|    Oct 19 Fri, 2018 2:18 pm
FLASH NEWS

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അടിസ്ഥാന വികസനത്തിന് കളമൊരുങ്ങുന്നു

Published : 23rd September 2017 | Posted By: fsq

 

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ഹൈക്കോടതി ഇടപെടല്‍ തുണയാവുന്നു. ആരംഭം മുതലുള്ള അവഗണനക്കു അറുതി വരുത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 116 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. അവശ്യം വേണ്ട വികസനത്തില്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കിഫ്ബി വഴിയാണ് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലിനും, ഡോക്ടര്‍മാര്‍ക്കും ജീവനക്കര്‍ക്കുമുള്ള ക്വാട്ടേഴ്‌സ് നിര്‍മാണത്തിനുമായി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 103 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ 75 കോടിയുടെ പദ്ധതിയായിരുന്നു ഇതിനായി സമര്‍പ്പിച്ചിരുന്നത്. മറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആധുനിക സൌകര്യത്തോടെയുള്ള ഒപി ബ്ലോക്ക്, ലബോറട്ടറി കോംപ്ലക്‌സ് എന്നിവ നിര്‍മിക്കുന്നതിനായി 8.6 കോടിയുടെ പദ്ധതി, ഗസ്റ്റ് ക്വാര്‍ട്ടേഴ്‌സിനായി മൂന്ന് കോടിയുടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ബ്ലോക്ക് നിര്‍മ്മാണത്തിനായി 2.46 കോടിയുടെയും, സി  ബ്ലോക്ക് നവീകരണത്തിനായി 1.39 കോടിയുടെയും, രോഗി സൗഹൃദ സംവിധാനം ഒരുക്കുന്നതിന് ഒരു കോടി രൂപയുടേയും പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗ ചികിത്സാ വിഭാഗത്തിലും സൗകര്യങ്ങള്‍ വിപുലമാക്കും.മെഡിക്കല്‍ കോളേജിനോടുള്ള അവഗണനക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിയമവഴിയില്‍ പോരാട്ടം ശക്തിപ്പെടുത്തുകയും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യക്ഷ സമര പാതയില്‍ വരികയും ചെയ്തതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ച ചോദ്യം ചെയ്ത് കോളജ് പിടിഎ പ്രസിഡന്റ് എം എം അഷ്‌റഫ്, വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ മുബഷിര്‍ മുഹിയുദ്ദീന്‍ എന്നിവര്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വികസന കാര്യങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss