കു മുസ്‌ലിംലീഗ് നേതാക്കളുടെ പടതന്നെ എത്തിയിരുന്നു. വിവിധ തുറകളിലുള്ളവരുമായി നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായാണു വിവരം. മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, സംസ്ഥാന ഖജാഞ്ചി സി ടി അഹമ്മദലി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അശ്‌റഫ് തുടങ്ങിയവരുടെ പേരുകളും പി ബി അബ്ദുര്‍റസാഖിന്റെ മകന്‍ ശഫീഖിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ എം സി ഖമറുദ്ദീന്‍ മല്‍സരരംഗത്തേക്ക് ഉണ്ടാവില്ലെന്നാണ് സൂചന. നിലവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ എ കെ എം അശ്‌റഫ് രാജി വച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന് നഷ്ടപ്പെടുമെന്ന ആശങ്കയും ഒരു വിഭാഗം നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്കാണ് മുസ്്‌ലിംലീഗ് സീറ്റ് നിലനിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി സീറ്റ് നിലനിര്‍ത്താനാണു ലീഗ് തീരുമാനം. എല്ലാ വിഭാഗങ്ങളുമായി നല്ല ബന്ധമുള്ള വ്യക്തികളെയാണു പാര്‍ട്ടി ഇതിന് പരിഗണിക്കുന്നത്. കഴിഞ്ഞതവണ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിരുന്നില്ല. പുത്തിഗെ മുഹിമ്മാത്ത്, ബായാര്‍ മുജമ്മഅ്, മഞ്ചേശ്വരം മള്ഹര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കാന്തപുരം വിഭാഗത്തിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗവുമായി ഏറെ അടുപ്പമുള്ള ആളെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി ടി അഹമ്മദലിയെ ലീഗ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. മാത്രമല്ല മണ്ഡലത്തിലെ മറ്റു വിഭാഗങ്ങളുമായി നല്ല ബന്ധവും ഇദ്ദേഹത്തിനുണ്ട്.
സിപിഎമ്മില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം ശങ്കര്‍ റൈ മാസ്റ്ററെയാണ് രംഗത്തിറക്കാന്‍ നീക്കംനടക്കുന്നത്. ബിജെപിയില്‍ കെ സുരേന്ദ്രന്‍, വി ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മംഗല്‍പാടി പഞ്ചായത്തുകാരനായ ബിജെപി ദേശീയ സമിതിയംഗം വി ബാലകൃഷ്ണ ഷെട്ടിയെ പരിഗണിക്കുമെന്നാണു സൂചന. കെ സുരേന്ദ്രന്‍ രണ്ടു തവണ മഞ്ചേശ്വരം മണ്ഡലത്തിലും ഒരു തവണ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലും സ്ഥാനാര്‍ഥിയായിരുന്നതിനാല്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. എട്ട് പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ രണ്ടു പഞ്ചായത്ത് ഒഴികെ ബാക്കി ഭരിക്കുന്നത് യുഡിഎഫാണ്.
മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, മംഗല്‍പാടി, കുമ്പള, എന്‍മകജെ പഞ്ചായത്തുകള്‍ യുഡിഎഫും പുത്തിഗെ സിപിഎമ്മും യുഡിഎഫ് പിന്തുണയോടെ പൈവളിഗെ എല്‍ഡിഎഫും ഭരിക്കുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫാണ് ഭരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss