|    Oct 22 Mon, 2018 5:29 pm
FLASH NEWS

മഞ്ചേരിയിലെ നിരത്തുകളില്‍ സീബ്രാ ലൈനുകള്‍ സങ്കല്‍പം മാത്രം

Published : 16th September 2017 | Posted By: fsq

 

മഞ്ചേരി: വാഹനഗതാഗത കുരുക്ക് അനുദിനം മുറുകുന്ന മഞ്ചേരി നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡുകള്‍ മുറിച്ചു കടക്കാന്‍ സീബ്രാ ലൈനുകള്‍ സങ്കല്‍പം മാത്രമായി. തിരക്കേറിയ നിരത്തുകളില്‍ പാത മുറിച്ചു കടക്കാന്‍ സീബ്രാ ലൈനുകള്‍ കാണാതെ നട്ടം തിരിയുകയാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള കാല്‍നട യാത്രികര്‍. സീബ്രാ ലൈനുകളുടെ വെള്ള വരകള്‍ മാഞ്ഞു പോയി മാസങ്ങള്‍ പിന്നിട്ടിട്ടും വീണ്ടും വരക്കാന്‍ നടപടി വൈകുകയാണ്. പ്രധാന പാതകളിലെല്ലാം സീബ്രാ ലൈനുകളുണ്ടായിരുന്നെങ്കിലും കാലക്രമേണ മാഞ്ഞു പോവുകയായിരുന്നു. മെഡിക്കല്‍ കോളേജിനു മുന്നിലും മൂന്ന് ബസ് സ്റ്റാന്റുകളുടെ സമീപങ്ങളിലും സൈബ്രാ ലൈനുകള്‍ മാഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. രോഗികളും സ്ത്രീകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡുകള്‍ മുറിച്ചു കടക്കണമെങ്കില്‍ ഏറെ നേരം കാത്തുനില്‍ക്കണം. മാഞ്ഞു പോയ സീബ്രാ ലൈനുകള്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍ പെടുന്നില്ല.  നേരത്തെയുണ്ടായിരുന്ന വെള്ള വരകളുടെ ഭാഗങ്ങള്‍ നോക്കി റോഡിന്റെ മറുവശത്തെത്താന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ക്കു മുന്നിലകപ്പെടുന്ന സ്ഥിതിയാണ്. രാവിലെയും വൈകുന്നേരവുമാണ് സീബ്രാ ലൈനുകളുടെ അഭാവം നഗരത്തില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. പോലീസ് ഇടപെട്ടാണ് പ്രായമേറിയവരേയും വിദ്യാര്‍ത്ഥികളേയും പലപ്പോഴും റോഡ് കടത്തുന്നത്. ശാസ്ത്രീയമായി ഡിവൈഡറുകളോ മറ്റ് ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്ത നഗരത്തില്‍ വാഹനങ്ങള്‍ പലപ്പോഴും ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കടന്നു പോകുന്നത്. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത് കണ്ടാലും വാഹനം നിര്‍ത്തുന്ന സംസ്‌ക്കാരം നഗരത്തിന് നേരത്തെ തന്നെ അന്യമായതാണ്. അപകട മുനമ്പിലൂടെയുള്ള കാല്‍നടയാത്രക്ക് നഗരത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യം നിരന്തരം ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ യാത്രക്കാരുടെ സുരക്ഷ മുഖവിലക്കെടുത്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss