|    Jan 25 Wed, 2017 6:50 am
FLASH NEWS

മഞ്ചേരിക്ക് പ്രതികാരം മണ്ണാര്‍ക്കാട്ട്: എ പി വിഭാഗത്തെ ‘പച്ചയ്ക്കുതിന്ന് ‘ ലീഗ് അണികള്‍

Published : 20th May 2016 | Posted By: SMR

റസാഖ് മഞ്ചേരി

മലപ്പുറം: പണ്ട് മഞ്ചേരിയില്‍ തോറ്റതിന്റെ കണക്ക് മണ്ണാര്‍ക്കാട്ട് തീര്‍ത്തതിന്റെ ആഘോഷമാണ് ഇന്നലെ മലപ്പുറത്തെ മുസ്‌ലിംലീഗ് വിജയിച്ച മണ്ഡലങ്ങളില്‍ കണ്ടത്. മണ്ഡലത്തിലെ വിജയം ആഘോഷിക്കുന്നതിനെക്കാള്‍ അണികള്‍ക്ക് ആവേശം മണ്ണാര്‍ക്കാട്ടെ അഡ്വ. ശംസുദ്ദീന്റെ വിജയം ആഘോഷിക്കാനായിരുന്നു.
ഫലമറിഞ്ഞതോടെ എപി വിഭാഗം സുന്നികള്‍ക്കെതിരെയുള്ള അനൗണ്‍സ്‌മെന്റുകളും ഗാനങ്ങളുമാണ് ലീഗ് ആഹഌദ പ്രകടനങ്ങളില്‍ നിന്ന് കാര്യമായി കേട്ടത്. പിന്നെ പച്ചപുതച്ച വാഹനങ്ങളുടെ മണ്ണാര്‍ക്കാട്ടേക്കുള്ള ഒഴുക്കും. മയ്യിത്ത് കട്ടിലുകളും റീത്തുകളും പ്രദര്‍ശിപ്പിച്ചാണ് വാഹനങ്ങള്‍ കുതിച്ചത്. ശംസുദ്ദീനെതിരേ പരസ്യമായി രംഗത്തിറങ്ങിയ എപി സുന്നികളെ പച്ചക്ക് തിന്ന് ലീഗണികള്‍ വാശി തീര്‍ത്തത് മണ്ണാര്‍ക്കാട്ടെ വിജയത്തിന്റെ പേരില്‍ മാത്രമായിരുന്നില്ല. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ കെപിഎ മജീദിനെ തോല്‍പ്പിച്ച് ടി കെ ഹംസയെ വിജയിപ്പിച്ചതു മുതല്‍ കാത്തിരുന്ന അവസരമാണ് ഇന്നലെ ലീഗിന് കൈവന്നത്. 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ടി കെ ഹംസ മഞ്ചേരി ലീഗില്‍ നിന്ന് പിടിച്ചെടുത്തത്. പ്രചാരണ സമയത്ത് എപി വിഭാഗം പരസ്യമായി രംഗത്തിറങ്ങിയിരുന്നില്ലെങ്കിലും ഫലംവന്നതോടെ മുസ്‌ല്യാക്കന്‍മ്മാര്‍ ചെങ്കൊടിയേന്തി തക്ബീര്‍ വിളിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെല്ലാകൂടി കണക്കിന് കൊടുത്താണ് ഇന്നലെ ലീഗണികള്‍ ആഘോഷിച്ചത്.
ചുവന്ന കൊടുങ്കാറ്റില്‍ ആടിയുലഞ്ഞെങ്കിലും ഒടുവില്‍ കാര്യമായ പരിക്കില്ലാതെ കരയ്ക്കുപറ്റിയ ലീഗിന്റെ വിജയ പരാജയങ്ങളില്‍ സുന്നികള്‍ക്ക് കാര്യമായ റോളില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. യുഡിഎഫിന് കൈവിട്ടുപോയ താനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ എപി വിഭാഗത്തിന് കാര്യമായ സ്വാധീനം ഇല്ല. എപി അബൂബക്കര്‍ മുസ്‌ല്യാര്‍ നേരിട്ട് പ്രസ്താവന നടത്തിയിട്ടും മണ്ണാര്‍ക്കാട്ട് പ്രതിഫലിപ്പിക്കാനുമായില്ല. എപി വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് കരുതുന്ന കുറ്റിയാടിയില്‍ എല്‍ഡിഎഫ് പിറകോട്ട്‌പോവുകയും ചെയ്തു. ഇകെ വിഭാഗം സുന്നികളുടെ സ്വാധീനവും അടയാളപ്പെടുത്തപ്പെട്ടില്ല.
ഇതിന്റെ തെളിവാണ് തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളിലെ വോട്ട് ചോര്‍ച്ച. മണ്ണാര്‍ക്കാട് എപിക്കെതിരേയുള്ള ഇകെ, മുജാഹിദ്, ജമാഅത്ത് കൂട്ടുകെട്ട് വിജയിച്ചുവെന്നുവേണം കരുതാന്‍. മണ്ണാര്‍ക്കാട്ടെ ലീഗ് വിജയം മഞ്ചേരിയിലെ തോല്‍വി എപി സ്വാധീനം കൊണ്ടുമാത്രമായിരുന്നില്ലല്ലോ എന്ന ചോദ്യം കൂടി ബാക്കിയാക്കുന്നുണ്ട്. എപി വിഭാഗം അവകാശവാദം ഏറ്റെടുത്തപ്പോള്‍ യഥാര്‍ഥ വില്ലന്മാര്‍ കരക്കിരുന്ന് കളി കാണുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സംസാരം. മുജാഹിദ് പിളര്‍പ്പുമായി ബന്ധപ്പെട്ട കെ പി എ മജീദിന്റെ നിലപാടും തോല്‍വിക്ക് കാരണമായിരുന്നുവെന്ന ചര്‍ച്ച എപി പ്രഭാവത്തില്‍ മുങ്ങിപ്പോയതാണെന്നും കരുതാം.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇടഞ്ഞുനിന്ന മൂന്ന് മുജാഹിദ് വിഭാഗങ്ങളുടെ വോട്ടും ഏകോപിപ്പിക്കാന്‍ ലീഗിന് സാധിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചെറുപാര്‍ട്ടികളെയും തീവ്രവാദ പ്രസ്താനങ്ങളെയും തോല്‍പ്പിക്കണമെന്ന് ഒരു വിഭാഗം മുജാഹിദുകള്‍ പരസ്യ പ്രസ്താവനയും ഇറക്കിയിരുന്നു. മുജാഹിദുകള്‍ക്ക് സ്വാധീനമുള്ള ഏറനാട് മണ്ഡലത്തില്‍ പി കെ ബഷീറിന്റെ നില മെച്ചപ്പെട്ടതും ശ്രദ്ധേയം. മുജാഹിദ് സഹയാത്രികനായ പി വി അന്‍വറിന്റെ നിലമ്പൂരിലെ വിജയത്തിലും ഇവരുടെ സ്വാധീനം വ്യക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക