|    Oct 17 Wed, 2018 8:21 am
FLASH NEWS

മങ്കട എഇഒ ഓഫിസ് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published : 24th September 2017 | Posted By: fsq

 

മങ്കട: മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ 14 വര്‍ഷമായി മങ്കട ഗവ.എല്‍.പി സ്‌കൂളിലെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മങ്കട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ താല്‍പര്യപ്രകാരം മങ്കട മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റി ഇവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 201415ല്‍ 40 ലക്ഷം രൂപ അനുവദിച്ചിരുന്നതാണ്. ഇതിന് തറക്കല്ലിടല്‍ ഉള്‍പ്പെടെ നടന്ന് കഴിയുകയും ചെയ്തിരുന്നു. ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മ്മാണം തുടങ്ങാനിരിക്കെയാണ് മങ്കട പഞ്ചായത്ത് ഭരണസമിതി എല്‍പി സ്‌കൂളില്‍ കെട്ടിട നിര്‍മ്മാണം നടത്താന്‍ പാടില്ലെന്ന്പറഞ്ഞ്് രംഗത്തെത്തിയത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനുള്ള അനുമതി ഗ്രാമപഞ്ചായത്ത് നിഷേധിച്ചു.  ഇതോടെ ഫണ്ട് വിനിയോഗിക്കാനാകാത്ത അവസ്ഥവന്നു. എന്നാല്‍ ആവശ്യമായ സ്ഥലം അനുവദിക്കാമെന്ന് ഗ്രാമപഞ്ചായത്ത് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പിന്നീട് സര്‍ക്കാര്‍ ഉത്തരവ് സമ്പാദിച്ച് എഇഒ ഓഫീസ് മങ്കട മാര്‍ക്കറ്റ് കെട്ടിടത്തിലെ രണ്ട് പീടിക മുറികളിലേക്ക് മാറ്റി.   ഇവിടെ സൗകര്യങ്ങളുടെ കുറവ് അധ്യാപകര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എഇഒ.ഓഫീസിനുള്ള സ്വന്തം കെട്ടിടം രാമപുരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുമതി അറിയിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്തിലെ പഴയ കെട്ടിടം പൊളിച്ച് നീക്കി ആധുനിക സൗകര്യത്തോടെ എഇഒ ഓഫീസ് രാമപുരത്തെ മങ്കട ബ്ലോക്ക് ഓഫീസിലേക്ക് മാറ്റി സ്ഥാപിക്കാന്‍ എംഎല്‍എ സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കും ധനകാര്യ വകുപ്പിനും വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. മങ്കട ബ്ലോക്കിലെ 50 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയാണ് എഇഒ ഓഫീസ് നിര്‍മ്മിക്കുക.  ആസ്തി ഫണ്ടിലെ 40 ലക്ഷം രൂപയില്‍ നിജപ്പെടുത്തിയ എസ്റ്റിമേറ്റില്‍ യാതൊരു മാറ്റവും വരുത്തരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. ആധുനിക സംവിധാനങ്ങളോട് കൂടി എഇഒ ഓഫീസ്, ബിആര്‍സി, അധ്യാപക കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയോട് കൂടിയാണ് ഓഫീസ് കെട്ടിടം നിര്‍മിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss