|    May 26 Fri, 2017 11:10 am
FLASH NEWS

മങ്കട ചേരിയം മലയിലെ ആദിവാസികള്‍ക്ക് വീട് കൈമാറി

Published : 3rd June 2016 | Posted By: SMR

മങ്കട: ചേരിയം മലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം ടി എ അഹമ്മദ് കബീര്‍ എംഎല്‍എ നിര്‍വഹിച്ചു. വീടുകളിലേക്ക് ഇ അഹമ്മദ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച റോഡും സമര്‍പ്പിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പട്ടികജാതി, പട്ടിക വര്‍ഗ മന്ത്രി പി കെ ജയലക്ഷ്മിയാണ് ആറ് വീടുകള്‍ക്കുള്ള തറക്കല്ലിട്ടത്. വീടുകള്‍ കൈമാറിയതോടെ നൂറ്റാണ്ടുകാലമായി ചേരിയം മലയിലെ കള്ളിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങള്‍ ഇനി പുതുജീവിതത്തിലേക്ക് കടക്കും.
ചേരിയം മലയിലെ കുമാരഗിരി ഗ്രൂപ്പ് എസ്റ്റേറ്റ് ഉടമകളുമായി മുന്‍ മങ്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി അബ്ദുല്‍ കരീം, പി ടി അബ്ദുര്‍റഹ്മാന്‍, കളത്തില്‍ മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി തവണ നടത്തിയ ചര്‍ച്ചകളിലൂടെയാണ് ആറ് കുടുംബങ്ങള്‍ക്കായി വീട് വയ്ക്കാന്‍ 30 സെന്റ് സ്ഥലം സൗജന്യമായി വിട്ടുകിട്ടിയത്. എന്നാല്‍, ഈ ഭൂമി ഗ്രാമപ്പഞ്ചായത്തിന് കൈമാറുന്നതിന് സ്വകാര്യ കമ്പനി മടിച്ചു. ഭൂമി കേരള ഗവര്‍ണറുടെ പേരില്‍ കൈമാറാനുള്ള കമ്പനിയുടെ തീരുമാനം ഇവര്‍ക്ക് വീടു വച്ചുനല്‍കാനുള്ള പദ്ധതിവൈകുന്നതിന് കാരണമായി. ഏറെക്കാലം സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.
ഒടുവില്‍ ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പ്രത്യേക അനുമതിയിലൂടെ ഇവിടെ വീട് വയ്ക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കാനായത്. അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് സംസ്ഥാന പട്ടിക വര്‍ഗ്ഗ വകുപ്പ് മുഖേന 21ലക്ഷം രൂപയാണ് ആറ് വീടുകളുടെ നിര്‍മാണത്തിനായി അനുവദിച്ചത്. ഇവയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് ഇത്രയും നാള്‍ വീടുകള്‍ കൈമാറാന്‍ സാധിക്കാതിരുന്നത്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആദിവാസികളെ പുതിയ വീടുകളിലേക്ക് താമസം മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സഈദ, പഞ്ചായത്ത് പ്രസിഡന്റ് രമണി, വാര്‍ഡംഗം പി കെ നൗഷാദ്,കളത്തില്‍ സുബൈദ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എ കരീം, കളത്തില്‍ മുഹമ്മദലി, പി ടി അബ്ദുര്‍റഹ്മാന്‍, കെ സിദ്ധീഖ് പങ്കെടുത്തു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day