|    Apr 29 Sat, 2017 4:49 pm
FLASH NEWS

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: അന്വേഷണം തുടങ്ങി

Published : 11th November 2016 | Posted By: SMR

കാസര്‍കോട്: ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലിസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെയാണ് മജിസ്‌ട്രേറ്റിനെ കോടതി പരിസരത്തെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് ചീഫിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലിസ് സുള്ള്യ പോലിസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിന് മര്‍ദനമേല്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ഞായറാഴ്ച സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിനാണെന്ന് പറഞ്ഞാണ് മറ്റു രണ്ടു അഭിഭാഷകര്‍ക്കൊപ്പം മജിസ്‌ട്രേറ്റ് പോയതെന്നാണ് വിവരം. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് അഭിഭാഷകരാണ് ഇദ്ദേഹത്തിന്റെ കൂട്ടത്തിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരുടെ കാറിലാണ് മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് പോയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മര്‍ദനമേല്‍ക്കുന്ന സമയത്ത് ഈ രണ്ടുപേരും സ്ഥലത്തില്ലായിരുന്നു. അതുകൊണ്ടാണ് മജിസ്്‌ട്രേറ്റ് ഓട്ടോ റിക്ഷയില്‍ കയറി ബസ് സ്റ്റാന്റിലേക്ക് വന്നത്. വാടകയെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറും മജിസ്‌ട്രേറ്റും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബസ് സ്റ്റാന്റ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് സ്ഥലത്തെത്തി. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുള്ള്യ പോലിസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്‌റ്റേഷനില്‍ വച്ച് തന്നെ മൃഗീയമായി പോലിസ് മര്‍ദിച്ചിരുന്നതായി മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്ന് കാസര്‍കോട് പോലിസിന് ഇന്റിമേഷന്‍ ലഭിച്ചിട്ടും കേസെടുത്തിരുന്നില്ല. ഇതിനിടയില്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും ബുധനാഴ്ച രാവിലെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സി ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി പി എ ഫൈസല്‍ സംസാരിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. എം സി കുമാരന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അഡ്വ. എന്‍ പി രവീന്ദ്രന്‍, അഡ്വ. വി മോഹനന്‍, അഡ്വ. എം രഞ്ജിത്, അഡ്വ. വി സുരേഷ് ബാബു, അഡ്വ. കെ ജി ബീന സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day