|    Apr 26 Thu, 2018 8:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മജിസ്‌ട്രേറ്റിന് പോലിസ് മര്‍ദനം; ചീഫ് ജസ്റ്റിസ് റിപോര്‍ട്ട് തേടി

Published : 8th November 2016 | Posted By: SMR

 

കാസര്‍കോട്: കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി കെ ഉണ്ണികൃഷ്ണ(45)നെ പോലിസ് മര്‍ദനമേറ്റനിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മജിസ്‌ട്രേറ്റില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍, മജിസ്‌ട്രേറ്റിനെതിരേ കര്‍ണാടക സുള്ള്യ പോലിസ്‌സ്‌റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദക്ഷിണ കന്നഡ അഡീ. എസ്പി ദേവമൂര്‍ത്തി അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം.
മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്റെ വിശദീകരണം ഇങ്ങനെ: ഞായറാഴ്ച കര്‍ണാടക സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഓട്ടോയില്‍ കയറി കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റിലെത്തി. ഇവിടെ വച്ച് ഡ്രൈവര്‍ അബൂബക്കര്‍ 75 രൂപ വാടക ആവശ്യപ്പെട്ടു. പോവുമ്പോള്‍ 50 രൂപയാണ് നല്‍കിയിരുന്നതെന്നും അധികം നല്‍കാന്‍ പറ്റില്ലെന്നും താന്‍ പറഞ്ഞതോടെ വാക് തര്‍ക്കത്തിലായി. തുടര്‍ന്ന് ഡ്രൈവര്‍ തന്നെ തല്ലി. അതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ എത്തി. താന്‍ ഇംഗ്ലീഷില്‍ പറഞ്ഞപ്പോള്‍ കന്നഡ സംസാരിക്കുന്ന പോലിസുകാരന്‍ തന്നെ അടിച്ചു. ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞെു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് എത്തി തന്നെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനലെത്തിച്ച് ലോക്കപ്പിലിടുകയും ഷൂ ഇട്ട കാല്‍കൊണ്ട് ചവിട്ടുകയും നെറ്റിയില്‍ തലകൊണ്ടിടിക്കുകയും ദേഹമാസകലം മര്‍ദിച്ചതായും മജിസ്‌ട്രേറ്റ് പറഞ്ഞു. മര്‍ദനമേറ്റ പാടുകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കാണാനുണ്ട്. ദാഹിച്ച് വലഞ്ഞ് വെള്ളം ചോദിച്ചപ്പോള്‍ പെപ്‌സി പോലുള്ള മധുരപാനീയം കൊണ്ടുവന്ന് രണ്ട് പോലിസുകാര്‍ മുഖം പിടിച്ച് വായയില്‍ ഒഴിക്കുകയായിരുന്നു. പാനീയത്തില്‍ മദ്യം ഉണ്ടായിരുന്നതിനാല്‍ താന്‍ ഛര്‍ദിച്ചു. തന്റെ മൊബൈല്‍ ഫോണും ഒരു പവന്റെ വിവാഹമോതിരവും 6,000 രൂപ വില വരുന്ന കണ്ണടയും 700 രൂപയും ഷൂവും പോലിസുകാര്‍ വാങ്ങി. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. നിര്‍ബന്ധിപ്പിച്ച് മദ്യംകുടിപ്പിച്ചത് താന്‍ മദ്യപിച്ചിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ്.
പിന്നീട് തന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ജഡ്ജിമാരുടെയും മറ്റും നമ്പറുകള്‍ കണ്ടതിനെ തുടര്‍ന്ന് സിഐയെ വിവരം അറിയിച്ചു. ഇതിനിടെ കാസര്‍കോട് ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സ്‌റ്റേഷനില്‍നിന്ന് രണ്ട് പോലിസുകാരും എത്തി.
പിന്നീട് തന്നെ സുള്ള്യയിലെ ഐബിയില്‍ പാര്‍പ്പിച്ചു. സിഐ ഒരു കുപ്പി മദ്യം കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ മദ്യപിക്കാറില്ലെന്നും തന്നെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇതിന് പോലിസ് തയ്യാറായില്ല. തുടര്‍ന്ന് കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും സുള്ള്യയിലെ ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും എത്തി. ചില രേഖകളില്‍ ഒപ്പിടാന്‍ കര്‍ണാടക ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ കൂട്ടാക്കിയില്ല. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് തന്നെ വിട്ടയച്ചത്. പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നുവെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു .
അതേസമയം  ഇംഗ്ലീഷില്‍ സംസാരിച്ച മജിസ്‌ട്രേറ്റിനോട്  മലയാളമോ കന്നഡയോ സംസാരിക്കാന്‍ ആവശ്യപ്പെട്ട ഡ്രൈവറെ മജിസ്‌ട്രേ്റ്റ് മര്‍ദിക്കുകയും ഡ്രൈവര്‍ ഓട്ടോറിക്ഷ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നുമാണ് കര്‍ണാടക പോലിസിന്റെ വാദം. സ്‌റ്റേനില്‍വച്ച് വീണ്ടും ഉണ്ണികൃഷ്ണന്‍ അബുബക്കറിനെ മര്‍ദിച്ചതായും ഇതു തടയാന്‍ശ്രമിച്ച പോലിസുകാരനെയും ദോഹോപദ്രവം ഏല്‍പ്പിച്ചതായും സുള്ള്യപോലിസ് പറഞ്ഞു. സുള്ള്യ പോലിസ്  ഉണ്ണികൃഷ്ണനെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss