|    Dec 15 Fri, 2017 6:24 am
FLASH NEWS

മങ്കടയുടെ മാണിക്യം സലീമാക്ക കര്‍മനിരതനാണ്‌

Published : 3rd December 2017 | Posted By: kasim kzm

പെരിന്തല്‍മണ്ണ: മങ്കട മണ്ഡലത്തിലെ പഞ്ചായത്തുകളായ മങ്കട, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളില്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന ഭിന്നശേഷി ജീവനക്കാരനായ പെരിന്തല്‍മണ്ണ ജൂബിലി റോഡ് സ്വദേശി സലീം ആലിക്കല്‍ ഇന്നും കര്‍മ്മനിരതനാണ്.
പതിമൂന്ന് വര്‍ഷമായി മങ്കട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ജോലി ചെയ്തുവരുന്നു. ഇടക്കാലത്ത് ഒരു വര്‍ഷം മഞ്ചേരി മണ്ഡലത്തിലെ കിഴാറ്റൂര്‍ പഞ്ചായത്തില്‍ ജോലി ചെയ്തിരുന്നെങ്കിലും വീണ്ടും മൂര്‍ക്കനാട് പഞ്ചായത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. ഈ പഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്ന ഓരോ ആളുകളും അന്വേഷിക്കുന്നത് തൊപ്പിക്കാരന്‍ സലീം അവിടെ ഉണ്ടോ എന്നാണ്.
പല ഒഴിവുകഴിവുകള്‍ പറഞ്ഞ് പഞ്ചായത്തില്‍ നിന്നും സേവനം ലഭ്യമാകാതെ പോകുമ്പോള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട സേവനമാണെങ്കില്‍ സലീം എങ്ങനെയെങ്കിലും നിര്‍വ്വഹിച്ചുനല്‍കുമെന്ന് അവര്‍ക്ക് ഉറപ്പാണ്. ഫീല്‍ഡ് വര്‍ക്കുകളില്‍ നിന്നും മിക്കവാറും ഭിന്നശേഷിക്കാര്‍ മാറിനില്‍ക്കുമ്പോള്‍ സലീം എല്ലാ ഫീല്‍ഡ് വര്‍ക്കും ഏറ്റെടുത്തുകൊണ്ട് മാതൃക കാണിക്കുന്നു.
കെട്ടിടനികുതി ചുമത്തുന്ന സംബന്ധമായ എല്ലാ ജോലികളും മിക്കവാറും സലീമാണ് ഏറ്റെടുക്കാറുള്ളത്. കാരണം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും യാതൊരുവിധ പരാതിയുമില്ലാത്ത വിധം സലീം ഇക്കാര്യം നന്നായി കൈകാര്യ ചെയ്യുന്നു. കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് പല ഉദ്യോഗസ്ഥരിലും അഴിമതി കഥകള്‍ ഉള്ളതിനാല്‍ പല സെക്രട്ടറിമാരും എല്ലാ വാര്‍ഡിന്റെയും നമ്പറിങ്ങിന്റെ ചുമതല സലീമിനാണ് നല്‍കുന്നത്.
പഞ്ചായത്തുകളിലേക്ക് ലഭിക്കേണ്ട നികുതി പണവും പിരിച്ചെടുക്കുന്നതിന് സലീം മുന്‍പന്തിയിലാണ്. താന്‍ ജോലി ചെയ്യുന്ന പഞ്ചയാത്തില്‍ മാത്രമല്ല, സമീപ പ്രദേശത്തെ മുഴുവന്‍ പഞ്ചായത്തുകളിലും കെട്ടിട നികുതി സംബന്ധിച്ച അറിയിപ്പ് ജില്ലയിലെ അറിയപ്പെടുന്ന ഒരു അനൗണ്‍സര്‍ എന്ന നിലക്ക് ശബ്ദം നല്‍കുന്നത് ഇദ്ദേഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക