|    Aug 17 Thu, 2017 7:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശ സമ്പൂര്‍ണമായി നടപ്പാക്കണം

Published : 20th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ അതേ അര്‍ഥത്തില്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രിംകോടതി. മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസിലാണ് രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ വിധി. സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍ ജീവനക്കാരെയും വേജ്‌ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഒരു വിവേചനവും പാടില്ല. എല്ലാ പത്രസ്ഥാപനങ്ങളും വേജ്‌ബോര്‍ഡ് നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വേജ്‌ബോര്‍ഡ് നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യക്കേസ് ചുമത്താന്‍ സുപ്രിംകോടതി വിസമ്മതിച്ചു. വേജ്‌ബോര്‍ഡ് നടപ്പാക്കാത്തത് മനപ്പൂര്‍വമല്ലെന്ന ഉടമകളുടെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്.  ജീവനക്കാര്‍ക്ക് ഇതിന്റെ അടിസ്ഥാനത്തിലുള്ള ശമ്പളക്കുടിശ്ശികയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ നിയമപരമായി ബന്ധപ്പെട്ട  കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുന്ന മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി 2014 ഫെബ്രുവരിയില്‍ വിധി പറഞ്ഞിരുന്നു. വേജ് ബോര്‍ഡ് 2014 ഏപ്രില്‍ മുതല്‍ 2011 നവംബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും കുടിശ്ശിക ജീവനക്കാര്‍ക്ക് ഒരുവര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇതിനെതിരേ ചില മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍, ചില സ്ഥാപനങ്ങള്‍ ഇതു നടപ്പാക്കിയില്ല. ഇതിനെതിരേ വ്യക്തികളും വിവിധ മാധ്യമങ്ങളിലെ തൊഴിലാളി സംഘടനകളുമായി 85 കക്ഷികളാണ് കോടതിയലക്ഷ്യക്കേസുമായി സുപ്രിംകോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക