|    Nov 24 Fri, 2017 2:08 am
FLASH NEWS

മഞ്ചേരി നഗരസഭ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപോര്‍ട്ട് മറച്ചുവയ്ക്കുന്നതായി ആരോപണം

Published : 4th August 2017 | Posted By: fsq

 

മഞ്ചേരി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപോര്‍ട്ട് മഞ്ചേരി നഗരസഭയില്‍ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കാത്തത് വിവാദമാവുന്നു. പദ്ധതി നിര്‍വഹണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ ഓഡിറ്റിന്റെ റിപോര്‍ട്ട് നഗരസഭയ്ക്ക് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കൗണ്‍സിലില്‍ വച്ചിട്ടില്ല. നഗരസഭയില്‍ നടക്കുന്ന അഴിമതി പുറത്തറിയും എന്ന ഭയത്താല്‍ ഭരണ പക്ഷം റിപോര്‍ട്ട് മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിവിധ പദ്ധതികള്‍ സംബന്ധിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. നഗരസഭ നടപ്പാക്കിയ ഭവന പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതി, ബയോഗ്യാസ് പ്ലാന്റ്, ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ് വിനിയോഗം എന്നിവയിലെല്ലാം അപാകതകള്‍ റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. ഇത് ചര്‍ച്ചയ്ക്കു വരുന്നതോടെ വലിയ അഴിമതി കഥകള്‍ പുറത്താവുമെന്നതിനാല്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. പെര്‍ഫോമന്‍സ് ഓഡിറ്റ് റിപോര്‍ട്ടിനെ ചൊല്ലി ഭരണപക്ഷത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. റിപോര്‍ട്ട് ഉടന്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഫിറോസ് ബാബു ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഓഡിറ്റ് റിപോര്‍ട്ട് ജനമധ്യത്തില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ധനകാര്യ കമ്മീഷന്‍ അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതിനെ ചൊല്ലിയും പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ അനുവദിക്കുന്ന തുക വിനിയോഗിക്കാതെ പാഴാക്കി കളയുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.4 കോടി രൂപ ധനകാര്യ കമ്മീഷന്‍ നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ട്. 172 പദ്ധതികള്‍ക്കായിട്ടാണ് തുക നല്‍കിയത്. എന്നാല്‍, നഗരസഭ 47 പദ്ധതികള്‍ ഉപേക്ഷിച്ച് 4.65 രൂപ മാത്രമാണിതില്‍ ചെലവഴിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇക്കാര്യം പെര്‍ഫോമന്‍സ് പ്രതിപാദിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക