|    Jul 17 Tue, 2018 11:29 am
FLASH NEWS

മഞ്ചേരിയില്‍ കള്ളനോട്ടു വേട്ട : ആറുലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി മൂന്നു പേര്‍ അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

മഞ്ചേരി: യഥാര്‍ത്ഥ നോട്ടിന് കള്ളനോട്ട് വില്‍പന നടത്തുന്ന മൂന്നംഗ സംഘം മഞ്ചേരിയില്‍ പോലീസിന്റെ പിടിയിലായി. ആറു ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരം രൂപ കറണ്‍സികളുമായി പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ മെരുംപടലി നായാടിക്കുന്ന് ലക്ഷംവീട് കോളനി പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷരീഫ്(35), കാഞ്ഞിരംപാറ കര്‍ക്കടംകുന്ന് കൂരനകത്തു വീട്ടില്‍ ഷബീറലി(36), കോഴിക്കോട് കൊയിലാണ്ടി സ്വദേശി വടക്കേക്കുനി സക്കറിയ(39) എന്നിവരാണ് അറസ്റ്റിലായത്. ഒറിജിനലിനെ വെല്ലുന്ന നോട്ടുകളാണ് പിടികൂടിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്. നോട്ടിന്റെ കനം അല്‍പം കൂടുതലാണ്. ഗാന്ധി ചിത്രത്തിനടുത്ത് വാട്ടര്‍ മാര്‍ക്കിലുള്ള 2000 ഇല്ല, ഡോട്ടഡ് സെക്യൂരിറ്റി ത്രെഡിലുള്ള വ്യത്യാസം എന്നിവമാത്രമാണ് യഥാര്‍ത്ഥ നോട്ടില്‍ നിന്നും മാറ്റമുള്ളത്. രണ്ടായിരം രൂപ നോട്ടുമായി ജനങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു വരുന്നതേയുള്ളൂ എന്നത് മുതലെടുക്കുകയാണ് സംഘമെന്ന് പോലീസ് പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടായിരം രൂപയുടെ കള്ള നോട്ടുകള്‍ പ്രചരിക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.മഞ്ചേരി കച്ചേരിപ്പടി ചെങ്ങണ ബൈപ്പാസില്‍ വെച്ച് രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ കൈമാറുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് സംഘം പിടിയിലായത്. യഥാര്‍ത്ഥ പണത്തിന് കള്ളനോട്ടുകള്‍ ആവശ്യക്കാര്‍ക്ക് കൈമാറുന്ന സംഘമാണിതെന്ന് പോലീസ് വ്യക്തമാക്കി. ഒരു ലക്ഷം രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണു സംഘം വില്‍പന നടത്തിയിരുന്നത്. ഇത്തരത്തില്‍ മൂന്നു ലക്ഷം രൂപയ്ക്ക് ആറു ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ കൈമാറാനായിരുന്നു മഞ്ചേരിയില്‍ നീക്കം. യഥാര്‍ത്ഥ നോട്ടുകളുമായി കള്ളനോട്ടുകള്‍ വാങ്ങാനെത്തിയ രണ്ടുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കള്ളനോട്ടിന്റെ ഉറവിടം തേടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. ഹൈദരബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് കള്ളനോട്ടു സംഘത്തിലെ കണ്ണികളെ തേടി പോലീസ് സംഘം തിരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍് പ്രതികളെ പിടികൂടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss