|    Jan 23 Mon, 2017 6:33 pm
FLASH NEWS

മഞ്ചേരി മണ്ഡലം: പ്രവര്‍ത്തകരുടെ കരുത്തില്‍ ലീഗ്, പൊരുതിത്തോല്‍ക്കാന്‍ സിപിഐ, കരുത്തുറപ്പിക്കാന്‍ എസ്ഡിപിഐ

Published : 4th May 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: നാളിതുവരെ ലീഗിനെ കൈവിടാത്ത മഞ്ചേരി മണ്ഡലത്തില്‍ ചൂടിന്റെ ആധിക്യം കൊണ്ടല്ലാതെ പാര്‍ട്ടി ഇത്തവണയും വെള്ളം കുടിക്കില്ലെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മല്‍ സരം കടുപ്പിച്ചാലും കടുക്കാന്‍ സാധ്യത നന്നേ കുറവാണ്. കാരണം ഈ മണ്ഡലത്തില്‍ മുന്ന് തവണ മാത്രമേ ലീഗല്ലാത്ത സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളു. 1967ന് ശേഷം മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയല്ലാതെ മഞ്ചേരിയില്‍ പൊങ്ങിയിട്ടില്ല.
16ാമത്തെ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മണ്ഡലത്തില്‍ എടപ്പറ്റ, പാണ്ടിക്കാട്, കീഴാറ്റൂര്‍, തൃക്കലങ്ങോട്, ഗ്രാമപ്പഞ്ചായത്തുകളും മഞ്ചേരി മുനിസിപ്പാലിറ്റിയുമാണ് വോട്ടുബാങ്കുകള്‍. ഇതില്‍ തൃക്കലങ്ങോടും എടപ്പറ്റയുമൊഴിച്ചാ ല്‍ ബാക്കിയുള്ളവ യുഡിഎഫിന്റെ കോട്ടകളാണ്. നിലവില്‍ അഡ്വ. എം ഉമ്മര്‍ 29079 വോട്ടിന് വിജയിച്ച ഈ മണ്ഡലത്തില്‍ ഭുരിപക്ഷം കൂടുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. അതേസമയം എടപ്പറ്റ ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ശക്തമായ പോര് നിലനില്‍ക്കുന്നുണ്ട്. ഇവിടെ സിപിഎം പ്രസിഡന്റും ലീഗിന്റെ വൈസ് പ്രസിഡന്റുമാണ്. എടപ്പറ്റയില്‍ യുഡിഎഫ് സംവിധാനം പുനഃസ്ഥാപിച്ചുവെന്ന് ലീഗ് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ സമീപനം തൃപ്തികരമല്ല. ഇതൊന്നും കാര്യമാക്കാതെ വാഹന പ്രചാരണം ഒരാഴ്ച മുമ്പ് തുടങ്ങിയത് അണികളുടെ കരുത്തിനെ ബലപ്പെടുത്തുന്നുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലവിലെ ജനപ്രതിനിധിക്ക് വേഗത പോരെന്ന ആക്ഷേപം പരിഹരിക്കാന്‍ മുസ്‌ലിം ലീഗിലെ പഞ്ചായത്തു കമ്മിറ്റികള്‍ സദാസമയവും ജാഗരൂകരായിട്ടുണ്ട്. കടുത്ത ചൂടുള്ളതിനാല്‍ വൈകുന്നേരം നാലിന് ശേഷമാണ് എം ഉമ്മര്‍ പ്രചരണം നടത്തുന്നത്. മണ്ഡലത്തിലെ വികസനങ്ങളാണ് ലീഗിന്റെ ആയുധം.
എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ശോച്യാ വസ്ഥ, നഗരസഭയിലെ ഗതാഗത പരിഷ്‌കാരം, എടപ്പറ്റയിലെ യുഡിഎഫ് പോര് തുടങ്ങിയവ വോട്ടാക്കി മാറ്റി ഭുരിപക്ഷം കൂറക്കാനായിരിക്കും സിപിഐയുടെ അഡ്വ. കെ മോഹന്‍ദാസിന്റെ ശ്രമം.
ഡിഎംഒാഫിസ്, കുടുംബകോടതി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മഞ്ചേരി വിട്ടുപോയതും നിലവിലെ എംഎല്‍എയുടെ പോരായ്മയാണെന്ന് പാര്‍ട്ടി പറയുന്നു. സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനു പു റ മെ പ്രമുഖ നേതാക്കളും മണ്ഡലത്തിലുണ്ട്. എം എ ബേബി സന്ദര്‍ശനം നടത്തി. ഇനി എ കെ പത്മനാഭനും പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും എത്താനുണ്ട്. ബീഹാറിലെ സിപിഐ കേന്ദ്രകമ്മിറ്റിയംഗം അതുല്‍ അഞ്ജാനും മണ്ഡലത്തിലെത്തും. അതേസമയം വലിയ പ്രതീക്ഷയൊന്നുമില്ല എന്നിട്ടും ഇടതു മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ട്. പ്രവര്‍ത്തിക്കാന്‍ ആളെ ലഭിക്കാത്തതാണ് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്‌നം. സീറ്റിന് വേണ്ടി ഇത്തവണ സിപിഎമ്മിലെ അസൈന്‍ കാരാട്ടിന്റേയും ടി കെ ഹംസയുടേയും പേരുകള്‍ ഉയര്‍ന്നുവെങ്കിലും സിപിഐ വിട്ടു കൊടുക്കാത്തതിനാല്‍ ഇരുവരും തമ്മിലുള്ള പടലപ്പിണക്കം പ്രചരണത്തില്‍ കാണുന്നുണ്ട്. സിപിഎമ്മിന് ലഭിച്ചിരുന്നുവെങ്കില്‍ ചെറിയ മല്‍സരമെങ്കിലും കാണാനാവുമായിരുന്നുവെന്ന് പാര്‍ട്ടിക്കാര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ടി കെ ഹംസ മഞ്ചേരി ലോക്‌സഭ പിടിച്ചെടുത്തപോലെ അട്ടിമറിയുണ്ടാവുമെന്ന വിദൂര സാധ്യതയും ഇടതു മുന്നണി കാണുന്നുണ്ട്.
അതേസമയം ഇരു പാര്‍ട്ടികളുടെയും തമ്മില്‍ പോരും വികസനമില്ലായ്മയും ചര്‍ച്ചയാവുമ്പോള്‍ ഇതില്‍ നിന്നും വേറിട്ടു നിന്ന് ഒരു പാര്‍ട്ടിക്കും യാതൊരു അവകാശവാദത്തിനും ഇട നല്‍കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് എസ്ഡിപിഐ വോട്ടര്‍മാരെ കാണുന്നത്. മണ്ഡലത്തില്‍ മികച്ച വേരോട്ടമുള്ളതിനാല്‍ മികച്ച മുന്നേറ്റം നടത്താനാവുമെന്നാണ് സ്ഥാനാര്‍ഥിയും ഫാമിലി കൗണ്‍സിലറും കൂടിയായ ഡോ. സിഎച്ച് അഷ്‌റഫ് എന്ന ആച്ചു പറയുന്നത്.
ആദ്യ ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാസങ്ങളോളം നറുകര വില്ലേജില്‍ റീസര്‍വേ അപാകത മൂലം പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് തെ ല്ലാശ്വാസം നല്‍കിയത് പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ഇടപെടലായിരുന്നു. നാട്ടുകാരെ ബോധവല്‍ക്കരിച്ച് നോട്ടീസ് വിതരണം, ഉപരോധം എന്നിവ സംഘടിപ്പിച്ചു. പ്രശ്‌നം ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ന്നതിനൊപ്പം സ്വകാര്യ ചാനലിന്റെ ഇടപെടലും നടന്നതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതില്‍ വരെയെത്തിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. അവസാനമാണ് ഇടതു മുന്നണി ഇടപെട്ടത്. മുസ്‌ലിം ലീഗ് അതും കണ്ടില്ല. ഇതില്‍ എസ്ഡിപിഐ അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി അവകാശം ഉന്നയിക്കുന്നുവെങ്കില്‍ ആ പാര്‍ട്ടിയുടെ അല്‍പത്തരമായിരിക്കും പ്രകടമാവുകയെന്ന നഗ്നമായ സത്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
നിലവിലെ ജനപ്രതിനിധി മാതൃ ശിശുആരോഗ്യ കേന്ദ്രം, ജനറല്‍ ആശുപത്രി എന്നിവ മഞ്ചേരിക്കാര്‍ക്ക് നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല കെഎസ്ആര്‍ടിസി സബ് ഡിപ്പോ ആരംഭിക്കാനുള്ള നടപടികളെടുത്തില്ല. പാണ്ടിക്കാട് ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും മെനക്കെട്ടില്ലെന്നും എസ്ഡിപിഐ-എസ്പി മുന്നണി നേതാക്കള്‍ പറയുന്നു.
അഡ്വ. സി ദിനേശ് ബിജെപിക്കും ഗ്വാളിയോര്‍ റയോണ്‍സ് പ്രക്ഷോഭ നേതാവ് മോയിന്‍ ബാപ്പു പിഡിപി സ്ഥാനാര്‍ത്ഥിയായും കെ എ സവാദ് വെല്‍ഫയര്‍ പാര്‍ട്ടിക്കും പ്രവാസിയായ വിഎം മുസ്തഫ സ്വതന്ത്രനായും രംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക