|    Jul 24 Mon, 2017 4:13 am
FLASH NEWS

മങ്കിടി ടയര്‍ റീസൈക്ലിങ് കമ്പനി : തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനെതിരേ പഞ്ചായത്ത് ഹൈക്കോടതിയില്‍

Published : 20th March 2017 | Posted By: fsq

 

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ മങ്കിടിയില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ റീസൈക്ലിങ് കമ്പനിക്കെതിരേ ഹൈക്കോടതിയില്‍ കേസ്. ഏതാനും മാസം മുന്‍പ് പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച മങ്കിടിയിലെ ടയര്‍ റീ സൈക്ലിങ്് കമ്പനി വീണ്ടും  പ്രവര്‍ത്തനം തുടങ്ങിയതിനെതുടര്‍ന്നാണ് പഞ്ചായത്ത് കമ്പനിക്കെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പഞ്ചായത്ത് നല്‍കിയ സ്‌റ്റോപ് മെമ്മോക്കെതിരേ ഹൈക്കോടതിയതില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയാണ് ടയര്‍ പൊടിയന്‍ കമ്പനി അധികൃതര്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. മങ്കിടിയിലെ ടയര്‍ പൊടിയന്‍ കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയ ആക്ഷന്‍ കൗണ്‍സിലും കേസില്‍  കക്ഷി ചേരാനുള്ള നീക്കത്തിലാണ്. 2012 ല്‍ പ്രവര്‍ത്തനം തുടങ്ങിയ  മങ്കിടിയിലെ ജോയ് പീറ്റേഴ്‌സ് ടയര്‍ റീസൈക്ലിങ് കമ്പനി പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നതായി നാട്ടുകാര്‍ക്കിടയില്‍ തുടക്കം മുതല്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. റീക്ലൈഡ് റബര്‍, നൈലോണ്‍ ഫോം, കോട്ടന്‍ വേസ്റ്റ്,റബര്‍ പൗഡര്‍, സ്റ്റീല്‍ വെയര്‍ എന്നിവയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. വാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയര്‍ പൊടിച്ചെടുത്താണ് ഇവ നിര്‍മിക്കുന്നത്. ടയര്‍ പൊടിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രാസപദാര്‍ഥങ്ങള്‍ പ്രദേശവാസികള്‍ക്ക് ചൊറിച്ചില്‍, ചുമ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായിട്ടാണ് പരാതിയുള്ളത്. ജര്‍മന്‍ ടെക്‌നോളജിയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം ഇല്ലെന്നും ഇവര്‍ വാദിക്കുന്നു. അതേസമയം റബര്‍ പൊടിക്കുമ്പോള്‍ തന്മാത്രകള്‍ ഓക്‌സിഡേഷന്‍ എന്ന പ്രതിഭാസത്തിലൂടെ അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡൈഓക്‌സൈഡ് ഉല്‍പാദിപ്പിക്കുമെന്നും ഗുരുതര മലിനീകരണത്തിന് ഇത് കാരണമാകുമെന്നും കമ്പനിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. കമ്പനി ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍  രൂപീകരിച്ച് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് കമ്പനിക്ക് ലൈസന്‍സ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് കമ്പനി അധികൃതര്‍ കോടതിയെ സമീപിച്ച് അനുവാദം നേടിയാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. സമര്‍ത്ഥരായ വക്കീലിനെവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കമ്പനിക്ക് സമീപം എല്‍പി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, മസ്ജിദ്, കപ്പേള, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് കമ്പനിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ കമ്പനി ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റാന്‍ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക