|    Nov 13 Tue, 2018 7:55 am
FLASH NEWS

മഞ്ചേരിയില്‍ മരങ്ങള്‍ കടപുഴകി നാശനഷ്ടം; വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയും സജീവം

Published : 15th August 2018 | Posted By: kasim kzm

മഞ്ചേരി: ശക്തമായ മഴയില്‍ മഞ്ചേരി നഗരവും പരിസര ഗ്രാമങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും ശക്തമാണ്. മഴക്കൊപ്പം വീശിയടിച്ച കാറ്റ് വന്‍തോതിലുള്ള നാശങ്ങള്‍ക്കും കാരണമായി. രക്ഷാ പ്രവര്‍ത്തനത്തിനിടെ മഞ്ചേരി അഗ്നി രക്ഷ യൂണിറ്റിലെ ഫയര്‍മാന്‍ എടക്കര സ്വദേശി എം പ്രദീപ്(40)ന് പരിക്കേറ്റു.
മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. കൃഷിനാശവും വ്യാപകമാണ്.
നഗരമധ്യത്തില്‍ മലപ്പുറം റോഡിലെ ശ്രീകൃഷ്ണ സിനിമ തീയ്യറ്ററിനു സമീപം മരം കടപുഴകിയത് വെട്ടിമാറ്റുന്നതിനിടെയാണ് ഫയര്‍മാന് പരിക്കേറ്റത്. മരം മുറിക്കുന്നതിനിടെ വാള്‍ അബദ്ധത്തില്‍ ദേഹത്തു കൊള്ളുകയായിരുന്നു. വയറിനാണ് പരിക്ക്. ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദീപ് സുഖം പ്രാപിക്കുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വലിയ ചീനിമരം കടപുഴകി സമീപത്തെ കടകള്‍ക്കു മുകളിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വിവിധ സ്ഥാപനങ്ങളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മെഡിക്കല്‍ കോളജിനു മുന്നിലുള്ള വന്‍ മരവും കടപുഴകി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന സ്വകാര്യആംബുലന്‍സുകളുടെ മുകളിലേക്ക് മരച്ചില്ലകള്‍ വീണു. രാത്രിയായതിനാല്‍ വന്‍ ദുരന്തം വഴിമാറി. പ്രദേശവാസികളും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് മരം മുറിച്ചുനീക്കിയത്. കോവിലകംകുണ്ട് സ്വദേശി കിഴക്കേക്കുന്ന് കൃഷ്ണന്റെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
തുടര്‍ച്ചയായുള്ള മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് മഞ്ചേരി നഗരം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും ശക്തമായി നിലനില്‍ക്കുന്നു. മണ്ണൊലിപ്പും മഴക്കൊപ്പമുള്ള കാറ്റും കാരണം വ്യാപകമായി മരങ്ങള്‍ കടപുഴകുന്നുമുണ്ട്. കാറ്റില്‍ നഗര പ്രാന്തങ്ങളില്‍ കൃഷി നാശം വ്യാപകമാണ്. നെല്ലിപ്പറമ്പു മുതതല്‍ ജസീല ജംഗ്ഷന്‍ വരേയും സിഎച്ച് ബൈപ്പാസ് റോഡിലും ഉണ്ടാവുന്ന വെള്ളക്കെട്ട് മഴ ശക്തിയാര്‍ജ്ജിച്ചതോടെ വീണ്ടും ജനത്തെ വലച്ചു. നിലമ്പൂര്‍ അരീക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനയാത്ര തീര്‍ത്തും ദുഷ്‌ക്കരമാണ്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കടുത്ത വെല്ലുവിളിയാണ് ഏറനാട് താലൂക്ക് പരിധിയില്‍ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാഗ്ര പുലര്‍ത്തുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ ഉള്‍പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss