|    Jan 20 Fri, 2017 11:37 am
FLASH NEWS

മഞ്ചേരി നഗരത്തില്‍ നിലവിലെ ട്രാഫിക് പരിഷ്‌കരണം തുടരും

Published : 15th October 2016 | Posted By: Abbasali tf

മഞ്ചേരി: മഞ്ചേരി നഗരത്തില്‍ നിലവിലുള്ള ട്രാഫിക് പരിഷ്‌കരണം സ്ഥിരപ്പെടുത്തുന്നു. നഗരസഭാ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചതോടെയാണ് തീരുമാനം ഉറപ്പിക്കുന്നത്. ഇതിന് പുറമെ ബസ് ജീവനക്കാരും ഏകദേശം പരിഷ്‌കരണത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുകയാണ്. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് പോവുന്ന ബസ്സുകള്‍ കച്ചേരിപ്പടി ഐജിബിടിയില്‍ യാത്ര അവസാനിപ്പിക്കുകയും പുറപ്പെടുകയും ചെയ്യുന്നതാണ് നിലവിലെ രീതി. പുക്കോട്ടുര്‍, പന്തല്ലൂര്‍, കിഴിശ്ശേരി, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി ബസ്സുകള്‍ പഴയ സ്റ്റാന്റിലും കോഴിക്കോട്, നിലമ്പൂര്‍, പാണ്ടിക്കാട്, വണ്ടൂര്‍ ബസ്സുകള്‍ പാണ്ടിക്കാട് റോഡിലെ സ്റ്റാന്റില്‍ നിന്നു പുറപ്പെടുകയുമാണ് ചെയ്യുന്നത്. ഇതുമൂലം പഴയ ബസ്സ്റ്റാന്റില്‍ കച്ചവടം കുറയുകയാണെന്നും ടൗണിന് സമീപ പ്രദേശങ്ങളിലേക്ക് പോവേണ്ടവര്‍ക്ക് ദുരിതമാണെന്നുമാണ് നിവിലുണ്ടായിരുന്ന പരാതി. എന്നാല്‍, മിനി ബസ്സുകള്‍ ഈ പ്രശ്‌നം പരിഹരിച്ചപ്പോള്‍ യാത്ര ചെലവ് കൂടിയെന്നായി. തുടക്കത്തില്‍ ബസ് ജീവനക്കാരും ഈ പരാതിയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പിന്‍വലിഞ്ഞ മട്ടാണ്. മാസങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഐജിബിടിയിലെ കച്ചവടക്കാരും രംഗത്തു വന്നതോടെ വ്യാപാരികള്‍ രണ്ട് തട്ടിലാവുകയും ചെയ്തു. എല്ലാ കച്ചവടക്കാരെയും തുല്യമായി പരിഗണിക്കണമെന്ന ആക്ഷേപം വന്നതോടെ അതുവരെ പ്രതിഷേധത്തിലായിരുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിരോധത്തിലായി. ട്രാഫിക് പരിഷ്‌കരണത്തില്‍ വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കി. എന്നാല്‍, നിലവിലെ പരിഷ്‌കരണം തുടരണമെന്ന് അറിയിച്ചതോടെ വ്യാപാരികള്‍ തങ്ങളുടെ നിബന്ധനകള്‍ ലഘുകരിക്കുകയും ചെയ്തു. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നു വരുന്ന യാത്രക്കാരെ ടൗണിലിറക്കാനുള്ള സംവിധാനം ഏര്‍പെടുത്തണമെന്നാവശ്യമാണ് അവസാനമായി ഇവര്‍ ഉന്നയിച്ചത്. എന്നാല്‍, ഇതിന് ബസ് ജീവനക്കാര്‍ക്ക് വിമുഖതയുണ്ട്. ഐജിബിടിയില്‍ ഭക്ഷണം, വിശ്രമം, നമസ്‌കാരം എന്നിവയ്ക്ക് സമയം ലഭിക്കുമെന്നും ടൗണില്‍ ആളെയിറക്കാനും കയറ്റാനും അനുവദിച്ചാല്‍ മാത്രമേ നിര്‍ദേശം അംഗീകരിക്കുവെന്നും ജീവനക്കാര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതിനാല്‍ വ്യാപാരികള്‍ സമരരംഗത്ത് സജീവമാവാന്‍ സാധ്യത കുറവാണ്. അതേസമയം, ടൗണ്‍ സംരക്ഷണ സമിതിയെന്ന പേരില്‍ പഴയ സ്റ്റാന്റിലെ ചില വ്യാപാരികള്‍ കോടതിയെ സമീപിക്കാന്‍ ഫണ്ട് പിരിവ് നടത്തുന്നുണ്ട്. എന്നാല്‍, വ്യാപാരി സംഘടനയില്‍ ഉന്നത സ്ഥാനം ലഭിക്കാത്ത ചിലരാണ് ഇതിന് പിന്നിലെന്ന ആരോപണവുമുണ്ട്. മാത്രമല്ല, പഴയ ഗതാഗത പരിഷ്‌കരണം തുടരണമെന്ന ഇവരുടെ ആവശ്യത്തിന് ജനപിന്തുണ കുറവായതിനാല്‍ ഇവരുടെ പ്രതിഷേധം അധികൃതര്‍ കാര്യമായെടുക്കുന്നുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക