|    Jan 24 Tue, 2017 12:48 pm
FLASH NEWS

മങ്കടയില്‍ രണ്ട് പട്ടികജാതി കുടിവെള്ള പദ്ധതികള്‍ നിലച്ചു

Published : 5th October 2016 | Posted By: Abbasali tf

മങ്കട: പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികളോട് മങ്കട ഗ്രാമപ്പഞ്ചായത്തിന് ഇരട്ടനയം. ഇത് വഴി പല കുടിവെള്ള പദ്ധതികളും താളം തെറ്റുന്നു. മങ്കട ഞാറക്കാട്, കര്‍ക്കിടകം മണ്ണാര്‍കുണ്ടില്‍ കോളനികളിലെ കുടിവെള്ളമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. കോളനിവാസികളും, നാട്ടുകാരും ഏത് വിധത്തില്‍ പ്രതിഷേധിച്ചാലും, യാതൊരു നടപടിയും കൈക്കൊള്ളാനാവില്ലന്ന നിലാപാടിലുറച്ച് നില്‍ക്കുകയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍.  ഒരു മാസമായി ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടികജാതി കോളനിക്കാരുടെ കുടിവെള്ളമാണ് മുടങ്ങികിടക്കുന്നത്. മങ്കട പഞ്ചായത്തിലെ നൂറ് കണക്കിന് പട്ടികജാതി കുടുംബങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ നയങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നത്. കോളനികളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മങ്കട ഞാറക്കാട് കോളനി, കൂട്ടില്‍ ആലുംകുന്ന് കോളനി എന്നീ രണ്ട് കോളനികളിലെ കുടിവെള്ള പദ്ധതിക്ക് കഴിഞ്ഞ യുഡിഎഫ് ഭരണസമതിയുടെ കാലത്ത് വൈദ്യുതിബില്‍ ഓപ്പറേറ്റര്‍ക്കുള്ള കൂലി, മെയിന്റനന്‍സ് ചാര്‍ജ് എന്നിവ പഞ്ചായത്തില്‍ നിന്നും നല്‍കി വന്നിരുന്നു. എന്നാല്‍ ഞാറക്കാട് കോളനി പദ്ധതിക്കായി ഏകദേശം 5000 രൂപ വൈദ്യുതി ചാര്‍ജും, 900 രൂപ കൂലിയും, കൂടാതെ മാസത്തില്‍ വരുന്ന ഭാരിച്ച അറ്റകുറ്റപ്പണ ചാര്‍ജും ഇനി മുതല്‍ ഗുണഭോക്താക്കള്‍ വഹിക്കണമെന്നാണ് ഇപ്പോള്‍ ഇടത് മുന്നണി ഭരിക്കുന്ന മങ്കട ഗ്രാമപ്പഞ്ചായത്തിന്റെ നിലപാട്. ഇതിനായി ഓരോ കുടുംബവും മുന്നൂറ് രൂപയോളം നല്‍കേണ്ടി വരും. എന്നാല്‍ കൂട്ടില്‍ ആലുംകുന്ന് കുടിവെള്ള പദ്ധതിയുടെ ചെലവ് ഇപ്പോഴും പഞ്ചായത്ത് തന്നെയാണ് വഹിക്കുന്നതും. പഞ്ചായത്തിന്റെ ഈ ഇരട്ട നിലപാട് ഇതിനകം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കര്‍ക്കിടകം മണ്ണാര്‍കുണ്ടില്‍ കോളനിയില്‍ ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇടത് മുന്നണി അധികാരത്തിലെത്തിയതോടെ നിലവിലെ ഗുണഭോക്തൃ സമിതി പിരിച്ച് വിട്ട് സിപിഎം തങ്ങള്‍ക്കനുകൂലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. കമ്മിറ്റി കൃത്യമായി മാസ വരിസംഖ്യ പിരിച്ചെടുക്കാറുണ്ടെങ്കിലും പണമടക്കാത്തതിന്റെ പേരില്‍ ഇലക്ട്രിസിറ്റി വകുപ്പ് കണക്ഷന്‍ വിഛേദിക്കുകയായിരുന്നു. മാസങ്ങളായി ഇവിടെയും കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓഡിറ്റ് ഓബ്ജക്ഷന്റെ പേര് പറഞ്ഞാണ് കുടിവെള്ളം മുടക്കുന്നതെന്നാണ് കോളനിക്കാരുടെ പരാതി. എന്നാല്‍ പഞ്ചായത്തിലെ തന്നെ കൂട്ടില്‍ ആലും കുന്ന് ദലിത് കോളനി പദ്ധതിയിലെ എല്ലാ ചിലവുകളും പഞ്ചായത്ത് വഹിച്ചുവരുന്നുണ്ടെന്നും ഒരേ പഞ്ചായത്തില്‍ രണ്ട് നയങ്ങള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും കോളനിക്കാര്‍ ആരോപിച്ചു. കൂടാതെ 2009-ല്‍  ഇത് പോലെ കുടിവെള്ള പദ്ധതി സംബന്ധിച്ച് ഓഡിറ്റ് ഓബ്ജക്ഷന്‍ വന്നിരുന്നെങ്കിലും അതെല്ലാം മറികടന്ന് കഴിഞ്ഞ പഞ്ചായത്ത്  പ്രസിഡന്റ് ടി അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള  ഭരണസമിതി ആവശ്യമായ തുക പദ്ധതിക്ക് അനുവദിച്ചിരുന്നതായും കോളനിവാസികള്‍ പറഞ്ഞു. മുടങ്ങിയ രണ്ട് കുടിവെള്ള പദ്ധതിയിലും പൈപ്പ് ലൈനിലും മോട്ടോറിനും തകരാറ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആശങ്കപെടുന്നു. കഴിഞ്ഞ ദിവസം കോളനിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും പുതിയ കമ്മറ്റി രൂപവല്‍ക്കരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മുഴുവന്‍ ചിലവും വഹിക്കുന്നതിനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്നും ആയതിനാല്‍ കലക്ടര്‍, മന്ത്രി എന്നിവര്‍ക്കും പട്ടിക ജാതി കമ്മീഷനും ഇത് സംബന്ധിച്ച് പരാതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും കോളനിവാസികള്‍ പറഞ്ഞു. എന്നാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ മൂലമാണ് ഞാറക്കാട് കുടിവെള്ള പദ്ധതിക്കുള്ള തുക നല്‍കാന്‍ സാധിക്കാത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം കെ രമണിയും, വൈസ് പ്രസിഡന്റ് പി കെ അബ്ബാസലിയും അറിയിച്ചു. കൂട്ടില്‍ ആലുംകുന്ന് കോളിനി കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇപ്പോഴും പഞ്ചായത്തിനാണെന്നും, അത് അടുത്ത് തന്നെ പഞ്ചായത്ത് നിര്‍ത്തലാക്കി സമിതിയെ ഏല്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക