|    Dec 11 Tue, 2018 1:30 am
FLASH NEWS
Home   >  National   >  

മക്കാ മസ്ജിദ് സ്‌ഫോടനം: മലക്കം മറിഞ്ഞ് അസദുദ്ദീന്‍ ഉവൈസി

Published : 23rd April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അസദുദ്ദീന്‍ ഉവൈസി നിലപാട് മാറ്റുന്നു. സ്‌ഫോടനം നടന്ന സമയത്ത് സംഭവത്തിന്റെ ഉത്തരവാദിത്തം ചില പ്രത്യേക മുസ്‌ലിം സംഘടനകളുടെ തലയില്‍ വച്ചുകെട്ടിയ അസദുദ്ദീന്‍ ഉവൈസിയാണ് നിലപാട് മാറ്റി രംഗത്തെത്തിയത്.
മക്കാ മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ഹറക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി എന്ന സംഘടനയുടെ ഇന്ത്യന്‍ തലവന്‍ മുഹമ്മദ് ശാഹിദ് ബിലാലാണെന്നായിരുന്നു സംഭവം നടന്ന ഉടനെ ഉവൈസി ആരോപിച്ചിരുന്നത്. എന്നാല്‍, മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ ആര്‍എസ്എസുകാരനായ അസീമാനന്ദ സ്വാമിയടക്കമുള്ള പ്രതികളെ എന്‍ഐഎ പ്രത്യേക കോടതി തെളിവില്ലെന്നു പറഞ്ഞ് വിട്ടയച്ചതിനു പിന്നാലെ, മക്കാ മസ്ജിദ് സ്‌ഫോടനത്തില്‍ മരണപ്പെട്ട ഇരകളുടെ കുടുംബത്തിന് പിന്തുണയുമായാണ് അഭിഭാഷകന്‍ കൂടിയായ ഉവൈസി ഇപ്പോള്‍ പുതിയ റോളില്‍ രംഗത്തെത്തിയിരിക്കുന്നത്.

അസീമാനന്ദയെയും സംഘത്തെയും വെറുതെ വിട്ട കോടതിവിധിക്കെതിരേ അപ്പീല്‍ പോവാന്‍ തയ്യാറുള്ള ഇരകളുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാഗ്ദാനം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കൂട്ടിലടച്ച തത്തയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍, എന്‍ഐഎ അന്ധനും ബധിരനുമാണെന്നും താന്‍ പറയുമെന്നായിരുന്നു വാ ര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പ്രതികരിച്ചത്.
രാജ്യത്ത് ഏറ്റവും നല്ല സാമൂഹിക-സാമ്പത്തിക നിലയി ല്‍ മുസ്‌ലിംകള്‍ ആസ്വദിച്ച് വസിക്കുന്ന ഹൈദരാബാദില്‍ തീവ്രവാദത്തിനു സ്ഥാനമില്ലെന്നും മുഹമ്മദ് ശാഹിദ് ബിലാലിനെ പോലുള്ള ചില ദുര്‍ഗുണരായ യുവാക്കളാണ് ഇതിനു പിന്നിലെന്നുമായിരുന്നു സ്‌ഫോടനം നടന്നതിനു പിന്നാലെ അസദുദ്ദീന്‍ ഉവൈസി ആരോപിച്ചിരുന്നത്. ബിലാലും കുടുംബവുമാണ് ഇവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. വിശാഖപട്ടണം ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ സാഹിദ്, ബിലാലിനേക്കാള്‍ അപകടകാരിയാണെന്നും ബിലാലാണ് മക്കാ മസ്ജിദിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നിലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നുമായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ ആരോപണം. എന്നാല്‍, തന്റെ പഴയ ആരോപണങ്ങളെ കുറിച്ച് മൗനം പാലിക്കുന്ന ഉവൈസി, ഇപ്പോള്‍ മക്കാ മസ്ജിദ് സ്‌ഫോടനത്തിലെ ഇരകള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്താണ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.
2007 മെയ് മാസം നടന്ന മക്കാ മസ്ജിദ് സ്‌ഫോടനത്തെ തുടര്‍ന്ന് നൂറുകണക്കിന് മുസ്‌ലിം യുവാക്കളാണ് വര്‍ഷങ്ങളോളം ജയിലിലായത്. അന്ന് സിറ്റി പോലിസ് കമ്മീഷണറായിരുന്ന ബല്‍വീന്ദര്‍ സിങ് കേസ് അന്വഷിക്കുന്നതിനായി സിറ്റി ജോയിന്റ് കമ്മീഷണറായിരുന്ന എച്ച് കെ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഘം നൂറുകണക്കിന് മുസ്‌ലിം യുവാക്കള്‍ക്കെതിരേ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട്, സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് തെളിഞ്ഞതിനു ശേഷമാണ് വര്‍ഷങ്ങളുടെ ജയില്‍വാസത്തിനു ശേഷം ഈ യുവാക്കളെ ജയില്‍മോചിതരാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss