|    Nov 17 Sat, 2018 4:36 pm
FLASH NEWS

മഞ്ചേരിയില്‍ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍

Published : 21st July 2018 | Posted By: kasim kzm

മഞ്ചേരി: കവര്‍ച്ചയ്‌ക്കെത്തിയ ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്തു നല്‍കിയ മൂന്നുപേരെ മഞ്ചേരി പോലിസ് അറസ്റ്റു ചെയ്തു. മഞ്ചേരി 22 ാം മൈല്‍സ് പുത്തില്ലന്‍ സുരേഷ് കുമാര്‍ (41), മേലാക്കം ആലക്കാപ്പറമ്പ് മുഹമ്മദ് അഫ്‌സല്‍ (32), ഗുഡല്ലൂര്‍ സ്വദേശിയും മേലാക്കത്ത് താമസക്കാരനുമായ വിളക്കത്തപ്പള്ളിയില്‍ അബ്ബാസ് എന്ന ഇയ്യം മണി (34) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചക്ക് ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
മാരകായുധങ്ങളുമായി കവളങ്ങാട് ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഡാലോചന നടത്തിയ മൂന്നുപേരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.   ചെങ്ങണ ബൈപാസ് റോഡിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് പോലിസ് കണ്ടെത്തി. ഈ വീട്ടിലെ പെണ്‍കുട്ടിയും ഇപ്പോള്‍ അറസ്റ്റിലായ സുരേഷ് കുമാറും സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ 60 കോടിയോളം രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയില്‍നിന്ന് സുരേഷ് കുമാര്‍ മനസ്സിലാക്കുകയും വീടിന്റെ വ്യാജ താക്കോല്‍ സംഘടിപ്പിക്കുകയും ചെയ്തു. പിടിയിലായ മുഹമ്മദ് അഫ്‌സല്‍ എന്‍ജിനീയറിങ് ബിരുദധാരിയും കോണ്‍ട്രാക്ടറുമാണ്.
ഇയാളുടെ നിര്‍മാണ സ്ഥലത്തേക്ക് മണലും മറ്റു അസംസ്‌കൃത വസ്തുക്കളും എത്തിക്കുന്ന ടിപ്പര്‍ ലോറി ഡ്രൈവറാണ് സുരേഷ് കുമാര്‍. കെട്ടിട നിര്‍മാണ തൊഴിലാളിയായ അബ്ബാസാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടാക്കിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളും തമിഴ്‌നാട് സ്വദേശികളുമായ ഗൂഡല്ലൂര്‍ കൂത്തുപറമ്പ് പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ രക്ഷപ്പെട്ടിരുന്നു. മഞ്ചേരി സി ഐ  എന്‍ ബി ഷൈജു, എസ് ഐ കറുത്തേടത്ത് ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരും അഡീഷനല്‍ എസ് ഐ ഷാജിമോന്‍, എഎസ്‌ഐ അമ്മദ്, സീനിയര്‍ സിപിഒ സുരേന്ദ്രന്‍, സിപിഒമാരായ ദിനേശ്, വേണു, സന്ദീപ്, ഗിരീഷ്, ശ്രീലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss