|    Aug 20 Mon, 2018 4:18 pm
FLASH NEWS

മഞ്ചേരി പുതിയ ബസ് സ്റ്റാന്റ് പരിസരം ആരോഗ്യഭീഷണിയില്‍

Published : 4th August 2018 | Posted By: kasim kzm

മഞ്ചേരി: മാലിന്യ സംസ്‌കരണത്തിനു പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാവുന്നതിലെ കാലതാമസം വെല്ലുവിളി തീര്‍ക്കുന്ന മഞ്ചേരിയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണം ജനാരോഗ്യത്തിനു വെല്ലുവിളി തീര്‍ക്കുന്നു. പാണ്ടിക്കാട് റോഡിലെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയ മാനദണ്ഡങ്ങളേതുമില്ലാതെ കൂട്ടിയിട്ടു കത്തിക്കുകയാണ്. ആയിരക്കണക്കിനു യാത്രക്കാരും നൂറുകണക്കിനു ബസ്സുകളും നിരന്തരം കയറിയിറങ്ങുന്ന ജില്ലയിലെ പ്രധാന ബസ് സ്റ്റേഷനിലാണ് ഈ ദുരവസ്ഥ.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വന്‍തോതിലാണ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ ജൈവ മാലിന്യങ്ങള്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പുറന്തള്ളുന്ന പൊതു കേന്ദ്രമായി ബസ് സ്റ്റാന്റ് മാറുകയാണ്. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളേതും നഗരപ്രദേശത്തില്ലെന്നിരിക്കെ രാത്രി ഇവ കൂട്ടിയിട്ടു കത്തിക്കുകയാണ് ചെയ്യുന്നത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മഴയില്‍ കുതിര്‍ന്നു നീറുന്ന മാലിന്യങ്ങളിലെ പുകയും ദുര്‍ഗന്ധവും സഹിച്ചു വേണം സ്റ്റാന്റിലെത്തുന്നവരും പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ഓരോ ദിവസവും കടന്നുപോവാന്‍. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടലും വൈകുകയാണ്.
മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കാന്‍ ‘ഹരിത നഗരം മഞ്ചേരി’ പദ്ധതി കഴിഞ്ഞ മാസം നടപ്പാക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം ജലരേഖയായി. നഗരസഭ ആവിഷ്‌കരിച്ച 25 ലക്ഷം രൂപയുടെ പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് തുമ്പൂര്‍മുഴി പദ്ധതിയാണ് നഗരസഭ നടപ്പാക്കുന്നത്. ടൗണ്‍ഹാള്‍, മാര്‍ക്കറ്റ്, നഗരസഭാ കാര്യാലയത്തിന് സമീപം എന്നിങ്ങനെ മൂന്നിടങ്ങളില്‍ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വേട്ടേക്കോടുള്ള നഗരസഭയുടെ സ്ഥലത്ത് പ്ലാസ്റ്റിക് ഷ്രെഢിങ് യൂനിറ്റ് സ്ഥാപിക്കാനായിരുന്നു നീക്കം.
വേട്ടേക്കോട് ജനങ്ങളുടെ എതിര്‍പ്പു മറികടന്ന് പദ്ധതി ബോധ്യപ്പെടുത്തി പ്രാവര്‍ത്തികമാക്കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല. ഇതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക ഈടാക്കി ഹരിത നഗരം മഞ്ചേരി പദ്ധതി വിപുലമാക്കാനുള്ള ശ്രമങ്ങളും വാക്കിലൊതുങ്ങി. നഗരത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനവും വ്യാപാരികളുടെ എതിര്‍പ്പിനാല്‍ പ്രാവര്‍ത്തികത സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ്. മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സംവിധാനങ്ങളില്ലെന്നതാണ് വ്യാപാരികള്‍ക്കും വെല്ലുവിളി തീര്‍ക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss