|    Sep 26 Wed, 2018 1:18 pm
FLASH NEWS

മഞ്ചേരി മെഡിക്കല്‍ കോളജ് ലാബില്‍ രോഗികള്‍ക്ക് തീരാദുരിതം

Published : 31st August 2018 | Posted By: kasim kzm

മഞ്ചേരി: രോഗ നിര്‍ണയ സംവിധാനങ്ങളുടെ കുറവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെല്ലുവിളിയാവുന്നു. മഴക്കെടുതികള്‍ക്കു പിറകെ പകര്‍ച്ചാവ്യാധികള്‍ ആരോഗ്യ ഭീഷണിയാവുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്രയമായ ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലബോറട്ടറികളുടെ കുറവും പ്രവര്‍ത്തനത്തിലെ ഉദാസീനതയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മെഡിക്കല്‍ കോളജിലെ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തുന്നവര്‍ക്ക് തീരാദുരിതമെന്നാണ് ആക്ഷേപം.
പരിശോധനാ ഫലം ഏറെ വൈകുന്നത് സാധാരണക്കാരെയാണ് വലയ്ക്കുന്നത്. രോഗങ്ങള്‍ പടരുമ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഡെങ്കി, എലിപ്പനി ബാധകള്‍ വ്യാപകമായതോടെ വൈറല്‍പനി ബാധിച്ചെത്തുന്നവരേയെല്ലാം രോഗ നിര്‍ണയത്തിന് രക്ത പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ലാബില്‍ ഇത്തരം പരിശോധനകള്‍ക്ക് തിരക്കേറുമ്പോള്‍ രോഗികളേയും പരിശോധനകള്‍ക്ക് എത്തുന്നവരേയും അകാരണമായി ജീവനക്കാര്‍ പ്രയാസത്തിലാക്കുന്നെന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്. രാവിലെ പരിശോധനയ്ക്ക് വന്നാല്‍ സന്ധ്യമയങ്ങിയാലും ഫലമറിയില്ല. പരിശോധനാ ഫലത്തിനായി കാത്തിരുന്ന് മുഷിയുന്നവരോട് കൃത്യമായ മറുപടിയും ജീവനക്കാര്‍ നല്‍കുന്നില്ല.
ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. രാവിലെ ആറിനെത്തി പരിശോധനകള്‍ക്കുള്ള വരിയില്‍ നില്‍ക്കുന്നവര്‍ക്കു പോലും ഫലം ലഭിക്കുന്നത് വൈകുന്നേരമാണെന്നാണ് പ്രധാന പരാതി. പകല്‍ മുഴുവന്‍ കാത്തുനില്‍ക്കുന്നവരോട് സാങ്കേതിക തകരാറുകള്‍ പറഞ്ഞ് തിരിച്ചയക്കുന്നതായും രോഗികള്‍ പറയുന്നു. മണിക്കൂറുകളോളും ഊഴു കാത്തുനിന്ന് പരിശോധനകള്‍ക്ക് വിധേയരായവര്‍ പിന്നീട് വീണ്ടും വരി നിന്ന് പരിശോധന ഫലം കൈപ്പറ്റാനിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നിലപാടുകള്‍ ജീവനക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലബോറട്ടറി സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഏറെ കാലമായി ഉയരുന്നതാണ്.
ഇക്കാര്യത്തില്‍ പക്ഷേ അനുകൂല നിലപാട് ആരോഗ്യ വകുപ്പില്‍ നിന്നുണ്ടായിട്ടില്ല. അതേസമയം, മെഡിക്കല്‍ കോളജിനടുത്തായി നരവധി സ്വകാര്യ ലാബുകള്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രി ലാബുകളില്‍ നിന്നു യഥാസമയം സേവനം ലഭിക്കാതിരിക്കെ ഭൂരിഭാഗവും ഇത്തരം ലാബുകളേയാണ് ആശ്രയിക്കുന്നത്. രോഗികള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന ഇത്തരം സ്വകാര്യ ലാബുകളെ സഹായിക്കാന്‍ ബോധപൂര്‍വമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലബോറട്ടറി സംവിധാനത്തെ തളര്‍ത്താന്‍ നീക്കം നടക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss