|    Nov 23 Thu, 2017 11:09 am
FLASH NEWS

മഞ്ചേരിയിലെ ഗതാഗതപ്രശ്‌നം നഗരസഭയെ വട്ടംകറക്കുന്നു

Published : 8th November 2016 | Posted By: SMR

മഞ്ചേരി: ടൗണിലെ ഗതാഗത പ്രശ്‌നം നഗരസഭയെ വട്ടംകറക്കുന്നു. പ്രശ്‌നം രൂക്ഷമായതോടെ ബസ്സുടമകളും നഗരസഭയും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഓരോ തീരുമാനങ്ങള്‍ നടപ്പാക്കുമ്പോഴും പ്രതിഷേധവും എതിര്‍പ്പുകളും ഉയരുന്നതുമൂലം അധികൃതരുടെ ശനിദശ ഇപ്പോഴും തുടരുകയാണ്. ബസ്സുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് പ്രതിസന്ധി വര്‍ധിച്ചത്. ചെയര്‍പേഴ്‌സണ്‍ ഉള്‍പെടുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പാക്കിയ പരിഷ്‌കരണം കഴിഞ്ഞ ദിവസം കോടതി വിലക്കിയിരുന്നു. മുന്‍ പരിഷ്‌കരണ പ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ റൂട്ടിലെ ബസ്സുകള്‍ സീതിഹാജി ബസ്സ്റ്റാന്റില്‍ നിന്നാണ് പുറപ്പെട്ടിരുന്നത്. ഇത് മാറ്റി കച്ചേരിപ്പടി സ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന രീതിയിലാക്കിയതാണ് ബസ്സുടമകളെ ചൊടിപ്പിച്ചത്. ഈ തീരുമാനം നടപ്പാക്കാന്‍ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധം കാരണം നീളുകയായിരുന്നു. ഇതിനിടെ ടൗണിലെ ഓവുചാല്‍ പുനര്‍ നിര്‍മാണത്തിനിടെ തീരുമാനം താല്‍ക്കാലികമായി നടപ്പാക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമാണ് ചെയ്തത്. ടൗണിലെ ഗതാഗത പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമ്പോഴും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നതാണ് പ്രധാന തടസ്സം. ആദ്യം നടപ്പാക്കുകയും എതിര്‍പ്പുണ്ടാവുമ്പോള്‍ പിന്‍വലിക്കുകയുമായിരുന്നു നേരത്തെ ചെയ്തിരുന്നത്. എന്നാല്‍, ഈയിടെ എടുത്ത തീരുമാനം എതിര്‍പ്പുകള്‍ വന്നിട്ടും മാറ്റിയിരുന്നില്ല. തുടര്‍ന്നാണ് ബസ്സുടമകള്‍ കോടതിയെ സമീപിച്ചത്. പരിസര പ്രദേശങ്ങളിലെ യുഡിഎഫ് ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്തുള്‍പ്പെടെ നഗരസഭയ്‌ക്കെതിരായതോടെ പ്രശ്‌നങ്ങള്‍ വഷളായി. ഇത് പരിഹരിക്കാന്‍ തീരുമാനമെടുത്തപ്പോഴേക്കും കോടതി വിധിയും വന്നു. നിലവില്‍ നടപ്പാക്കിയ പരിഷ്‌കാരം ഏറെക്കുറെ സ്ഥിരപ്പെടുമെന്ന് കരുതുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. സ്വന്തം പാര്‍ട്ടിയില്‍പെട്ട ബസ്സുടമസ്ഥര്‍ പ്രതിഷേധത്തിന് മുന്‍ നിരയിലില്ലെങ്കിലും രഹസ്യ പിന്തുണ അറിയിച്ചുവെന്നാണ് വിവരം. പരിസര പ്രദേശങ്ങളിലേക്കുള്ള ബസ്സുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റണമെന്ന് നേരത്തെ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് മൂന്ന് ഗ്രാമപ്പഞ്ചായത്തുകളും സമരം ഏറ്റെടുത്തത്. ഈ പ്രശ്‌നം പെട്ടെന്ന് പരിഹരിച്ചിരുന്നെങ്കില്‍ ബസ്സുടമകള്‍ കോടതി വിധി സമ്പാദിക്കാന്‍ സാധ്യത കുറവായിരുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. പരിഷ്‌കാരം നടപ്പാക്കുന്നതിനപ്പുറം ബാക്കിയുള്ള ഒരു കാര്യവും നഗരസഭ ശ്രദ്ധിക്കാത്തതും യാത്രക്കാരുടെ എതിര്‍പ്പ് കൂടുതലാക്കിയിരുന്നു. പഴയ ബസ്സ്റ്റാന്റ് തെരുവുകച്ചവടക്കാര്‍ കൈയടക്കിയത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ പ്രയാസമുണ്ടാക്കിയത് ശ്രദ്ധിച്ചില്ല. നിലമ്പൂര്‍-പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ കോളജിലെത്താന്‍ കാര്യമായ പ്രയാസം നേരിട്ടിരുന്നില്ല. എന്നാല്‍, കൂട്ടിലങ്ങാടി, ആനക്കയം, മങ്കട പ്രദേശങ്ങളിലുള്ളവര്‍ക്ക് കച്ചേരിപ്പടിയില്‍ നിന്നു ഓട്ടോകളെ ആശ്രയിക്കേണ്ടിവന്നത് അധികൃതര്‍ കാണാതെ പോവുകയും ചെയ്തു. ഇവരുടെ എതിര്‍പ്പ് വന്നതോടെയാണ് നഗരസഭ കണ്ണുതുറന്നത്. അപ്പോഴേക്കും തീരുമാനം എടുക്കാന്‍ വൈകുകയും ചെയ്തു. ടൗണിലെ നാലു റോഡിലെയും നടപ്പാതകള്‍ പുനര്‍നിര്‍മിച്ച് വഴിയാത്രക്കാര്‍ക്കും റോഡ് വാഹനങ്ങള്‍ക്കും സൗകര്യപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ പ്രശ്‌നം പരിഹരിക്കാതെ വര്‍ഷങ്ങളോളം നീറിപ്പുകയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിലെ മുന്‍ ജീവനക്കാരന്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക